ADVERTISEMENT

ഗ്രീക്ക് ഇതിഹാസങ്ങളിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നാണ് മെദൂസ. തലയിൽ തലമുടിക്ക് പകരം പാമ്പുകളെ വഹിക്കുന്ന കഥാപാത്രം. ഇപ്പോഴിതാ മെദൂസയുടെ പേരിൽ ഒരു വേഷം ഇറങ്ങിയിരിക്കുകയാണ്. റോബട്ടിക് മെദൂസ ഡ്രെസ്സ് എന്നു പേരിട്ടിരിക്കുന്ന വേഷം നിർമിച്ചിരിക്കുന്നത് ഗൂഗിളിൽ ജോലി നോക്കുന്ന ഒരു എൻജിനീയറാണ്.

ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ക്രിസ്റ്റീന ഏൺസ്റ്റാണ് ഈ വേഷത്തിന്റെ ഉടമയും സ്രഷ്ടാവും. ഇവരുടെ വസ്ത്രത്തിൽ അരയിൽ 3 പാമ്പുകളും കഴുത്തിനു ചുറ്റും ചുറ്റിപ്പിണഞ്ഞ രീതിയിൽ ഒരു പാമ്പുമുണ്ട്. കഴുത്തിനു ചുറ്റും ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പിൽ എഐ അധിഷ്ഠിത സാങ്കേതികവിദ്യകളും ചലനസംവിധാനങ്ങളുമുണ്ട്. ഈ റോബോട്ട് പാമ്പിന് ആളുകളുടെ മുഖങ്ങൾ തിരിച്ചറിയാം. കൂടാതെ പാമ്പുകളെപ്പോലെ തല ചലിപ്പിക്കാനും സ്വർണനിറമുള്ള ഈ യന്ത്രപ്പാമ്പിനാകും.

റോബട്ടിക്സിനെ ഒരു ഹോബിയായി സ്വീകരിച്ചയാളാണ് ക്രിസ്റ്റീന. കേവലമൊരു സോഫ്റ്റ്‌വെയർ എൻജിനീയർ മാത്രമല്ല അവർ. തന്റെ പ്രോജക്ടുകൾ shebuildsrobots.org എന്ന വെബ്സൈറ്റിൽ ഇവർ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ക്രിസ്റ്റീന ഇൻസ്റ്റഗ്രാമിലാണ് ഈ പാമ്പുവേഷത്തിന്റെ വിഡിയോ ആദ്യം പങ്കുവച്ചത്.  പെൺകുട്ടികൾക്കായി റോബട്ടിക്സിൽ പരിശീലനവും ക്രിസ്റ്റീന നടത്താറുണ്ട്.

അനേകം തവണ ശ്രമങ്ങൾ നടത്തിയ ശേഷമാണ് ക്രിസീറ്റീന തന്റെ പാമ്പുവേഷം യാഥാർഥ്യമാക്കിയത്. പാമ്പിൽ എഐ സാങ്കേതികവിദ്യയ്ക്കായി കോഡിങ് നടത്തിയതും അവർ ഒറ്റയ്ക്കാണ്. മോട്ടറുകളും സെൻസറുകളുമൊക്കെ ഘടിപ്പിക്കപ്പെട്ടതാണ് ഈ വേഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com