ADVERTISEMENT

വിഡിയോയും ഫോട്ടോയും പിക്‌സല്‍ തലത്തില്‍ വിശകലനം ചെയ്ത്, അവയുടെ മേന്മ വര്‍ദ്ധിപ്പിക്കാന്‍ കെല്‍പ്പുള്ള ടിവി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നതായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ എല്‍ജി. ചിത്രങ്ങളും, വിഡിയോയും ഇത്തരത്തില് അപ്‌സ്‌കെയില്‍ ചെയ്യാനായി നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നു എന്നും കമ്പനി. ലോകത്ത് ഇന്നു വാങ്ങാവുന്ന ഏറ്റവും വലുപ്പമുള്ള എഐ ഓലെഡ് സ്മാര്‍ട്ട് ടിവി എന്ന വിവരണവും പുതിയ ടെലിവിഷന് ഉണ്ട്. എല്‍ജി ഓലെഡ്97ജി4 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഫ്‌ളാഗ്ഷിപ് മോഡലിന് സ്‌ക്രീന്‍ വലിപ്പം 97-ഇഞ്ച്. എംആര്‍പി 20,49,990 രൂപ. ഇതിനൊപ്പം മറ്റു മോഡലുകളുംഉണ്ട്. എല്‍ജി പുറത്തിറക്കുന്ന എഐയുടെ പിന്‍ബലമുള്ള ആദ്യ തലമുറ ടിവികളാണ് ഇവ.

മോണിട്ടറായും ഉപയോഗിക്കാം

പുതിയ ടിവിക്ക് റസലൂഷന്‍ 4കെയാണെങ്കില്‍, റിഫ്രെഷ് റേറ്റ് 144 ഹെട്‌സ് വരെ ലഭിക്കും. എച്ഡിഎംഐ 2.1 സപ്പോര്‍ട്ട് ഉണ്ട്. എന്‍വിഡിയ ജ-സിങ്ക്, എഎംഡി ഫ്രീസിങ്ക് സേര്‍ട്ടിഫൈഡ് ആയതിനാല്‍ അതിവിശാലമായ ഒരു ഗെയിമിങ് മോണിട്ടറായും ഈ ടിവി ഉപയോഗിക്കാം. എല്‍ജിയുടെ ട്വീറ്റ് കാണാം: 

പുതിയ ശ്രേണിയുടെ വില ആരംഭിക്കുന്നത് 62,990 രൂപ മുതല്‍

ക്യുഎന്‍ഇഡി82ടി തുടക്ക വേരിയന്റിന് വില 62,990 രൂപയാണ്. വലുപ്പം 43-ഇഞ്ച്. ഓലെഡ് സ്‌ക്രീന്‍ ഉള്ള ഏറ്റവും വില കുറഞ്ഞ മോഡലിന് വില 1,19,990 രൂപ. വലുപ്പം 42-ഇഞ്ച്. 

മിനി എല്‍ഇഡി സാങ്കേതികവിദ്യ ഉള്ള ടിവിയും ഉണ്ട്-എല്‍ജി ക്യൂനെഡ്90ടി. എംആര്‍പി 1,89,990 രൂപ. ക്വോണ്ടം ഡോട്‌സ്, നാനോസെല്‍ ടെക്‌നോളജി എന്നിവ പ്രയോജനപ്പെടുത്തിയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇവയുടെ കളര്‍ കൃത്യത 20-ബിറ്റ് ആണ്. എല്‍ജിയുടെ പ്രീമിയം ശ്രേണിയുടെ മറ്റൊരുസവിശേഷത, അവയിലെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന വെര്‍ച്വല്‍ 9.1.2 സറൗണ്ട് സൗണ്ട് ടെക്‌നോളജിയാണ്. 

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്

എല്‍ജി സ്വന്തമായി വികസിപ്പിച്ച എ11 പ്രൊസസറാണ് പ്രീമിയം മോഡലുകള്‍ക്ക് ശക്തി പകരുന്നത്. ഇവയുടെ ഓപ്പറേറ്റിങ് സിസ്റ്റം വെബ്ഓഎസ് ആണ്. തങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് വെബ്ഓഎസ്, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി വിഷന്‍ തുടങ്ങിയ സോഫ്റ്റ്‌വെയറിന് സപ്പോര്‍ട്ട് നല്‍കുമെന്നുംഎല്‍ജി അറിയിക്കുന്നു. ആപ്പിള്‍ എയര്‍ പ്ലേ, ഗൂഗിള്‍ ക്രോംകാസ്റ്റ് തുടങ്ങിയ വയര്‍ലെസ് സ്‌ക്രീന്‍ ഷെയറിങ് സാങ്കേതികവിദ്യയും ടിവികളുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാം. 

ട്വിറ്റര്‍ ഇനി എക്‌സ്.കോം

ട്വിറ്റര്‍.കോം എന്ന പേരില്‍ പല ഔദ്യോഗിക പ്രഖ്യാപനങ്ങളും നടത്താന്‍ അടക്കം ഉപയോഗിച്ചു വന്ന വന്ന സമൂഹ മാധ്യമത്തിന്റെ അഡ്രസിലും മാറ്റം വരുത്തി. പുതിയ അഡ്രസ് എക്‌സ്.കോം എന്നാണ്. ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ നടത്തിവന്ന മാറ്റങ്ങളുടെ ഭാഗമാണ് പേരും അഡ്രസും മാറ്റുക എന്നത്. മസ്‌കിന്റെ പ്രിയപ്പെട്ട അക്ഷരങ്ങളിലൊന്നാണ് എക്‌സ്. എക്‌സുമായി അദ്ദേഹത്തിനുള്ള ബന്ധം ആരംഭിക്കുന്നത് 1999ല്‍ ആണ്. ട്വിറ്റര്‍ മസ്‌ക് 2022ല്‍ ഏറ്റെടുത്തത് 44 ബില്ല്യന്‍ ഡോളര്‍ നല്‍കിയാണ്. കഴിഞ്ഞ ദിവസം മുതല്‍ ട്വിറ്റര്‍.കോംഎന്ന് ടൈപ് ചെയ്ത് തങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചവരെയൊക്കെ എക്‌സ്.കോമിലേക്ക് റീഡയറക്ട് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters
ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters

മിക്കവര്‍ക്കും തുല്ല്യാവസരം നല്‍കാന്‍ എഐക്ക് സാധിക്കുമെന്ന് പിച്ചൈ

എഐ സാങ്കേതികവിദ്യ ഒരേ സമയം ആവേശവും ആശങ്കയും പകരുന്നു എന്നാണല്ലോ പരക്കെയുള്ള വിശ്വാസം. ആല്‍ഫെറ്റ് കമ്പനിയുടെ മേധാവി സുന്ദര്‍ പിച്ചൈ എഐ തുറന്നിടാന്‍ പോകുന്ന ചില പുതിയ സാധ്യതകള്‍ ചൂണ്ടിക്കാണച്ചിരിക്കുകയാണ്. ഇപ്പോള്‍ വളരെ കുറച്ചു പേര്‍ക്കേ ഒരു പഴ്‌സണല്‍ അദ്ധ്യാപകന്റെ സേവനം നേടാന്‍ സാധിക്കൂ.

എഐ വരുന്നതോടെ വിദ്യാഭ്യാസ, വൈദ്യ മേഖലകളിലൊക്കെ ഇത്തരത്തില്‍ നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന്, ആല്‍ഫബെറ്റിന്റെ വാര്‍ഷിക ഡിവലപ്പര്‍ കോണ്‍ഫറന്‍സില്‍ അന്താരാഷ്ട്രമാധ്യമങ്ങളോട് സംസാരിച്ച പിച്ചൈ പറഞ്ഞു.  ഞാന്‍ ഇന്ത്യയിലാണ് വളര്‍ന്നത്. ഇന്റര്‍നെറ്റിനോടും, ഗൂഗിളിനോടും എനിക്ക് അടുപ്പം തോന്നാനുണ്ടായ ഒരു കാരണം ഇന്റര്‍നെറ്റിന് എല്ലാവരിലേക്കും എത്താനാകും എന്നതാണ്. കംപ്യൂട്ടിങും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമുണ്ടെങ്കില്‍ ഒരേ സാങ്കേതികവിദ്യ തന്നെയാണ് ലോകത്തുള്ള എല്ലാവിരിലേക്കുംഎത്തുക. എഐക്കും ഇതേ ഗുണം തന്നായാണ് ഉള്ളത് എന്ന് പിച്ചൈ ചൂണ്ടിക്കാട്ടി.  

ഓപ്പണ്‍എഐയും റെഡിറ്റും സഹരണക്കരാര്‍ ഒപ്പുവച്ചു

വൈറല്‍ എഐ ആപ്പായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഓപ്പണ്‍എഐയും, റെഡിറ്റും പുതിയ സഹകരണ കരാറില്‍ ഒപ്പുവച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യല്‍ ന്യൂസ്, ചര്‍ച്ചാ വെബ്‌സൈറ്റുകളിലൊന്നാണ് റെഡിറ്റ്. ഇതോടെ റെഡിറ്റിലെ കണ്ടെന്റ് ചാറ്റ്ജിപിറ്റിയിലേക്ക്എത്തുമെന്നതു കൂടാതെ, എഐ ഫീച്ചറുകള്‍ റെഡിറ്റിന്റെ ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ക്കും ലഭിക്കും.  

സാങ്കേതിക മേഖലയിലെ  ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് അധിഷ്ഠിതമാകുന്നതിലെ പ്രശ്നങ്ങളും സാധ്യതകളും ചിലപ്പോൾ ലാർജ് ലാംഗ്വേജ് മോഡലിനുള്ള വകയിരുത്തലുകളും ഉണ്ടായേക്കാം. Image Credit: Devrimb/Istock.
സാങ്കേതിക മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് അധിഷ്ഠിതമാകുന്നതിലെ പ്രശ്നങ്ങളും സാധ്യതകളും ചിലപ്പോൾ ലാർജ് ലാംഗ്വേജ് മോഡലിനുള്ള വകയിരുത്തലുകളും ഉണ്ടായേക്കാം. Image Credit: Devrimb/Istock.

തങ്ങളുടെ ആര്‍ട്ടിസ്റ്റുകളുടെ സ്വരം ഉപയോഗിച്ച് എഐക്ക് പരിശീലനം നടത്തുന്നതിനെതിരെ സോണി

പാട്ട് റെക്കോഡിങിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ സോണി മ്യൂസിക് ഗ്രൂപ് തങ്ങളുടെ ആര്‍ട്ടിസ്റ്റുകളുടെ സ്വരം  ഉപയോഗിച്ച് എഐയെ പരിശീലിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പ് ഇറക്കി. തങ്ങളുടെ ബൗദ്ധികവകാശ മേഖലയിലേക്കാണ് കടന്നുകയറുന്നത്എന്നു കാണിച്ച് 700ലേറെ കമ്പനികള്‍ക്കാണ് സോണി നോട്ടിസ് അയച്ചത് എന്ന് ബ്ലൂംബര്‍ഗ്. 

സ്വകാര്യ സന്ദേശങ്ങള്‍ ഉപയോഗിച്ചും സ്ലാക് എഐക്ക് പരിശീലനം നല്‍കിയെന്ന്

ക്ലൗഡ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ സ്ലാക് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് എഐക്ക് പരിശീലനം നല്‍കിയിരിക്കാമെന്ന് എന്‍ഗ്യാജറ്റ്. സ്വകാര്യ മെസേജുകള്‍ അടക്കം ഇത്തരം വിശകലനത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. 

മൈക്രോസോഫ്റ്റ് ബില്‍ഡ് 2024 കീനോട്ട് മെയ് 21ന്

ലോകത്തെ ഏറ്റവു പ്രധാനപ്പെട്ട ടെക്‌നോളജി കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ വാര്‍ഷിക സമ്മേളനം മെയ് 21ന് ആരംഭിക്കും. മൈക്രോസോഫ്റ്റ് ബില്‍ഡ് 2024 എന്നാണ് സിയാറ്റിലില്‍ നടക്കാന്‍പോകുന്ന സമ്മേളനത്തിന്റെ പേര്. ബില്‍ഡിന് തൊട്ടു മുമ്പ് മെയ് 20ന് തങ്ങളുടെ വിന്‍ഡോസ് 11ല്‍ എഐ ഇനി എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്ന് കമ്പനി ഡെമോ നടത്തിയേക്കും. 

അതേ ദിവസം പുതിയ സര്‍ഫസ് ലാപ്‌ടോപ്പുകളും പരിചയപ്പെടുത്തിയേക്കും. ഇവ ആപ്പിളിന്റെ എം3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്കുകളുടെ പ്രകടന മികവ് പ്രദര്‍ശിപ്പിച്ചേക്കാമെന്നാണ് കരുതുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ എക്‌സ് എലൈറ്റ് പ്രൊസസര്‍ ഉപയോഗിച്ചുള്ള സര്‍ഫസ്മോഡലുകളും പ്രതീക്ഷിക്കുന്നു. ഈ പ്രോസസറിന്റെ ന്യൂറല്‍ പ്രൊസസിങ് യൂണിറ്റിന് ഒരു സെക്കന്‍ഡില്‍ 45 ട്രില്ല്യന്‍സ് ഓഫ് ഓപ്പറേഷന്‍സ് നടത്താന്‍ സാധിച്ചേക്കും.  എഐ എക്‌സ്‌പ്ലോറര്‍ ആയിരിക്കും കമ്പനി പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന പ്രധാന സാങ്കേതികവിദ്യകളില്‍ ഒന്ന്. പുതിയ സേര്‍ച്ച് ടൂള്‍ അടക്കം ഇതില്‍ ഉണ്ടായിരിക്കുമെന്നു കരുതുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com