മൂന്നു മക്കളുള്ള ദമ്പതികൾ ചോദിക്കുന്നു 48,000 രൂപ മാസവരുമാനത്തിൽ മക്കളുടെ ഭാവിക്കായി എങ്ങനെ പണം സമാഹരിക്കും?
.jpg?w=1120&h=583)
Mail This Article
Q നാൽപത്തിനാലുകാരനായ എനിക്ക് 25,000 രൂപയും നാൽപതുകാരിയായ ഭാര്യയ്ക്ക് 23,000 രൂപയും വരുമാനമുണ്ട്. മാസം മൊത്തം ചെലവുകൾ 25,000 രൂപയോളം വരും. 12ഉം 4ഉം വയസ്സുള്ള ആൺകുട്ടികളും പതിനൊന്നുകാരിയായ മോളുമാണ് ഞങ്ങൾക്ക്. നിലവിൽ ബാധ്യതകളൊന്നും ഇല്ല. സുകന്യ സമൃദ്ധിയിൽ ഏഴു ലക്ഷവും സ്ഥിരനിക്ഷേപമായി 10 ലക്ഷവും ഉണ്ട്.
ലക്ഷ്യങ്ങൾ ഇവയാണ്: നിലവിലെ കാർ മാറ്റി 2027ഓടെ എട്ടു ലക്ഷത്തിന്റെ പുതിയ കാർ വാങ്ങണം. ഉപരിപഠനത്തിനായി മൂത്തമോന് 2030ൽ 10 ലക്ഷം രൂപയും മോൾക്ക് 2032ൽ 10 ലക്ഷം രൂപയും ഇളയമകനു 2037ഓടെ 13 ലക്ഷവും രൂപയും വേണം. 2035ൽ മകളുടെ വിവാഹത്തിന് 10 ലക്ഷംകൂടി കണ്ടെത്തണം.

ആൺമക്കളുടെയും ഞങ്ങൾ ഭാര്യാഭർത്താക്കന്മാരുടെയും പേരിൽ ഒരു ലക്ഷം രൂപവീതം പിപിഎഫ് നിക്ഷേപമുണ്ട്. മോളുടെ പേരിൽ 7 ലക്ഷം രൂപ സുകന്യ സമൃദ്ധിയിലുമുണ്ട്. എനിക്കും (പ്രീമിയം 35,000) ഭാര്യയ്ക്കും (പ്രീമിയം 25,000) 10 ലക്ഷം രൂപവീതം റൂറൽ പോസ്റ്റൽ ഇൻഷുറൻസും ഉണ്ട്. കമ്പനി നൽകുന്ന മൂന്നു ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ് കുടുംബത്തിനുണ്ട്. എട്ടു സെന്റിൽ സ്വന്തം വീടുമുണ്ട്. എങ്ങനെ ഭാവിപരിപാടി പ്ലാൻചെയ്യാം.
A ഇവിടെ താങ്കളും ഭാര്യയും ചേർന്ന് ഏതാനും നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അതുവഴി വിവിധ ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. പക്ഷേ, ഇതിൽ പല പദ്ധതികളും ദീർഘകാല നിക്ഷേപങ്ങൾ ആണ്. പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയാകട്ടെ 15 വർഷത്തിനുമേൽ കാലാവധിയുള്ളവയാണ്. നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ലക്ഷ്യങ്ങളിലേക്കുള്ള കാലയളവുകൂടി പരിഗണിക്കുക എന്നതു പ്രധാനമാണ്.

അതായത് ലക്ഷ്യങ്ങൾക്കു തുക കണ്ടെത്തേണ്ട സമയം, റിസ്കെടുക്കാനുള്ള കഴിവ്, നിക്ഷേപ കാലാവധി എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഓരോ ലക്ഷ്യത്തിനും വേണ്ട നിക്ഷേപങ്ങൾ തിരഞ്ഞെടുക്കേണ്ടത്. താങ്കളുടെ നിക്ഷേപങ്ങളെല്ലാം തന്നെ ഗവൺമെന്റ് പദ്ധതികളിലും ഇൻഷുറൻസിലുമാണ്. സുരക്ഷിത നിക്ഷേപങ്ങളാണെങ്കിലും ലഭിക്കാവുന്ന ആദായം ഒരു നിശ്ചിത ശതമാനത്തിനു മുകളിൽ പോകില്ല എന്നത് ഇവയുടെ പോരായ്മയാണ്.
ദീർഘകാല നിക്ഷേപങ്ങൾക്ക് റിസ്കെടുക്കാൻ തയാറാണെങ്കിൽ ഓഹരിയധിഷ്ഠിത മ്യൂച്വൽഫണ്ടുകൾകൂടി പരിഗണിക്കണം. ഒരു പോർട്ട് ഫോളിയോയിൽ വിവിധതരം നിക്ഷേപങ്ങളുണ്ടെങ്കിലേ ആരോഗ്യപരമായ ഒരു നിക്ഷേപ സമാഹരണമാകുകയുള്ളൂ.
.jpg)
താങ്കളുടെയും ഭാര്യയുടെയും വരുമാനം മൊത്തം 48,000 രൂപയാണ്. ഇതിൽ 25,000 രൂപയോളം മാസച്ചെലവുകൾക്കു വേണം എന്നതിനാൽ ബാക്കി 23,000 രൂപയോളം നിക്ഷേപിക്കാനാകും. മാസം 5,000 രൂപയോളം പോസ്റ്റ് ഓഫിസ് ഇൻഷുറൻസ് പദ്ധതികൾക്കു വേണം. ബാക്കി 18,000 രൂപയായിരിക്കും ഇനിയുള്ള നിക്ഷേപങ്ങൾക്കു നീക്കിവയ്ക്കാനാകുക.
നിലവിൽ ബാധ്യതകൾ ഇല്ല എന്നത് വളരെ നല്ല കാര്യമാണ്. നിങ്ങളുടെ പ്രായം പരിഗണിക്കുമ്പോൾ പരമാവധി 15 വർഷംകൂടി ജോലിയിൽ തുടരാനാകും. ഇക്കാലയളവിനുള്ളിൽ ജീവിതലക്ഷ്യങ്ങൾക്കുള്ള തുകയ്ക്കൊപ്പം റിട്ടയർമെന്റ് ഫണ്ടും സമാഹരിക്കണം.
.jpg)
ഇപ്പോൾ പിപിഎഫിൽ ആകെ 4 ലക്ഷം, സുകന്യ സമൃദ്ധിയിൽ 7 ലക്ഷം, സ്ഥിര നിക്ഷേപം 10 ലക്ഷം, 10 ലക്ഷം വീതമുള്ള ആർപിഎൽഐ, പിഎൽഐ നിക്ഷേപം എന്നിവയുണ്ട്. ഇവയെല്ലാംതന്നെ ദീർഘകാല പദ്ധതികളായതിനാൽ ഇടയ്ക്കുണ്ടാകാവുന്ന ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്താനാവില്ല. 15 വർഷ കാലാവധിയുള്ള പിപിഎഫ് അക്കൗണ്ടുകൾ തുടങ്ങിയ സമയം പറയാത്തതിനാൽ എന്നു പൂർത്തിയാക്കും എന്നു മനസ്സിലാകുന്നില്ല.
പുതിയ കാർ എന്നതാണ് ആദ്യം വരുന്ന ലക്ഷ്യം. ഇതിനായി 8 ലക്ഷം രൂപ 2 വർഷം കൊണ്ടു കണ്ടെത്തണം. പുതിയ നിക്ഷേപത്തിൽനിന്ന് ഈ തുക കണ്ടെത്തുക എളുപ്പമല്ലാത്തതിനാൽ എഫ്ഡിയിലെ 5 ലക്ഷം രൂപ നീക്കിവയ്ക്കാം. ബാക്കി തുക പഴയ കാർ വിൽക്കുന്നതിൽ അഡ്‍ജസ്റ്റ് ചെയ്യേണ്ടിവരും. കാർ വാങ്ങുന്നതിനു തുക കുറയ്ക്കുന്നതാണ് താങ്കളുടെ നിലവിലെ സാമ്പത്തികസ്ഥിതിക്കു നല്ലത്. സ്ഥിരനിക്ഷേപത്തിൽനിന്നു മുഴുവൻ തുകയും എടുക്കാമെങ്കിലും ഭാവിയിലെ മറ്റു ലക്ഷ്യങ്ങൾകൂടി മുൻനിർത്തിയാണ് ഈ നിർദേശം.
ആദ്യത്തെ കുട്ടിക്ക് 2030 ഓടെ ഇന്നത്തെ 10 ലക്ഷം രൂപയാണ് ഉപരിപഠനത്തിനു പ്രതീക്ഷിക്കുന്നത്. ഈ തുക 7.50 ലക്ഷം രൂപയാക്കി കുറയ്ക്കാനാകുമെങ്കിൽ നന്ന്. എങ്കിൽപോലും 8% പണപ്പെരുപ്പം കണക്കാക്കിയാൽ അഞ്ചു വർഷത്തിനുശേഷം 11 ലക്ഷം രൂപ ഈ ലക്ഷ്യത്തിനു വേണ്ടിവരും. കാർ വാങ്ങിയശേഷം സ്ഥിരനിക്ഷേപത്തിൽ ബാക്കിയുള്ള 5 ലക്ഷം രൂപയ്ക്ക് 7% പലിശ കണക്കാക്കിയാൽ 7 ലക്ഷം രൂപയുണ്ടാകും. ബാക്കി 4 ലക്ഷം രൂപ സമാഹരിക്കാൻ ഇക്വിറ്റിഫണ്ട് നിക്ഷേപമാകും അനുയോജ്യം. ഇതിനായി 5,000 രൂപവീതം മാസം നീക്കിവയ്ക്കുക. 12% വളർച്ചയാണ് ഇതിനു പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ കുട്ടിക്കും 7.50 ലക്ഷം രൂപതന്നെ നീക്കിവയ്ക്കാം. 8% പണപ്പെരുപ്പമടക്കം അന്ന് 12 ലക്ഷം രൂപ വേണ്ടിവരും. മോളുടെ പേരിലെ 7 ലക്ഷം രൂപയുടെ സുകന്യ സമൃദ്ധിയുടെ പകുതി തുക വിദ്യാഭ്യാസത്തിനായി എടുക്കാനാകും. അന്ന് അക്കൗണ്ടിൽ ഏകദേശം 10.50 ലക്ഷം രൂപയാകും ഉണ്ടാകുക. അതിന്റെ പകുതി അതായത് 5 ലക്ഷം രൂപ പിൻവലിക്കാം. ബാക്കി 7 ലക്ഷം രൂപയ്ക്കായി ഇക്വിറ്റിഫണ്ടിൽ ഇപ്പോൾ മുതൽ 7,000 രൂപവീതം മാസം നിക്ഷേപിക്കുക.
10 വർഷം കഴിഞ്ഞ് ഈ മകൾക്ക് 21 വയസ്സിൽ വിവാഹത്തിന് 10 ലക്ഷമാണ് അടുത്ത ലക്ഷ്യം. ഇന്നത്തെ സാഹചര്യത്തിൽ വിവാഹം നാലോ അഞ്ചോ വർഷം മുന്നോട്ടുനീങ്ങുവാൻ സാധ്യതയുണ്ട്. നിലവിൽ 10 ലക്ഷം രൂപയുടെ ബജറ്റ് 7.50 ലക്ഷം രൂപയായി കുറയ്ക്കുന്ന കാര്യം പരിഗണിക്കുക. അങ്ങനെയായാൽ 6% പണപ്പെരുപ്പം നോക്കിയാലും അന്നു 14 ലക്ഷം രൂപ വേണ്ടിവരും. അപ്പോഴേക്കും സുകന്യ സമൃദ്ധി പൂർത്തിയാക്കുന്നതുകൊണ്ടു മുഴുവൻ തുകയും പിൻവലിക്കാം. ഏകദേശം 6 ലക്ഷം രൂപയ്ക്കു മുകളിലുണ്ടാകും. പക്ഷേ, 8 ലക്ഷം രൂപകൂടിയായാലേ വിവാഹത്തിനു തുക കണ്ടെത്താനാകൂ. മൂത്തകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുന്ന 5,000 രൂപയും 7,000 രൂപയും ആ ലക്ഷ്യം കഴിഞ്ഞശേഷവും തുടർന്നുകൊണ്ടുപോകുക. അതുവഴി 2035 ആകുമ്പോൾ 8 ലക്ഷം രൂപ സമാഹരിക്കാനാകും.

മൂന്നാമത്തെ കുട്ടിക്കായി 7.50 ലക്ഷം രൂപഎന്ന ലക്ഷ്യം 2037ൽ 19 ലക്ഷം രൂപയാകും. ഇതിനായി ഇൻഷുറൻസ് പോളിസിയിൽനിന്നു ലഭിക്കുന്ന തുക വിനിയോഗിക്കാം. ഇങ്ങനെയെങ്കിൽ ഇപ്പോഴുള്ള നിക്ഷേപങ്ങളും പുതിയ നിക്ഷേപങ്ങളും ചേർത്താൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാഭ്യാസത്തിന് അധിക തുക വേണമെങ്കിൽ വായ്പയെ ആശ്രയിക്കാം. ഇവയുടെ തിരിച്ചടവ് ജോലി കിട്ടിയശേഷം കുട്ടികൾ അടച്ചുതീർക്കേണ്ടിവരും.
റിട്ടയർമെന്റിന്റെ കാര്യം പറഞ്ഞിട്ടില്ലെങ്കിലും 15 വർഷംകൂടി ജോലി തുടരാനാകും എന്നു പ്രതീക്ഷിക്കുന്നു. ഇപ്പോൾ മിച്ചംപിടിക്കുന്ന 18,000 രൂപയിൽ 12,000 രൂപയാണ് കുട്ടികൾക്കായി നിക്ഷേപിക്കുന്നത്. ബാക്കി 6,000 രൂപ റിട്ടയർമെന്റ് തുകയ്ക്കായി ഇപ്പോഴേ നിക്ഷേപിച്ചുതുടങ്ങാം.

15 വർഷം കഴിഞ്ഞ് ഇന്നത്തെ 15,000 രൂപയ്ക്കു തുല്യമായ തുക മാസം പിൻവലിക്കണമെങ്കിൽ 80 ലക്ഷം രൂപ നിക്ഷേപിക്കണം. 6,000 രൂപ വീതം 15 വർഷം നിക്ഷേപിച്ചാൽ 28 ലക്ഷം രൂപ നേടാം. പിപിഎഫിൽ 7% വളർച്ച ലഭിച്ചാൽ 11 ലക്ഷം രൂപ കൂടിയാകും. മകളുടെ വിവാഹംകഴിഞ്ഞാൽ 12,000 രൂപയുടെ മ്യൂച്വൽഫണ്ട് നിക്ഷേപം തുടർന്നാൽ 10 ലക്ഷം രൂപകൂടി സമാഹരിക്കാം.
മറ്റു നിക്ഷേപങ്ങളിലെ ബാക്കിവന്ന തുകകൂടി നോക്കിയാൽ 50 ലക്ഷം രൂപ റിട്ടയർമെന്റിന്റെ സമയത്തു സമാഹരിക്കാനാകും. 30 ലക്ഷം രൂപ കൂടി കണ്ടെത്തിയാലേ ഉദ്ദേശിച്ച രീതിയിൽ റിട്ടയർമെന്റിനുള്ള തുക ലഭിക്കൂ. വരുമാനത്തിൽ ഏതെങ്കിലുംവിധത്തിലുള്ള വളർച്ച നേടാനായാൽ ആ തുകകൂടി റിട്ടയർമെന്റിനായി നീക്കിവയ്ക്കാൻ ശ്രമിക്കുക. ശമ്പളം കൂടുന്നതനുസരിച്ചു റിട്ടയർമെന്റിനുള്ള നിക്ഷേപതുക വർധിപ്പിക്കുക. 3 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് നിലവിൽ പര്യാപ്തമാണെങ്കിലും ഈ തുകകൂടി ഉയർത്താൻ ശ്രമിക്കണം.
മുൻകൂട്ടി പ്ലാൻചെയ്യൂ, ഏതാവശ്യത്തിനും പണം സമാഹരിക്കാം
ഒരു വ്യക്തിയുടെ വരുമാനം എത്രയെന്നതിനെക്കാൾ ലഭിക്കുന്ന വരുമാനം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. അതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജീവിതലക്ഷ്യങ്ങൾക്കുമുള്ള തുക സമാഹരിക്കാൻ സാധിക്കും. പലപ്പോഴം മിച്ചംപിടിക്കാൻ കാട്ടുന്ന അലംഭാവംമൂലം ആവശ്യമായ തുക നിക്ഷേപിക്കാൻ സാധിക്കില്ല. അതുകൊണ്ടു പല ജീവിതലക്ഷ്യങ്ങൾക്കും തുക കണ്ടെത്താൻ വായ്പകളെയും മറ്റും ആശ്രയിക്കേണ്ടിവരും. ഇതു ഭാവിയിൽ മറ്റു ലക്ഷ്യങ്ങളെയും ബാധിക്കും. അതേസമയം കാര്യങ്ങൾ ശരിയായി വിലയിരുത്തി മുൻകൂട്ടി പ്ലാൻചെയ്ത്, ഓരോ ലക്ഷ്യത്തിനും വേണ്ട തുക അച്ചടക്കത്തോടെ സമാഹരിച്ചാൽ അധികം ബാധ്യതകൾ ഇല്ലാതെതന്നെ ജീവിതലക്ഷ്യങ്ങളെല്ലാം യഥാസമയം സഫലമാക്കാനാകും.
ലേഖകൻ ജിയോജിത്തിന്റെ ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗമായ സ്റ്റെപ്സിലാണ് gibin_j@geojit.com, whatsapp: 9895007126
ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധികരിച്ചത്