ഗോവൻ തീരത്തെ പോസിറ്റീവ് വൈബ്; ചിത്രങ്ങളുമായി അദിതി രവി

Mail This Article
ഗോവയിലേക്ക് ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കടലിന്റെ മനോഹരമായ കാഴ്ചകളും അതിനൊപ്പം തന്നെ ആഘോഷങ്ങളും നിറയുന്ന ആ കൊച്ചുസംസ്ഥാനം യാത്രാപ്രേമികളുടെ മനസ്സ് കീഴടക്കിയിട്ടു കാലമേറെയായി. ആ മനോഹര തീരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി അദിതി രവി. ബാഗ ബീച്ചും ഗോവയിലെ സുന്ദരമായയിടങ്ങളും അതിനൊപ്പം തന്നെ തനതു മത്സ്യ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള രുചികളുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്. കടലിനെ തൊട്ടറിയാൻ എന്ന പോലെ ആ തീരത്തു കിടക്കുന്ന ദൃശ്യങ്ങളും അദിതി പങ്കുവച്ചിട്ടുണ്ട്. അതിനു താഴെ ആരാധകർ രസകരമായ നിരവധി കമെന്റുകളും കുറിച്ചിരിക്കുന്നതു കാണാം.
പ്രതിവർഷം ആയിരക്കണക്കിനു വിനോദസഞ്ചാരികൾ എത്തുന്ന ബാഗ ബീച്ച്, വടക്കന്‍ ഗോവയിലാണ് സ്ഥിതിചെയ്യുന്നത്. പാൻജിമിൽ നിന്ന് 30 കിലോമീറ്റർ വടക്ക്, കലാൻഗുട്ട് ബീച്ചിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ബീച്ചുകളിലൊന്നായ ബാഗ, പാരാസെയിലിങ്, ജെറ്റ് സ്കീയിങ്, പാഡിൽ ബോർഡിങ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്കും മിന്നുന്ന രാത്രി ജീവിതത്തിനും പേരുകേട്ടതാണ്. പ്രശസ്തമായ ഡോ. സലിം അലി പക്ഷി സങ്കേതവും ഈ യാത്രയിൽ സന്ദർശിക്കാം. അഗ്വാഡ, ചപ്പോര തുടങ്ങിയ കോട്ടകളും കാണാം.

വടക്കൻ ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് അഞ്ജുന. നൈറ്റ്ക്ലബ്ബുകൾ, ബീച്ച് ഷാക്കുകൾ, വാട്ടർ സ്പോർട്സ്, ഫുൾ മൂൺ പാർട്ടികൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങള്‍ ഈ ഭാഗത്തുണ്ട്. കൂടാതെ, ജെറ്റ് സ്കീയിങ്, ബനാന ബോട്ട് സവാരി, പാരാസെയിലിങ്, ബമ്പിങ് റൈഡ്, വാട്ടർ സ്കൂട്ടർ, പാരാഗ്ലൈഡിങ്, സ്പീഡ് ബോട്ട് സവാരി, ക്രൂയിസിങ്, ഫ്ലൈബോർഡിങ് എന്നിങ്ങനെയുള്ള ജലസാഹസിക വിനോദങ്ങളും ഇവിടെ സജീവമാണ്. സഞ്ചാരികള്‍ക്ക് വാടകയ്‌ക്കെടുക്കാവുന്ന മോപ്പഡുകളോ കാറുകളോ സൈക്കിളുകളോ ഉപയോഗിച്ച് ഇവിടുത്തെ ബീച്ചുകളിലൂടെ കറങ്ങാം. ബുധനാഴ്ചകളിൽ ഇവിടുത്തെ ഫ്ലീ മാർക്കറ്റ് സന്ദർശിക്കുവാൻ നിരവധി ആളുകൾ എത്താറുണ്ട്. തുച്ഛമായ വിലയുള്ള വസ്തുക്കൾ മുതൽ വലിയ പണം നൽകി സ്വന്തമാക്കാൻ കഴിയുന്ന എന്തും ലഭിക്കുന്ന ഒരിടമാണ് ഈ മാർക്കറ്റ്. കടലിന്റെ കാഴ്ചകൾ ആസ്വദിക്കാനായി ധാരാളം വിദേശസഞ്ചാരികളും ഇവിടെയുണ്ടാകും.

ഗോവയിലെ പഴയ കോട്ടകള്‍ സഞ്ചാരികൾക്ക് എക്കാലത്തും വിസ്മയമാണ്. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിർമിച്ച അഗ്വാഡ കോട്ട കാണേണ്ട കാഴ്ചയാണ്. മോർമുഗാവോ ഉപദ്വീപിനും കലാൻഗുട്ട് ബീച്ചിനും ഇടയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ മുകളില്‍, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള വിളക്കുമാടമുണ്ട്. 2015 വരെ ഗോവയിലെ ഏറ്റവും വലിയ ജയിലായിരുന്ന അഗ്വാഡ സെൻട്രൽ ജയിൽ കോട്ടയുടെ ഭാഗമാണ്. ഇതു കൂടാതെ കോർജ്യൂം കോട്ടയും തെരേഖോൾ കോട്ടയുമെല്ലാം ഗോവയില്‍ സന്ദര്‍ശിക്കേണ്ട കോട്ടകളില്‍പ്പെടുന്നു.
ഗോവയിലെ പ്രധാന ബീച്ചുകളിൽ ഒന്നാണ് വാഗത്തൂർ. തിരമാലകളുടെ സൗന്ദര്യമാസ്വദിക്കാൻ ഇതിലുമുചിതമായ മറ്റൊരിടമില്ല. വളരെ കുറച്ചു ഏറുമാടങ്ങളല്ലാതെ മറ്റു കെട്ടിടങ്ങളൊന്നും വാഗത്തൂർ ബീച്ചിലില്ല. സൺബാത്ത് ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ അതിനുള്ള സൗകര്യങ്ങളുണ്ട്. ബീച്ചിന്റെ മോഹിപ്പിക്കുന്ന കാഴ്ചകൾ കാണാനെത്തുന്നവരുടെ സഞ്ചികൾ നിറയ്ക്കാനായി ധാരാളം കരകൗശല വസ്തുക്കൾ വിൽക്കുന്നവരെയും ഈ ബീച്ചിൽ കാണുവാൻ കഴിയും.

തെക്കന്‍ ഗോവയിലെ അതിമനോഹരമായ ബീച്ചാണ് 'ടൈഗര്‍ ബീച്ച്' എന്നും പേരുള്ള കക്കോലം. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്, അധികം സഞ്ചാരികൾ എത്തുന്നില്ല എന്നതു തന്നെയാണ് കാര്യം. നല്ല വൃത്തിയുള്ള പരിസരവും ശാന്തതയും തന്നെയാണ് ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നത്.
സ്നോർക്കെലിങ്ങിനു പേരുകേട്ടതാണ് പെക്വെനോ ദ്വീപ്. സ്‌നോർക്കെലിങ്ങിനായി, പരിശീലനവും ഉപകരണങ്ങളും നല്‍കാന്‍ ടൂർ സംഘാടകരും ഓപ്പറേറ്റർമാരും ഉണ്ടെങ്കിലും ഗോവയിലെ മറ്റു സ്ഥലങ്ങളെപ്പോലെ അത്ര പ്രശസ്തമല്ല ഇവിടം. വാസ്കോഡഗാമ വന്നിറങ്ങിയ ബൈന ബീച്ചിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്കു ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.
1605 ൽ ഗോവയിൽ പണികഴിപ്പിച്ച പ്രശസ്തമായ ദേവാലയമാണ് ബോം ജീസസ് ബസിലിക്ക. ഗോവയുടെ പ്രൗഢമുഖമാണ് ഈ ആരാധനാലയം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. 1552 ഡിസംബർ മൂന്നിന് വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ മരണശേഷം ചൈനയിലെ ഷാങ്ചുവാൻ ദ്വീപിലാണ് മൃതദേഹം ആദ്യം അടക്കിയത്. പിന്നീട് മലാക്കയിലേക്ക് കൊണ്ടുപോവുകയും 1553 ഡിസംബറിൽ ഭൗതികാവശിഷ്ടങ്ങൾ ഗോവയിൽ തിരികെ എത്തിക്കുകയും ചെയ്തു. യാതൊരു കേടുപാടുകളും ഈ കാലം കൊണ്ട് മൃതദേഹത്തിനുണ്ടായിരുന്നില്ല. വെള്ളിപ്പേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങൾ ബോം ജീസസ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. 10 വർഷത്തിലൊരിക്കൽ വിശുദ്ധന്റെ ചരമവാർഷിക ദിനത്തിൽ തിരുശേഷിപ്പുകൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാറുണ്ട്. വലിയ കേടുപാടുകൾ ഒന്നും തന്നെ മൃതദേഹത്തിന് ഇപ്പോഴുമില്ല. 2024 നവംബർ 21 മുതൽ 2025 ജനുവരി 5 വരെയാണ് വിശുദ്ധന്റെ തിരുശേഷിപ്പുകൾ വിശ്വാസികൾക്കായി പുറത്തെടുക്കുന്നത്. വളരെ മനോഹരമായ അൾത്താരയും മാർബിൾ പാകിയ തറകളും ദേവാലയത്തിന് പ്രൗഢിയേകുന്നു. പനാജിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബോം ജീസസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

ഏഷ്യയിലെ തന്നെ വലുപ്പമേറിയ കത്തീഡ്രലുകളിൽ ഒന്നായ സേ കത്തീഡ്രൽ, ബോം ജീസസ് ബസിലിക്കയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ദേവാലയം അലക്സാഡ്രിയയിലെ സെന്റ് കാതറീനാണ് സമർപ്പിച്ചിരിക്കുന്നത്. പോർച്ചുഗീസ് ഭരണാധികാരി അൽഫോൺസോ ഡി അൽബുക്കിർക്ക് ബീജാപുർ സുൽത്താനായിരുന്ന ആദിൽഷായെ പരാജയപ്പെടുത്തി ഗോവ പിടിച്ചെടുത്തത് സെന്റ് കാതറിന്റെ തിരുനാൾ ദിവസമായ നവംബർ 25 നായിരുന്നു. 250 അടി നീളവും 181 അടി ഉയരവുമുള്ള ഇവിടെയാണ് ഗോവയിലെ ഏറ്റവും വലിയ മണി സ്ഥാപിച്ചിരിക്കുന്നത്. കത്തീഡ്രലിന് സമീപമായാണ് സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആർക്കിയോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അൽഫോൻസോ ഡി അൽബുക്കിർക്കിന്റെ വെങ്കല പ്രതിമയാണ് മ്യൂസിയത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 400 വർഷത്തെ പോർച്ചുഗീസ് അധിനിവേശത്തിന്റെ ശേഷിപ്പുകൾ ഇവിടെ കാണാം.
തെക്കന്‍ ഗോവയിലെ സാന്‍ഗ്വെം താലൂക്കിലാണ് നേത്രാവലി തടാകം. തടാകം എന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാര്‍ഥത്തില്‍ ഒരു കുളമാണ്. ബഡ്ബഡ്, ബഡ്ബുദ്യാച്ചി താലി, ബബിൾ തടാകം എന്നിങ്ങനെ പല പേരുകളുണ്ട് നേത്രാവലിക്ക്. വെള്ളത്തില്‍ നിന്നുയരുന്ന കുമിളകൾക്കു പേരുകേട്ടതാണ് ഈ തടാകം. ജലത്തിനുള്ളിൽ നിന്നും കുമിളകൾ ഉപരിതലത്തിലേക്കു തുടർച്ചയായി ഉയരുന്നതു കാണാം. ഇറങ്ങാന്‍ ഗ്രാനൈറ്റ് പടികള്‍ ഉണ്ട്. അടുത്തായി ഗോപിനാഥ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
തനതു മീൻ രുചികൾ വിളമ്പുന്ന നാടൻ ഭക്ഷണശാലകൾ തെക്കൻ ഗോവൻ തീരത്തു ധാരാളമുണ്ട്. ഗോവയിലെ മറ്റു ഭാഗങ്ങൾ പോലെയല്ലാതെ ആരവങ്ങളും ബഹളങ്ങളും അധികമിവിടെയുണ്ടാകില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. സലാലിം അണക്കെട്ടും അവിടെ നിന്നും കാബോ ഡി രാമ കോട്ടയും ഉറപ്പായും സന്ദർശിക്കേണ്ടയിടങ്ങളാണ്. 1,800 ചതുരശ്ര മീറ്ററിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി തന്നെ ഒരു ബീച്ചുമുണ്ട്. സൂര്യാസ്തമയ കാഴ്ചകൾക്ക് ഏറ്റവും ഉചിതമായ ഒരിടം കൂടിയാണിത്. ഇവിടെ നിന്നും അധികം അകലെയല്ലാതെയാണ് സെന്റ് അന്റോണിയോ ദേവാലയം സ്ഥിതി ചെയ്യുന്നത്.