ആപ്പിള്‍ സ്മാർട് മോതിരം ഇറക്കും! ക്യാമറയുള്ള എയര്‍പോഡ്സും?; ഇനി എല്ലാം എഐ മയം
Mail This Article
സ്മാര്‍ട്ട് മോതിര വില്‍പ്പനയില്‍ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞ സാംസങ്, ഓറാ, റിങ്‌കോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആപ്പിള്‍ താമസിയാതെ ഗോദായില്‍ ഇറങ്ങിയേക്കുമെന്ന്സൂചന. സ്മാര്‍ട്ട് മോതിരം ഉണ്ടാക്കാനുള്ള തങ്ങളുടെ താത്പര്യം കമ്പനി ഒരിക്കലും മറച്ചുവച്ചിട്ടൊന്നുമില്ലെന്നിരിക്കെ ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.
റിങ് സങ്കല്‍പ്പത്തെക്കുറിച്ചുള്ള സൂചനകള്‍ 2007ല്‍ മുതല്‍ പുറത്തവരുന്നതാണ്. ആപ്പിള്‍ സ്മാര്‍ട്ട് മോതിരത്തിന്റെ ആദ്യ പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത് ഒക്ടോബര്‍ 2015ലുമാണ്. ഇതിനു പുറമെ 3 പേറ്റന്റുകള്‍ കൂടെ ഫയല്‍ ചെയ്യപ്പെട്ടതോടെയാണ് റിങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്. ആപ്പിള്‍ വാച്ചിന് ഒരു പ്രതിയോഗിയെ തങ്ങള്‍ തന്നെ ഇറക്കേണ്ട കാര്യമുണ്ടോ എന്ന സംശയമായിരിക്കാം സ്മാര്‍ട്ട് മോതിരം ഉണ്ടാക്കാന്‍ കമ്പനി അമാന്തിക്കാനുള്ള കാരണം എന്നു വാദിക്കുന്നവരും ഉണ്ട്.
പുതിയ പേറ്റന്റ് പ്രകാരം (2024) റിങില്‍ ''സെല്‍ഫ്-മിക്‌സിങ് ഇന്റര്‍ഫെറോമെട്രി ( interferometry) സെന്‍സര്‍'' ഉണ്ടായിരിക്കും. അണിയുന്ന ആളുടെ ശാരീരിക വിവരങ്ങള്‍ പിടിച്ചെടുക്കാനാണത്രെ ഇത്. ഹൃദയമിടിപ്പിന് അനുസരിച്ച് ചര്‍മ്മം വികസിക്കുന്നതും, ചുരുങ്ങുന്നതും മനസിലാക്കി ഡേറ്റ ശേഖരിക്കാനാണ് ഈ സെന്‍സര്‍. ഇപ്പോള്‍ വിപണിയിലുള്ള പല റിങുകളിലും ഫോട്ടോപ്ലെതിസ്‌മോഗ്രാഫി (photoplethysmography) സെന്‍സറുകളാണ് ഉള്ളത്. ഇവ ഇന്‍ഫ്രാറെഡ് എല്‍ഇഡി ലൈറ്റ് ത്വക്കിൽ പ്ര കാശിപ്പിച്ചാണ് ഹൃദയസംബന്ധിയായ വിവരശേഖരണം നടത്തുന്നത്.
ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റ്, ആപ്പിള്‍വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ ഉപകരണങ്ങളുടെ ശ്രേണിയിലേക്കായിരിക്കും ആപ്പിള്‍ റിങും എത്തുക. മനുഷ്യ ശരീരത്തിന്റെ ഡേറ്റ നേരിട്ടു ശേഖരിക്കാവുന്ന ഇത്തരം ഉപകരണങ്ങള്‍ (തങ്ങള്‍ അത്തരക്കാരല്ലെന്ന് ആപ്പിള്‍ ആണയിടുന്നുണ്ടെങ്കിലും) പുതിയ സാധ്യതകളാണ് ടെക്‌നോളജി കമ്പനികള്‍ക്കുമുന്നില്‍ തുറന്നുകിട്ടുന്നത്.
താമസിയാതെ റിങ് ഇറക്കിയേക്കും എന്നു പറയാനുള്ള കാരണങ്ങളിലൊന്ന് ആപ്പിള്‍ ടെക് പരിസ്ഥിതിയില്‍ അതിന് ഒരിടം ഒരുങ്ങിയിരിക്കുന്നു എന്നതാണത്രെ. ഉദാഹരണത്തിന് ആപ്പിള്‍ വിഷന്‍ പ്രോയും റിങുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ കൃത്യതയുള്ള ഹാന്‍ഡ് ട്രാക്കിങ്സാധ്യമാകും. എന്തായാലും, ആപ്പിള്‍ റിങിനെക്കുറിച്ച് ടെക്‌നോളജി പ്രേമികള്‍ക്ക് താത്പര്യജനകമായ പല വിവരങ്ങളും ലഭ്യമാണ്.
ആപ്പിള്‍ ഉപകരണങ്ങള്‍ക്കിടയില്‍ ഐഫോണിനും വാച്ചിനുമിടയില്‍ ആയിരിക്കും റിങിന്റെ സ്ഥാനം. ആപ്പിള്‍ വാച്ചു പോലെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാത്ത ഒന്നായിരിക്കും റിങ്. വാച്ചിനെക്കാള്‍ വളരെയധികം ബാറ്ററി ലൈഫ് ലഭിച്ചേക്കുമെന്ന് പറയുന്നവരും ഉണ്ട്. സാധാരണഗതിയില്‍ എന്നും ചാര്‍ജ് ചെയ്യേണ്ടി വരുന്ന വാച്ചിനെ പോലെയല്ലാതെ, ഒറ്റ ഫുള്‍ ചാര്‍ജില്‍ റിങ് ഒരാഴ്ച വരെ പ്രവര്‍ത്തിപ്പിക്കാനായേക്കുമത്രെ. പരമ്പരാഗത വാച്ചുകള്‍ക്കൊപ്പം അണിയുകയും, എന്നാല്‍, സ്മാര്‍ട്ട് വെയറബ്ള്‍സിന്റെഗുണം ലഭിക്കുകയും ചെയ്യാവുന്ന രീതിയിലായിരിക്കും ഇത്.
അണിയുമ്പോള്‍ പരമാവധി പേര്‍ക്ക് ഉറക്കത്തില്‍ പോലും അസ്വസ്ഥതകള്‍ ഉണ്ടാകാത്ത രീതിയിലായിരിക്കും ഇത് നിര്‍മ്മിച്ചിറക്കുക. അത്യാധുനിക സെന്‍സറുകള്‍ ഉള്‍പ്പെടുത്തും. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഓക്‌സിജന്‍, ഗ്ലൂക്കോസ് ലെവല്‍ എന്നിവ കൃത്യതയോടെ റിങിന് അറിയാനായേക്കും. ആരോഗ്യ അവബോധമുള്ള ആളുകള്‍ക്ക് തങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായകമായ പല വിവരങ്ങളും തത്സമയം കൈമാറാന്‍ റിങിന് സാധിച്ചേക്കും.
റിങിനോട് ഇടപെടുന്നതെങ്ങനെ?
ജസ്ചര്‍ കണ്ട്രോള്‍ അഥവാ ആംഗ്യവിക്ഷേപങ്ങള്‍ വഴി ആയിരിക്കും റിങിനോട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുക. പല ഫങ്ഷനുകളും ഇങ്ങനെ പ്രവര്‍ത്തിപ്പിക്കുകയോ, ഓഫ് ചെയ്യുകയോ ചെയ്യാനായേക്കും. എന്‍എഫ്‌സി ടെക്‌നോളജിയും ഇതില്‍ അടക്കംചെയ്‌തേക്കും. കോണ്ടാക്ട്‌ലെസ് പണമടയ്ക്കലടക്കം പല കഴിവുകളും വാച്ചിനും ലഭിച്ചേക്കും.
എന്നു പ്രതീക്ഷിക്കാം? വിലയെന്ത്?
ആപ്പിള്‍ റിങിനെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ഇന്റര്‍നെറ്റിലെത്തുന്നുണ്ടെങ്കിലും ഇത് 2025-26 കാലഘട്ടത്തില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പൊതുവെയുള്ള വിശ്വാസം. തങ്ങളുടെ എതിരാളികളുടെ ഉപകരണങ്ങളെക്കാള്‍ മികവ് നല്‍കാനുള്ള ശ്രമം കമ്പനി നടത്തിയേക്കും. വിലയെക്കുറിച്ചുള്ള പ്രതികരണങ്ങളും സമ്മിശ്രമാണ്. ചിലര്‍ പറയുന്നു വില 250 ഡോളറില്‍ (ഇന്ത്യന്‍ എംആര്‍പി ഏകദേശം 25,000 രൂപ) താഴെ ആയിരിക്കുമെന്ന്. എന്നാല്‍, കൂടുതല്‍ പേരും ചോദിക്കുന്നത്, 300-500 ഡോളര്‍വരെയെങ്കിലും വില ഇട്ടില്ലെങ്കില്‍ ആപ്പിളിന് ഒരു സമാധാനം കിട്ടുമോ എന്നാണ്.
ക്യാമറാ കണ്ണുള്ള എയര്‍പോഡുകള്‍?
അടുത്ത തലമുറയിലുള്ള എയര്‍പോഡുകളില്‍ ആപ്പിള്‍ ക്യാമറകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നു എന്ന് ഹെഡ്‌ഫോണ്‍ ഓണസ്റ്റി അടക്കമുള്ള വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ണട വയ്ക്കാതെ, സ്മാര്‍ട്ട് ഗ്ലാസുകള്‍ പോലെ ഇതിന് പ്രവര്‍ത്തിക്കാനായേക്കും. കമ്പനിക്കുള്ളിലില്‍ ബി798 എന്ന പേരിലാണത്രെ ഈ പദ്ധതി അറിയപ്പെടുന്നത്.
നിര്‍മ്മിത ബുദ്ധി (എഐ), എആര്‍ സാങ്കേതികവിദ്യകളാല്‍ ശാക്തീകരിച്ചതായിരിക്കും ഇത്തരം എയര്‍പോഡുകളത്രെ. റിങിന്റെ കാര്യത്തിലെന്നപോലെ, പല ആരോഗ്യപരിപാലന വിവരങ്ങളും ശരീരത്തില്‍ നിന്ന് ശേഖരിക്കും. ഇതിലെ സെന്‍സറുകളും ദൈനംദിന ആക്ടിവിറ്റികള്‍ ശ്രദ്ധപൂര്‍വ്വം രേഖപ്പെടുത്തിയെടുക്കും. ബി798 പ്രൊജക്ട് 2023ലാണ് ആപ്പിള്‍ ആരംഭിച്ചതെന്ന് ബ്ലൂംബര്‍ഗിന്റെ മാക് ഗുര്‍മനും പറയുന്നു.
വിഡിയോ റെക്കോഡിങ് സാധ്യമല്ല
റസലൂഷന്‍ കുറവുള്ള ക്യാമറകളായിരിക്കും എയര്‍പോഡ്‌സിലുള്ളത. ഇതിന്റെ ഉദ്ദേശങ്ങളില്‍ ഓഗ്മെന്റഡ് റിയാലിറ്റി, എഐ എന്നിവയ്ക്ക് ശക്തിപകരുക എന്നതും ഉണ്ട്. ദിനചര്യകളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാനായിരിക്കും ക്യാമറകള്‍ ഉപയോഗിക്കുക, വിഡിയോ റെക്കോഡിങ് ശേഷി ഒന്നും അവയ്ക്ക് ഉണ്ടായിരിക്കില്ലെന്നു പറയുന്നു. (അതേസമയം, ആപ്പിള്‍ ഉപകരണങ്ങളെക്കൊണ്ട് കമ്പനി ഉദ്ദേശിക്കാത്ത പല കാര്യങ്ങളും ചെയ്യിച്ച ചരിത്രം ഉള്ളതിനാല്‍ വിഡിയോ റെക്കോഡിങ് സാധ്യമല്ല എന്നൊക്കെ പറയുന്നതില്‍ കഥയുണ്ടോഎന്നും അറിയില്ല.) എയര്‍പോഡ്‌സിലെ ക്യാമറകളുടെ ശരിക്കുള്ള ഉദ്ദേശം എന്താണെന്നോ, അവയ്ക്ക് എന്തു ശേഷികളൊക്കെ നല്‍കും എന്നതിനെക്കുറിച്ചോ അത്ര വ്യക്തതയൊന്നും ഇപ്പോഴില്ല.
ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ പണിയായിരിക്കും അതെടുക്കുക എന്നാണ് മറ്റൊരു സൂചന. നാവിഗേഷന്‍ കൂടുതല്‍ എളുപ്പമാക്കിയേക്കും. ഉദാഹരണത്തിന് നിങ്ങള്‍ തിരക്കുള്ള ഒരു നഗരത്തില്‍ റോഡിന് കുറുകെ കടക്കുമ്പോള്‍എയര്‍പോഡ്‌സിന് ചെവിയിലിരുന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാനായേക്കും. അതുവഴി കൂടുതല്‍ സുരക്ഷതമായ നാവിഗേഷന്‍ നടത്താനായേക്കും.