ADVERTISEMENT

ദിനം പ്രതിയെന്നോണം സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. അപ്പോഴും ഏറ്റവും പ്രധാനപ്പെട്ട പിന്‍ നമ്പറുകള്‍ക്കും പാസ്‌വേഡുകള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നമ്മള്‍ നല്‍കുന്നുണ്ടോ? ഇല്ലെന്നാണ് 'ഇന്‍ഫര്‍മേഷന്‍ ഈസ് ബ്യൂട്ടിഫുള്‍' പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. ഇന്നും വലിയൊരു ശതമാനം പേരും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഹാക്കര്‍മാര്‍ക്ക് കണ്ടെത്താനാവുന്നത്രയും ലളിതമായ പിന്‍ നമ്പറുകളും പാസ്‌വേഡുകളുമാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ പിന്‍ നമ്പറും പാസ്‌വേഡും ഇക്കൂട്ടത്തിലുണ്ടോ എന്നു നോക്കാം. 

പിന്‍ നമ്പര്‍ ഉപയോഗിച്ചു തുടങ്ങിയ കാലം മുതലേ ഏറ്റവും എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്ന പിന്‍ നമ്പര്‍ 1234 ആണ്. ഇതേ പിന്‍ നമ്പറാണ് ഇന്നും 11 ശതമാനം പേരും ഉപയോഗിക്കുന്നതെന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന വിവരം. 1111, 0000, 1212, 7777 എന്നിവയാണ് ഇതിനു പിന്നാലെ വരുന്ന സര്‍വസാധാരണ പിന്‍നമ്പറുകള്‍. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഹാക്കര്‍മാര്‍ ആദ്യം ടൈപ്പു ചെയ്തു നോക്കുന്ന പിന്‍നമ്പറുകള്‍ ഇവയൊക്കെയായിരിക്കുമെന്നര്‍ഥം. 

Photo: anyaberkut/ istock
Photo: anyaberkut/ istock

പലപ്പോഴായി ചോര്‍ന്നിട്ടുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് സര്‍വസാധാരണ പിന്‍ നമ്പറുകള്‍ കണ്ടെത്തിയത്. 1004, 2000, 4444, 2222, 6969 എന്നിവയാണ് ആദ്യ പത്തില്‍ വരുന്ന മറ്റു സാധാരണ പിന്‍ നമ്പറുകള്‍. അപൂര്‍വമായി വരുന്ന 4200 പിന്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതിന്റെ എണ്ണത്തിന് തുല്യമാണ് ഏറ്റവും സര്‍വസാധാരണ പിന്‍ നമ്പറായ 1234 ഉപയോഗിക്കുന്നത്. രണ്ടാമത്തെ സാധാരണ പിന്‍ നമ്പറായ 1111 ആകെ പിന്‍ നമ്പറുകളില്‍ ആറു ശതമാനവും 0000, 1212 എന്നീ പിന്‍ നമ്പറുകള്‍ രണ്ട് ശതമാനം വീതവും വരും. 

പിന്‍ നമ്പറുകളെ ഗ്രാഫ് രൂപത്തില്‍ ചിത്രീകരിച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ തെളിഞ്ഞു വന്നിട്ടുണ്ട്. 19 എന്നു തുടങ്ങുന്ന പിന്‍ നമ്പറുകളും 20 എന്നു തുടങ്ങുന്ന പിന്‍ നമ്പറുകളും കൂടുതലാണെന്നതാണ് ഇതിലൊന്ന്. ജനിച്ച വര്‍ഷം പിന്‍ നമ്പറായി വലിയൊരു വിഭാഗം ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണിത്. 

പിന്‍ നമ്പറിലെ ആദ്യ രണ്ട് അക്കങ്ങളില്‍ 12 വരെയും പിന്നെയുള്ള രണ്ട് അക്കങ്ങളില്‍ 31 വരെയുമുള്ള അക്കങ്ങളും മറ്റുള്ളവയേക്കാള്‍ ഉപയോഗം കൂടുതലാണ്. ജന്മദിനവും മാസവും പിന്‍ നമ്പറായി ഉപയോഗിക്കുന്നതിന്റെ സൂചനയാണിത്. ഗ്രാഫിന്റെ നടുവിലായി പടിപോലെ കയറിപോവുന്ന ഭാഗവും തെളിഞ്ഞു കാണാം. ഇത് 2323, 5656 എന്നിങ്ങനെയുള്ള രണ്ട് അക്കങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതു വഴിയാണ്. 

0000 മുതല്‍ 9999 വരെ ആകെ 10,000 വ്യത്യസ്ത പിന്‍ നമ്പറുകള്‍ സാധ്യമാണെങ്കിലും ഇത്തരം എളുപ്പത്തില്‍ കണ്ടെത്താവുന്ന പിന്‍ നമ്പറുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ സൈബര്‍ സുരക്ഷ തന്നെയാണ് അപകടത്തിലാക്കുന്നത്. മൂന്നിലൊന്നു പാസ് കോഡുകളും 61 തവണ ശ്രമിച്ചാല്‍ ഹാക്കര്‍ക്ക് തകര്‍ക്കാനാവുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 426 തവണ ശ്രമിച്ചാല്‍ പിന്നുകളില്‍ പകുതിയും തകര്‍ക്കാനാവും. 

തെറ്റായ പിന്‍ നമ്പര്‍ ഉപയോഗിക്കുന്നതില്‍ പരിധിയുണ്ടെന്നതാണ് ഒരു പരിധി വരെ അകറ്റി നിര്‍ത്തുന്ന ഘടകം. അപ്പോഴും അഞ്ചു തവണ ശ്രമിച്ചാല്‍ 20 ശതമാനം പേരുടേയും പാസ്‌കോഡുകള്‍ തുറക്കാനാവുമെന്ന കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിച്ചുപയോഗിക്കുന്നതും ജന്മദിനം പോലുള്ള പാസ് കോഡുകളുമെല്ലാം ഉപയോഗിക്കുന്നത് ഹാക്കര്‍മാരെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. 

പിന്‍ നമ്പറിന്റെ അതേ പ്രശ്‌നം പാസ് വേഡുകള്‍ക്കുമുണ്ട്. നോര്‍ഡ്പാസ് നടത്തിയ പഠനത്തില്‍ 70 ശതമാനം പാസ് വേഡുകളും ഒരു സെക്കന്‍ഡുകൊണ്ടു തന്നെ ഹാക്കര്‍മാര്‍ക്ക് കണ്ടെത്താനാവുമെന്ന് പറയുന്നു. നമ്പറുകള്‍ മാത്രമുള്ള സര്‍വസാധാരണമായ പാസ്‌വേഡുകളാണ് ആകെയുള്ളതില്‍ 31 ശതമാനവുമെന്ന നോര്‍ഡ്പാസ് സിടിഒ തോമസ് സ്മാളകീസ് പറയുന്നു. ടൈപ്പിങിനു പകരം ഓട്ടോമേറ്റഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന ഹാക്കര്‍മാര്‍ക്ക് ഇത് കണ്ടെത്താന്‍ വളരെയെളുപ്പം സാധിക്കും. 

നിങ്ങളുടെ പാസ് വേഡ് കൈവശമായാല്‍ ഹാക്കര്‍മാര്‍ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുകയോ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് അതു വെച്ച് വിലപേശാന്‍ ശ്രമിക്കുകയോ ചെയ്യാം. നിങ്ങളുടെ ചിത്രവും മറ്റ് അടിസ്ഥാന വിവരങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചുള്ള തട്ടിപ്പുകളും സാധാരണമാണ്. സൈബര്‍ തട്ടിപ്പുകളില്‍ നിന്നും ഹാക്കര്‍മാരില്‍ നിന്നും അകലം പാലിക്കാനുള്ള ആദ്യ മാര്‍ഗം സുരക്ഷിതമായ പിന്‍ നമ്പറുകളും പാസ്‌വേഡുകളും ഉപയോഗിക്കുകയെന്നതു മാത്രമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com