73–ാം വയസ്സിലും ആരോഗ്യവതി; ഫിറ്റ്നസ് കാത്തുസൂക്ഷിച്ച് സീനത്ത് അമൻ, ആരോഗ്യ രഹസ്യം അറിയാം

Mail This Article
1970 കളിലും എൺപതുകളിലും തിളങ്ങി നിന്നിരുന്ന താരമാണ് സീനത്ത് അമൻ. അഭിനയത്തിനു പുറമെ അവരുടെ സൗന്ദര്യത്തിനും ഫിറ്റ്നസിനും ആരാധകർ ഏറെയായിരുന്നു. തന്റെ എഴുപത്തിമൂന്നാം വയസ്സിലും സീനത്ത്, ഫിറ്റ്നെസിനൊപ്പം ആ തിളക്കവും ഭംഗിയും നിലനിർത്തുന്നു.
എന്താവും സീനത്ത് അമന്റെ ഫിറ്റ്നസ് രഹസ്യം? എങ്ങനെയാണ് താൻ ഫിറ്റ്നസും ആരോഗ്യവും ഈ പ്രായത്തിലും നിലനിർത്തുന്നത് എന്നതിനെപ്പറ്റി അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം വിശദീകരിക്കുകയുണ്ടായി. ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കാൻ താൻ പ്രത്യേകിച്ച് ഡയറ്റുകൾ ഒന്നും പിന്തുടരുന്നില്ലെന്ന് അവർ പറയുന്നു.
ഭക്ഷണം തന്നെ സംബന്ധിച്ച് ഇന്ധനമാണെന്ന് സീനത്ത് പറയുന്നു. ആരോഗ്യത്തോടെയിരിക്കാൻ കുറച്ചു മാത്രം കഴിക്കുക. ഒപ്പം ഫ്രഷ് ആയ ഭക്ഷണം കഴിക്കുക എന്നാണ് തന്റെ അമ്മ പറയാറുള്ളത് എന്നും താരം പറയുന്നു. കട്ടൻചായ കുടിച്ച് ദിവസം തുടങ്ങുന്ന അവർ അതിനൊപ്പം വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ ബദാമും കഴിക്കും. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രഭാതഭക്ഷണമായി അവൊക്കാഡോ ടോസ്റ്റും ചീസും ആണ് കഴിക്കുന്നത്. നാടൻ ഭക്ഷണം എന്തെങ്കിലും കഴിക്കാൻ തോന്നിയാൽ പോഹയോ (അവൽ കൊണ്ടുള്ള ഭക്ഷണം) ഛീലയോ (പച്ചക്കറി ചേർത്ത റൊട്ടി പോലുള്ള വിഭവം) കഴിക്കും.
ഉച്ചഭക്ഷണമാണ് ഒരു ദിവസത്തെ പ്രധാന ആഹാരം. പരിപ്പ്, പച്ചക്കറികൾ, ചപ്പാത്തി ഇവയാണ് ഉച്ചയ്ക്ക് കഴിക്കുന്നത്. ചിലപ്പോൾ പരിപ്പ്, ഉരുളക്കിഴങ്ങ്, പയർ കറിയും കഴിക്കും. ഒപ്പം പനീർ ടിക്കയും തക്കാളി ചട്നിയും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുന്നു. ഉപ്പും സ്പൈസസും ചേർത്ത് വറുത്ത മഖാന അഞ്ചുമണിയോടടുപ്പിച്ച് കഴിക്കും. മധുരം കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കും. എന്നു കരുതി മധുരം പൂർണമായും ഒഴിവാക്കിയിട്ടുമില്ല. എഴുപതു വയസ്സു കഴിഞ്ഞും ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ സീനത്ത് അമന്റെ ഭക്ഷണരീതികൾ പിന്തുടരാം. അവരുടെ ഭക്ഷണം ലളിതവും സമീകൃതവും സുസ്ഥിരവും ഒപ്പം ആരോഗ്യകരവുമാണ്. ഏതൊരാൾക്കും പിന്തുടരാവുന്ന ഭക്ഷണരീതി കൂടിയാണിത്.