ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ശരീരഭാരവും കുറയ്ക്കാം; വേഗത്തിലുള്ള നടത്തം ശീലമാക്കണം

Mail This Article
ഹൃദ്രോഗബാധിതരുടെ എണ്ണം ഏറി വരുകയാണ്. പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും ഈ രോഗം കൂടുതലായി ബാധിച്ചുവരുന്നു. ചില ശീലങ്ങൾ പിന്തുടരുന്നതിലൂടെ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനാകും എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ജങ്ക്ഫുഡിന്റെ ഉപയോഗം, പുകവലി, മലിനീകരണം, വ്യായാമമില്ലായ്മ ഇതെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കും. ഇതു കൂടാതെ അമിതമായ സമ്മർദം (stress), ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഹൃദയത്തെ ബാധിക്കും. ഇവ ഹൃദയത്തെ ദുർബലമാക്കുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ജീവിതശൈലിയും ഭക്ഷണശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഒപ്പം ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സമയം കണ്ടെത്തണം. സമ്മർദവും ഉത്കണ്ഠയും ഒഴിവാക്കണം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ശാരീരിക പ്രവർത്തനങ്ങൾക്ക് പ്രധാന പങ്കുണ്ട്. ദിവസവും നടന്നാൽതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടും. ഒപ്പം നിരവധി രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയും. ഹൃദയത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ രാവിലെ വളരെ നേരത്തെ എഴുന്നേൽക്കണം. എന്നിട്ട് ബ്രിസ്ക്ക് വോക്കിങ്ങിനു പോകണം. എല്ലാ പ്രായക്കാർക്കും യോജിച്ച നടത്തരീതിയാണ് ബ്രിസ്ക്ക് വോക്ക്. വളരെ വേഗത്തിലുളള നടത്തമാണിത്. എല്ലാ ദിവസവും നാലു കിലോമീറ്റർ ദൂരം നാൽപതു മിനിറ്റിൽ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. വനിത അറോറ പറയുന്നു. ഈ നടത്തം ഹൃദ്രോഗസാധ്യത കുറയ്ക്കും. ശാരീരിക പ്രവർത്തനങ്ങൾ, ഹൃദയാരോഗ്യം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. നടത്തം, രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്.
പതിവായി ബ്രിസ്ക് വോക്ക് ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണെന്നു മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഇത് പേശികളെയും എല്ലുകളെയും ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. മാനസികാരോഗ്യത്തിനും ബ്രിസ്ക്ക് വോക്ക് ഗുണകരമാണ്. ഇത് സമ്മർദവും ഉത്കണ്ഠയും വിഷാദവും അകറ്റാൻ സഹായിക്കും. നടത്തം മനസ്സിനെ ശാന്തമാക്കും. ഒപ്പം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിക്കുകയും ചെയ്യും.