ADVERTISEMENT

ചന്ദ്രനില്‍ നിന്ന് സാംപിള്‍ ഭൂമിയിലെത്തിക്കുക എന്ന ഉദ്ദേശത്തൊടെയാണ് ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍4 വിക്ഷേപിക്കുന്നത്. എന്നാല്‍, ഇതിപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടുന്നത് വിക്ഷേപണവുമായി ബന്ധപ്പെട്ട് ഇസ്രോ നടത്തുന്ന മുന്നൊരുക്കങ്ങളുടെ കാര്യത്തിലാണ്. ചന്ദ്രയാന്‍ 4 ബഹിരാകാശത്തു വച്ച് കൂട്ടിയോജിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു പക്ഷെ ഇതാദ്യമായിരിക്കാം ഏതെങ്കിലും ഒരു രാജ്യം ഇത്തരം ഒരു മാര്‍ഗ്ഗം സ്വീകരിക്കുന്നത്. 

moon

എന്തിനാണ് ഈ വഴി തിരഞ്ഞെടുത്തത്?

ഇന്ത്യയുടെ കൈയ്യില്‍ നിലവിലുള്ള റോക്കറ്റ് സാങ്കേതികവിദ്യയ്ക്ക് വഹിക്കാവുന്നതിനേക്കാൾ ഭാരം ചന്ദ്രയാൻ4ന് വരുന്നതിനാലാണ് ഇസ്രോ ഈ വഴി സ്വീകരിക്കുന്നതെന്ന് മേധാവി എസ്. സോമനാഥ് പറഞ്ഞു. അതിനാലാണ് ബഹിരാകാശത്ത് വച്ച് ഡോക്കിങ് നടത്തുന്നത്അല്ലെങ്കില്‍, വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത്.അതിനായി ബഹിരാകാശത്ത് ഡോക്കിങ് നടത്താനുള്ള ശേഷി ആര്‍ജ്ജിക്കും.

ഭൂമിയിലും ബഹിരാകാശത്തും, ചന്ദ്രനിലും വച്ച് ഡോക്കിങ് നടത്താനുള്ള ശേഷി കൈവരിക്കുക എന്നതാണ് ഇസ്രോയുടെ ലക്ഷ്യം. ഇതിന്റെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാനായി സ്പാഡെക്‌സ് (Spadex-സ്പെയ്സ് ഡോക്കിങ് എക്‌സ്പിരിമെന്റ്) എന്നൊരു ദൗത്യവും ഇസ്രോ ഈ വര്‍ഷം നടത്തും. 

moon-new - 1
Image Credit: Canva

ചന്ദ്രനില്‍ ബഹിരാകാശ വാഹനത്തിന്റെ ഡോക്കിങ് നടത്തുക എന്നത് ഇത്തരം ദൗത്യങ്ങളുടെ കാര്യത്തില്‍ ഒരു പതിവു കാര്യം മാത്രമാണ്. ചന്ദ്രനില്‍ ഇറങ്ങുന്ന സമയത്ത് സ്‌പെയ്‌സ്‌ക്രാഫ്റ്റിന്റെ ഒരു ഭാഗം വേര്‍പെട്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിലകൊളളും. ചന്ദ്രനില്‍ ഇറങ്ങുന്ന ഭാഗംതിരിച്ച് ഉയര്‍ന്നു വരുമ്പോള്‍ ഭ്രമണപഥത്തില്‍ ഉള്ള ഭാഗവുമായി വീണ്ടും കൂടിച്ചേര്‍ന്ന് ഒരു യൂണിറ്റാകും. ഇതാണ് ചന്ദ്രനില്‍ വച്ചു നടക്കുന്ന ഡോക്കിങ്. 

എന്നാല്‍, ഇതാദ്യമായി ആയിരിക്കും ചന്ദ്രനിലേക്കു പോകുന്ന മൊഡ്യൂളുകളുടെ ഡോക്കിങ് ബഹിരാകാശത്തുവച്ച് നടത്തുന്നത്. തങ്ങള്‍ അത്തരം അവകാശവാദങ്ങള്‍ ഒന്നും ഉന്നയിക്കുന്നില്ലെന്നും, എന്നാല്‍ തനിക്ക് അറിയാവുന്നിടത്തോളം മറ്റൊരു രാജ്യവും ഇത് ചെയ്തിട്ടില്ലെന്നും സോമനാഥ് പറഞ്ഞു. മുന്‍ ദൗത്യങ്ങളിലൊന്നും ഇസ്രോയ്ക്ക് സ്പാഡെക്‌സ് പ്രയോജനപ്പെടുത്തേണ്ടതായി വന്നിട്ടില്ല. എന്നാല്‍, ചന്ദ്രയാന്‍-4ന്റെ കാര്യത്തില്‍ ഈ ശേഷിയും കാണിച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് ഇസ്രോ. 

ചന്ദ്രയാന്‍-4 ന് വേണ്ടിവരുന്ന ചിലവിന്റെ കാര്യം വളരെ വിശദമായി തന്നെ പഠിച്ചിട്ടുണ്ടെന്നും, റിപ്പോര്‍ട്ട് ഉടനെ ഗവണ്‍മെന്റിന് കൈമാറുമെന്നും സോമനാഥ് പറഞ്ഞു. ഇതടക്കം നാല് നിര്‍ദ്ദേശങ്ങളാണ് ഇസ്രോ സമര്‍പ്പിക്കുന്നത്. രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ സ്റ്റേഷന്‍ 2035ല്‍നിര്‍മ്മിക്കുന്നത്, 2040ല്‍ മനുഷ്യരെ ചന്ദ്രനിലിറക്കുന്നത്, വിഷന്‍ 2047എന്നിവയായിരിക്കും മറ്റു നിര്‍ദ്ദേശങ്ങള്‍. 

ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍

ഭാരതിയ അന്തരീക്ഷ് സ്റ്റേഷന്‍ (BAS ബാസ്) എന്നായിരിക്കും രാജ്യത്തിന്റെ സ്‌പെയ്‌സ് സ്റ്റേഷന്റെ പേര്. ഇതു നിര്‍മ്മിക്കാനുളള വസ്തുക്കളും പല തവണ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ബാസിനു വേണ്ട ആദ്യ ഘട്ട സാമഗ്രികള്‍ ഒരു എല്‍വിഎം3 റോക്കറ്റില്‍ ആയിരിക്കും അയയ്ക്കുക. ഇത് 2028ല്‍ നടത്തണമെന്നാണ് ഇസ്രോ ആഗ്രഹിക്കുന്നതെന്നും സോമനാഥ് വെളിപ്പെടുത്തി. 

ഇതിനായി വേറെ ഒരു നിര്‍ദ്ദേശവും ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്നും സോമനാഥ് പറഞ്ഞു. എങ്ങനെയാണ് ബാസ് നിര്‍മ്മിക്കുക, അതിന് ഏതെല്ലാം ടെക്‌നോളജികളാണ് വേണ്ടിവരിക, ഏത്ര കാലം എടുക്കും, എന്തു ചിലവുവരും തുടങ്ങിയ കാര്യങ്ങളെല്ലാം ഗവണ്‍മെന്റിനെ അറിയിക്കുമെന്നും അദ്ദേഹംപറഞ്ഞു. 

സ്മാര്‍ട് ഫോണുകൾക്ക് ഇന്ത്യയിലും യുഎസ്ബി-സി നിയമം വരുന്നു; എന്തിന്

ഇന്ത്യയില്‍ വില്‍ക്കേണ്ട ഉപകരണങ്ങള്‍ക്ക് യുഎസ്ബി-സി, അല്ലെങ്കില്‍ ടൈപ്-സി ചാര്‍ജിങ് പോര്‍ട്ടുകള്‍ വേണമെന്ന നിയമം ഉടന്‍ കൊണ്ടുവന്നേക്കുമെന്ന് ലൈവ് മിന്റ്. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ക്ക് ഈ പോര്‍ട്ട് തന്നെഉണ്ടാകണം എന്നായിരിക്കും കേന്ദ്ര ഐടി മന്ത്രാലയം ഇറക്കാന്‍ പോകുന്ന ഉത്തരവില്‍ പറയുന്നത്. നേരത്തെ, യൂറോപ്യന്‍ യൂണിയന്‍ ഇത് നടപ്പിലാക്കിയിയിരുന്നു. 

എന്താണ് ഗുണം?

ഓരോ ഉപകരണത്തിനും ഓരോ തരം ചാര്‍ജറും, കോഡും എല്ലാം വേണ്ടിവരുമ്പോള്‍ ഇലക്ട്രോണിക് വേസ്റ്റ് വല്ലാതെ വര്‍ദ്ധിക്കുമെന്നതുകൊണ്ടാണ് ഈ നിയമം കൊണ്ടുവരിക. ഇയുവിന്‍െ നിയമത്തില്‍ ഗെയിം കണ്‍സോളുകള്‍, ഹെഡ്‌ഫോണുകള്‍, ക്യാമറകള്‍ തുടങ്ങിയവയ്ക്കും യുഎസ്ബി-സി വേണമെന്ന് അനുശാസിക്കുന്നു. 

നടപ്പാക്കാന്‍ സമയം അനുവദിച്ചേക്കും

ഈ നിയമം പ്രാബല്ല്യത്തില്‍ വന്നാല്‍ പിന്നെ യുഎസ്ബി-സി പോര്‍ട്ട് ഇല്ലാത്ത ഐഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാവില്ല. കമ്പനികള്‍ക്ക് 2026 അവസാനം വരെ സമയം നല്‍കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

2029ല്‍ ഇന്ത്യയില്‍ 840 ദശലക്ഷം ഉപയോക്താക്കളുണ്ടാകുമെന്ന് 

ഏറ്റവു പുതിയ എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടിലെ പ്രവചനം ശരിയായിരിക്കുമെങ്കില്‍ 2029ല്‍ ഇന്ത്യയില്‍ 840 ദശലക്ഷം ഉപയോക്താക്കളുണ്ടാകും. ഇപ്പോള്‍ ഇന്ത്യക്കാര്‍ പ്രതിമാസം ശരാശരി 29ജിബി ഡേറ്റ ഉപയോഗിക്കുന്നു. ഇത് 2029ല്‍ 68ജിബിയാകുമെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷംഅവസാനത്തെ കണക്കു പ്രകാരം ഇന്ത്യയില്‍ 119 ദശലക്ഷം 5ജി ഉപയോക്താക്കളാണ് ഉള്ളത്.  

ജൂലൈയില്‍ ഗ്യാലക്‌സി അണ്‍പാക്ട് 2024

ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് തങ്ങളുടെ ഗ്യാലക്‌സി അണ്‍പാക്ട് 2024 ഇവന്റ് ജൂലൈ 10ന് പാരിസില്‍ നടത്തും. ഈ വേദിയില്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളായ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6, ഗ്യാലക്‌സി സെഡ് ഫ്‌ളിപ് 6 എന്നിവ പരിചയപ്പെടുത്തും. ഇവയ്ക്ക് പുതിയ ഡിസൈന്‍ കണ്ടേക്കുമെന്നുകരുതുന്നു. ഗ്യാലക്‌സി വാച്ച് 7, ഗ്യാലക്‌സി വാച്ച് 7 അള്‍ട്രാ എന്നിവയും, ഗ്യാലക്‌സി ബഡ്‌സ് 3യും പുറത്തെടുത്തേക്കും. ഗ്യാലക്‌സി റിങും പരിചയപ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇത് ഓഗസ്റ്റിലായിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആമസോണിന് 2 ട്രില്ല്യന്‍ മൂല്യം

ആഗോള ഓണ്‍ലൈന്‍ വില്‍പ്പനാ ഭീമന്‍ ആമസോണിന് 2 ട്രില്ല്യന്‍ ഡോളര്‍ മാര്‍ക്കറ്റ് മൂല്ല്യം. മൈക്രോസോഫ്റ്റ്, ആപ്പിള്‍, എല്‍വിഡിയ, ആല്‍ഫബെറ്റ് എന്നിവയ്ക്കു പിന്നാലെ ആമസോണും ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്. ബുധനാഴ്ചത്തെ ട്രേഡിങില്‍ ആമസോണിന്റെ ഓഹരിവിലയില്‍ 3.4 ശതമാനംവര്‍ദ്ധന ഉണ്ടാകുകയും, അത് 192.70 ഡോളറില്‍ എത്തകയും ചെയ്തതോടെയാണ് ആമസോണും 2 ട്രില്ല്യന്‍ ക്ലബില്‍ എത്തിയതെന്ന് ബ്ലൂംബര്‍ഗ്. 

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കു പുറമെ, ക്ലൗഡ് സേവനവും ആമസോണ്‍ നടത്തുന്നുണ്ട്. എഐ പ്രിയം വര്‍ദ്ധിച്ചതോടെ ക്ലൗഡ് സേവനം കൂടുതല്‍ ഉപയോഗിക്കപ്പെട്ടതാണ് ആമസോണിന്റെ പുതിയ നേട്ടത്തിനു പിന്നില്‍.  

ഡൈസണ്‍ എയര്‍സ്‌ട്രെയ്റ്റ് സ്‌ട്രെയ്റ്റ്നർ ഇന്ത്യയില്‍ അവതരിപ്പിക്കും

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഹോട് പ്ലേറ്റുകള്‍ ഉപയോഗിക്കാതെ നനഞ്ഞ തലമുടി ഉണക്കിയെടുക്കാന്‍ സാധിക്കുന്ന സ്‌റ്റൈല്‍ ഉപകരണമായ ഡൈസണ്‍ എയര്‍സ്‌ട്രെയ്റ്റ് സ്‌ട്രെയ്റ്റ്ണര്‍ ജൂലൈ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മുടി ഒരേ സമയം ഉണക്കുകയും നേരെയാക്കുകയും ചെയ്യാന്‍ ഇത് ഉപയോഗിക്കാം. അമേരിക്കയില്‍ 799 ഡോളറിനു വില്‍ക്കുന്ന ഈ പ്രീമിയം പ്രൊഡക്ടിന് ഇന്ത്യയില്‍ ഏകദേശം 50,000 രൂപ വിലയിട്ടേക്കുമെന്ന് ഊഹിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com