സിക്സടിച്ച് കളി ജയിപ്പിച്ച് അഭിഷേക് പൊറേൽ, ഡുപ്ലേസിക്ക് അർധ സെഞ്ചറി, ഡൽഹിക്ക് അനായാസ വിജയം

Mail This Article
വിശാഖപട്ടണം∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം. ഏഴു വിക്കറ്റു വിജയമാണ് വിശാഖപട്ടണത്തു നടന്ന പോരാട്ടത്തിൽ ഡൽഹി സ്വന്തമാക്കിയത്. സീസണിൽ ഹൈദരാബാദിന്റെ രണ്ടാം തോൽവിയാണിത്. ഹൈദരാബാദ് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 16 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഫാഫ് ഡുപ്ലേസി അർധ സെഞ്ചറി നേടി പുറത്തായി. 27 പന്തുകള്‍ നേരിട്ട ഫാഫ് മൂന്നു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 50 റൺസെടുത്തു.
മുൻനിരയുടെ കരുത്തിലാണ് ഡൽഹി അനായാസം വിജയത്തിലെത്തിയത്. ഓപ്പണർ ജേക് ഫ്രേസര്‍ മഗ്രുക് 32 പന്തിൽ 38 റൺസും അഭിഷേക് പൊറേൽ 18 പന്തിൽ 34 റൺസും എടുത്ത് തിളങ്ങി. വിയാൻ മുൾഡർ എറിഞ്ഞ 16–ാം ഓവറിലെ അവസാന പന്ത് സിക്സർ പറത്തി അഭിഷേക് പൊറേലാണു ഡൽഹിയുടെ വിജയ റൺസ് കുറിച്ചത്. 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെനിന്നു. അഞ്ചു പന്തുകൾ നേരിട്ട കെ.എൽ. രാഹുൽ 15 റൺസ് അടിച്ചെടുത്തു. ഹൈദരാബാദിനായി സ്പിന്നര്‍ സീഷന്‍ അൻസാരി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറിൽ 163 റൺസെടുത്തു പുറത്തായി. മധ്യനിര താരം അനികേത് വർമയുടെ അർധ സെഞ്ചറിയാണ് പൊരുതാവുന്ന സ്കോറിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്. 41 പന്തുകൾ നേരിട്ട അനികേത് ആറു സിക്സും അഞ്ചു ഫോറുകളുമുൾപ്പടെ 74 റൺസെടുത്തു പുറത്തായി.
3.4 ഓവറുകൾ പന്തെറിഞ്ഞ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് 35 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഹെൻറിച് ക്ലാസൻ (19 പന്തിൽ 32), ട്രാവിസ് ഹെഡ് (12 പന്തിൽ 22) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. 20 റണ്‍സെടുക്കുന്നതിനിടെ അഭിഷേക് ശർമയെയും ഇഷാൻ കിഷാനെയും നഷ്ടമായ ഹൈദരാബാദ് വിറച്ചുകൊണ്ടാണു തുടങ്ങിയത്. പിന്നാലെ ട്രാവിസ് ഹെഡിനെയും നിതീഷ് റെഡ്ഡിയെയും മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയതോടെ ഹൈദരാബാദ് 37ന് നാല് എന്ന നിലയിലായി.
ഹെൻറിച് ക്ലാസനും അനികേത് വര്‍മയും നടത്തിയ രക്ഷാപ്രവര്‍ത്തനം സ്കോർ 100 കടത്തി. മോഹിത് ശർമയുടെ പന്തിൽ വിപ്രജ് നിഗം ക്യാച്ചെടുത്ത് ക്ലാസനെ മടക്കി. സ്കോർ 148 ൽ നിൽക്കെ അനികേത് വർമയും ഔട്ട്. വാലറ്റം പ്രതിരോധങ്ങളില്ലാതെ കീഴടങ്ങിയതോടെ ഹൈദരാബാദ് ഇന്നിങ്സ് 163 ൽ അവസാനിച്ചു. ഡൽഹിക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.