പൊരിവെയിലത്തെ സമരം ധനമന്ത്രിക്ക് ‘ഹുങ്ക്’; ‘എന്റെ എല്ലാമെല്ലാമല്ലേ’ എന്ന് മന്ത്രി വീണ; ഈ പാവം ആശാ വർക്കർമാരെ എന്തിന് നിരാശരാക്കുന്നു?

Mail This Article
‘ആരോഗ്യമന്ത്രി മക്കള്‍ക്കു നല്ല ഭക്ഷണം കൊടുക്കുമ്പോള്‍ ഈ കുഞ്ഞിന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കേണ്ടേ’ - സെക്രട്ടേറിയറ്റിനു മുന്നില്‍ പൊരിവെയിലില്‍ സമരം ചെയ്യുന്ന വനിത, ചൂട് സഹിക്കാനാവാതെ തോളിൽ ചാഞ്ഞ് തളര്‍ന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി നിറഞ്ഞൊഴുകുന്ന, നിരാശ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചത് ഏതു ഭരണകൂടത്തെയും പിടിച്ചുലയ്ക്കുന്ന വാക്കുകളാണ്. എന്നിട്ടും ആശാ വര്‍ക്കര്‍മാരുടെ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) രാപകല്‍ സമരം പരിഹാരമില്ലാതെ നീളുകയാണ്. ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ സ്ത്രീയുടെ മോചനത്തിനു വേണ്ടി മന്ത്രിസഭയില്‍ തീരുമാനമെടുത്ത സര്‍ക്കാരിന് 26,000ത്തോളം വരുന്ന ആശാ വര്‍ക്കര്‍മാരായ സ്ത്രീകളുടെ പ്രശ്‌നം പരിഗണിക്കാനാവാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. 7000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. 10 മാനദണ്ഡങ്ങളാണ് അതിനു വച്ചിരിക്കുന്നത്. ഏതെങ്കിലും പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുക കുറയും. ഇത്തരത്തില്‍ മാനദണ്ഡം പാലിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്ന് പൊതുവായി തീരുമാനമെടുത്താല്‍ എത്ര മന്ത്രിമാര്‍ക്കും എല്‍എല്‍എമാര്‍ക്കും ശമ്പളം കിട്ടുമെന്ന ചോദ്യവും സമരപ്പന്തലില്‍ മുഴങ്ങുന്നു. അഞ്ചു വര്‍ഷം മുന്‍പ് കോവിഡ് മഹാമാരി സംസ്ഥാനത്തെയാകെ പിടിച്ചുലച്ചപ്പോള്‍ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചു വീടുകള്‍ തോറുമെത്തി ആശ്വാസം പകര്‍ന്ന കേരളത്തിന്റെ കാലാള്‍പ്പടയാളികളാണ് ഇന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ സര്‍ക്കാരിന്റെ ദയയ്ക്കു വേണ്ടി യാചിച്ച് പൊരിവെയിലില്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കഞ്ഞിവച്ചുണ്ട് രാപകല്‍ സമരം ചെയ്യുന്നത്. കോവിഡ് കാലത്ത് 12 ആശാ വര്‍ക്കര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ദിവസവും പൊരിവെയിലില്‍ വാടാതെ വീടുകള്‍ തോറും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി കയറിയിറങ്ങി ശീലമുണ്ട് അവര്‍ക്ക്. പൊരിവെയിലിനേക്കാള്‍ ഏറെ അവരെ പൊള്ളിക്കുന്നത് ഭരണകൂടത്തിന്റെ അവഗണനയും മന്ത്രിമാരുടെ കുത്തുവാക്കുകളുമാണ്.