അവസാനം ഗൂഗിളിന് ശരിക്കും ഒരു എതിരാളി? ഓപ്പണ്‍എഐ സേര്‍ച് ഉടന്‍
Mail This Article
കാൽ നൂറ്റാണ്ടായി എതിരാളികളില്ലാതെ വൻമതിലായി നിലനിൽക്കുകയാണ് ഗൂഗിൾ. തെരച്ചിലിനു പര്യായപദമായി മാറിയ ഗൂഗിളിന് ഒത്തൊരു എതിരാളി വരുന്നതായി ടെക് വിദഗ്ദർ പറയുന്നു. നിര്‍മിത ബുദ്ധി (എഐ) സേര്‍ച്ച് സംവിധാനമായ ചാറ്റ് ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ മെയ് 13ന് പുതിയ ഇന്റര്‍നെറ്റ് സേര്‍ച് എൻജിൻ അവതരിപ്പിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ്.ഗൂഗിളിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമോ പുതിയ സംവിധാനം എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം.
എഐ സേര്‍ച്ചിന്റെ കാര്യത്തില്‍ ഗൂഗിളിനെ പിന്നില്‍ നിറുത്തി കുതിക്കുകയാണ് ഓപ്പണ്‍എഐ. കമ്പനി ഇന്റര്‍നെറ്റ് സേര്‍ച് എൻജിൻ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, തങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്ന സേര്‍ച്ച് സംവിധാനത്തിന് വേണ്ട പ്രഭാവം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഓപ്പണ്‍എഐക്ക് ക്ഷീണമായിരിക്കുമോ സമ്മാനിക്കുക എന്ന കാര്യത്തിലും തര്‍ക്കമുണ്ട്.
ബ്ലൂംബര്‍ഗിന്റെയും ദി ഇന്‍ഫര്‍മേഷന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിനും, മികച്ച എഐ സേര്‍ച്ച് സംവിധാനമായ പെര്‍പ്ലെക്‌സിറ്റി എഐക്കും വെല്ലുവിളി ഉയര്‍ത്തുക എന്നതായിരിക്കും ഓപ്പണ്‍എഐയുടെ ഇന്റര്‍നെറ്റ് സേര്‍ച്ച് എന്നാണ് പറയുന്നത്. ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ഓപ്പണ്‍എഐ വിസമ്മതിച്ചു എന്നും റോയിട്ടേഴ്‌സ്. അതേസമയം, ഗൂഗിളിന്റെ വാര്‍ഷിക സമ്മേളനമായി ഐഓ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ, പുതിയ സേര്‍ച്ച് തിങ്കളാഴ്ച തന്നെ അവതരിപ്പിച്ചേക്കുമെന്നൊരു ശ്രുതിപടര്‍ന്നു കഴിഞ്ഞു.
ചാറ്റ്ജിപിറ്റിയുടെ വിപുലീകരണം
ഇന്റര്‍നെറ്റില്‍ നിന്ന് ഞൊടിയിടയില്‍ വിവരം ശേഖരിച്ചെത്താനുള്ള അഭൂതപൂര്‍വ്വമായ കഴിവ് പ്രദര്‍ശിപ്പിച്ചാണ് ചാറ്റ്ജിപിറ്റി ശ്രദ്ധ നേടിയത്. ഇനി ആരംഭിച്ചേക്കുമെന്നു കരുതുന്ന പുതിയ സേര്‍ച്ച് ഈ ശേഷിയുടെ ഒരു വിപുലീകരണമായിരിക്കും. മറ്റൊരു മനുഷ്യനോട് ഇടപെട്ടാലെന്നവണ്ണം പ്രതികരണങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ള ചാറ്റ്ജിപിറ്റി ഗൂഗിള്‍ ജെമിനിയേക്കാള്‍ പല മടങ്ങി മുന്നിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഓപ്പണ്‍എഐ നേരിടുന്ന വെല്ലുവിളി
ഓണ്‍ലൈനിലുള്ള പലതരം വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്നതില്‍ ചാറ്റ്ജിപിറ്റി മികവു കാട്ടിയിട്ടുണ്ടെങ്കിലും, തത്സമയ വിവരങ്ങള്‍ കൃത്യതയോടെ നല്‍കുന്ന കാര്യത്തില്‍ അത്ര കഴിവില്ലെന്നും അഭിപ്രായമുണ്ട്. മൈക്രോസോഫ്റ്റിന്റെ ബിങ് സേര്‍ച്ചില്‍ സേർച്ച് സംവിധാനം ഉള്‍പ്പെടുത്തി ഓപ്പണ്‍എഐ പരീക്ഷിച്ചിരുന്നു എങ്കിലും വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ലെന്നതു തന്നെ ഇതിന് തെളിവായി എടുത്തുകാട്ടപ്പെടുന്നു. കൂടാതെ ഗൂഗിളും എഐ ശേഷികള്‍ തങ്ങളുടെ ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
പെര്‍പ്ലെക്‌സിറ്റി
പെര്‍പ്ലെക്‌സിറ്റി.എഐ ആണ് അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയ സേര്‍ച്ച് എഞ്ചിന്‍. മുന്‍ ഓപ്പണ്‍എഐ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ അരവിന്ദ് ശ്രീനിവാസ് സ്ഥാപിച്ച കമ്പനിയാണ് പെര്‍പ്ലക്‌സിറ്റി.എഐ. ഈ വിവരങ്ങള്‍ എവിടെ നിന്നു ശേഖരിച്ചു എന്നതു കാണിക്കാന്‍ ലിങ്കുകളും, ഇമേജുകളും നല്‍കിയാണ് പെര്‍പ്ലക്‌സിറ്റി വിശ്വാസ്യത ആര്‍ജ്ജിച്ചത്. ഈ വര്‍ഷം ജനുവരിയിലെ കണക്കുപ്രകാരം പ്രതിമാസം 1 കോടി യൂസര്‍മാരാണ് പെര്‍പ്ലക്‌സിറ്റിക്കുള്ളത്. കമ്പനിക്കിപ്പോള്‍ 1 ബില്ല്യന്‍ ഡോളര്‍ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലാദ്യമായി 10 കോടി മാസ കാഴ്ചക്കാരെ ഏറ്റവും വേഗത്തില്‍ ആകര്‍ഷിക്കാന്‍ സാധിച്ച കമ്പനി എന്ന ഖ്യാതിയാണ് ചാറ്റ്ജിപിറ്റിക്ക് ഉള്ളത്. ഇടയ്ക്ക്ഈ കുതിപ്പ് താഴേക്കു പോയെങ്കിലും ആഗോള തലത്തിലുള്ള തങ്ങളുടെ ട്രാഫിക് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചാറ്റ്ജിപിറ്റി എന്ന് ഗവേഷണ കമ്പനിയായ സിമിലര്‍വെബ് പറയുന്നു. തങ്ങളാര്‍ജ്ജിച്ച പ്രാധാന്യം നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ യൂസര്‍മാരെ ആകര്‍ഷിച്ചേ പറ്റൂ എന്ന ഘട്ടത്തിലേക്ക് കമ്പനി കടന്നിരിക്കുകയാണിപ്പോള്‍ എന്നും പറയുന്നു. ചാറ്റ്ജിപിറ്റി പ്ലഗ്ഇന്‍സ്എന്ന വിവരണത്തോടെ, ചാറ്റ്ജിപിറ്റി സേര്‍ച്ചില്‍ തത്സമയ വിവരങ്ങളും നല്‍കാനുള്ള ശ്രമം പാളിയതിനാല്‍ അത് ഇക്കഴിഞ്ഞ ഏപ്രിലില്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
കാത്തിരിക്കുന്നത് കുതിപ്പോ കിതപ്പോ?
ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്ന സേര്‍ച്ച് സംരംഭം പാളിയാല്‍, ഇന്റര്‍നെറ്റില്‍ ക്ഷണികമായി തിളങ്ങിയ ഉല്‍ക്കയെ പോലെ ഓപ്പണ്‍എഐ പൊലിഞ്ഞടങ്ങുമോ? അതോ, ഗൂഗിളിനെതിരെ കരുത്തു കാട്ടി വര്‍ദ്ധിത വീര്യത്തോടെ ജൈത്രയാത്ര തുടരുമോ? അറിയാന്‍കാത്തിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍.
ഏറ്റവും കരുത്തുറ്റ ഫയര്‍ടിവി സ്റ്റിക് അവതരിപ്പിച്ച് ആമസോണ്‍
ആമസോണ്‍ പുതിയ 4കെ ഫയര്‍ടിവി സ്റ്റിക് അവതരിപ്പിച്ചു. അള്‍ട്രാഎച്ഡി, ഡോള്‍ബി വിഷന്‍, എച്ഡിആര്‍10+ തുടങ്ങി പല ഫീച്ചറുകളുമായി എത്തുന്ന പുതിയ കണ്ടെന്റ് സ്ട്രീമിങ് സ്റ്റിക്കിന് 5999 രൂപയാണ്എംആര്‍പി. കമ്പനി ഇതുവരെ അവതരിപ്പിച്ചതിലേക്കും വച്ച് ഏറ്റവും കരുത്തുറ്റ ഉപകരണമാണിത്. ആമസോണിലെത്തി എല്ലാ ഫീച്ചറുകളും പരിചയപ്പെടാം.
സര്‍കിൾ ടു സേര്‍ച്ച് കംപ്യൂട്ടറിലേക്കും
സാംസങ് ഗ്യാലക്‌സി എസ്24 ഫോണുകളില്‍ ആദ്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയ സര്‍ക്ള്‍ ടു സേര്‍ച് ഫീച്ചര്‍ കംപ്യൂട്ടറില്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നുഎന്ന് ആന്‍ഡ്രൊയിഡ് പൊലിസ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പിക്‌സല്‍ ഫോണുകളിലും ഇത് ലഭ്യമാണ്.
പുതിയ ഐപാഡുകള്‍ക്ക് ടച് കീബോഡുമായി ലോജിടെക്
ആപ്പിള്‍ പുതുതായി അവതരിപ്പിച്ച ഐപാഡ് എയര്‍, ഐപാഡ് പ്രോ ശ്രേണി ഉടമകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പുതിയ കീബോഡുമായി ലോജിടെക്. ഈ ഐപാഡുകള്‍ക്ക് ആപ്പിള്‍ ഇറക്കിയ മാജിക് കീബോഡിന് വെല്ലുവിളിഉയര്‍ത്താനായാണ് ലോജിടെക് പുതിയ അക്‌സസറി അവതരിപ്പിച്ചിരിക്കുന്നത്.ഉന്നത നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്ന് 9ടു5മാക്. ഒരു കിക് സ്റ്റാന്‍ഡ് ആയും ഉപയോഗിക്കാം. പുതിയ ഐപാഡുകള്‍ 11, 13-ഇഞ്ച് വലിപ്പത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇവയ്ക്ക് അനുയോജ്യമായ ലോജിടെക് കീബോഡുകളുടെ വില യഥാക്രമം 199.99 ഡോളറും, 259.99 ഡോളറും ആയിരിക്കും.
പുതിയ റോഗ് അലി ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിങ് കണ്‍സോള്‍ അവതരിപ്പിക്കാന്‍ എസ്യൂസ്
പ്രമുഖ തയ്‌വനീസ് ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണ കമ്പനയായ എസ്യൂസ് റോഗ് അലി (ROG Ally) സീരിസില്‍, മെയ് 10ന് പുതിയ ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിങ് കണ്‍സോള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. റോഗ് അലി (2024) എന്ന പേരില്‍ ആയിരിക്കും ഇത് വരിക. വിന്‍ഡോസ് ഓഎസില്‍ ആയിരിക്കും കണ്‍സോള്‍ പ്രവര്‍ത്തിക്കുക എന്നാണ് കേള്‍ക്കുന്നത്:
ഇപ്പോള്‍ വില്‍പ്പനയിലുള്ള റോഗ് അലിക്ക് പുറത്തിറക്കിയ സമയത്ത് എംആര്‍പി 69,990 രൂപയായിരുന്നു. വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന ഇതിപ്പോള്‍ 49,990 രൂപയ്ക്കാണ് വില്‍ക്കുന്നത്.
പുതിയ പ്ലേസ്റ്റേഷന്‍ 5 പ്രോ വരുന്നു
ഗെയിമര്‍മാര്‍ക്ക് ആവേശം പകര്‍ന്ന് പുതിയ വാര്‍ത്ത. സോണി പ്ലേസ്റ്റേഷന്‍ ഈ വര്‍ഷം അവസാനം എത്തിയേക്കും. പ്ലേസ്റ്റേഷന്‍ 5 പ്രോ എന്ന പേരില്‍ പുറത്തിറക്കാന്‍ പോകുന്ന ഉപകരണത്തിന് മുന്‍ തലമുറയെ അപേക്ഷിച്ച് 45 ശതമാനം അധിക പ്രകടനശേഷി ഉണ്ടായിരിക്കുമെന്നു ഡിജിറ്റല്‍ ഫൗണ്‍ഡ്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.