ആപ്പിൾ വിഷൻ പ്രോ കൂടുതൽ രാജ്യങ്ങളിലേക്ക്; ഇന്ത്യയിൽ വരുമോ?
Mail This Article
ആദ്യമായി യുഎസിന് പുറത്തുള്ള നിരവധി രാജ്യങ്ങളിൽ വിഷൻ പ്രോ ഹെഡ്സെറ്റ് ആപ്പിൾ അവതരിപ്പിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. 2024 ജൂണിൽ നടക്കുന്ന വേൾഡ് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിന് ശേഷം ഉടൻ തന്നെ ഈ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾക്ക് ഇത് ആദ്യം ലഭിക്കാൻ സാധ്യതയുണ്ട്.
ആപ്പിൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചില സ്റ്റോർ ജീവനക്കാരെ കാലിഫോർണിയയിലെ കുപെർട്ടിനോയിലേക്ക് കൊണ്ടുവരാൻ തുടങ്ങിയതായും വിഷൻപ്രോയുടെ ഉപഭോക്താക്കൾക്ക് മുന്നിൽ അത് എങ്ങനെ ഡെമോ ചെയ്യാമെന്നുമുള്ള പരിശീലനം ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ.
സിഇഒ ടിം കുക്ക് മുമ്പ് ചൈനയിലേക്ക് വിഷൻ പ്രോ എത്തുമെന്നു സ്ഥിരീകരിച്ചിരുന്നു.ടിം കുക്ക് അടുത്തിടെ ലെറ്റ് ലൂസ് ഇവന്റിൽ ഹെഡ്‌സെറ്റിനെക്കുറിച്ച് പരാമർശിച്ചെങ്കിലും വിൽപ്പന കണക്കുകളൊന്നും പങ്കിട്ടില്ല.
ജർമനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ചൈന എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ സ്റ്റാഫ് പരിശീലന സെഷനുകളുടെ ഭാഗമായിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ആപ്പിൾ വിഷൻ പ്രോ ലോഞ്ച് ലൊക്കേഷനുകൾ ആപ്പിൾ രഹസ്യമാക്കി വച്ചതായി തോന്നുന്നു. അതായത്, ഈ വിപണികളിലെല്ലാം ഒരുമിച്ച് ഹെഡ്‌സെറ്റ് അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ടോ എന്നും വ്യക്തമല്ല.
ഇന്ത്യയും എപ്പോഴെങ്കിലും വിഷൻ പ്രോയുടെ ലോഞ്ച് പ്ലാനുകളിൽ ഇടംപിടിക്കുമോ? ഹെഡ്‌സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. അതിവേഗം വളരുന്ന വിപണിയാണെന്ന് പറയുന്നുണ്ടെങ്കിലും വിഷൻ പ്രോ ഇന്ത്യയിൽ വന്നേക്കുമെന്ന് ഒരു റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നില്ല. 2025ന്റെ തുടക്കത്തിലെങ്കിലും ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് നിലവിൽ ആപ്പിൾ അപ്‍ഡേറ്റുകൾ പ്രവചിക്കുന്നവരുടെ വാദം.