ADVERTISEMENT

കൊച്ചി ∙ ഉദ‌യ് ശങ്കറിനു വയസ്സ് 15. ഇതിനകം വികസിപ്പിച്ചത് 15 എഐ അധിഷ്ഠിത ആപ്പുകൾ. മറ്റൊരു കൗതുകം കൂടിയുണ്ട്. ടെക്നോളജി ‘തലയ്ക്കു പിടിച്ചപ്പോൾ’ പരമ്പരാഗത വിദ്യാഭ്യാസം 8–ാം ക്ലാസിൽ അവസാനിപ്പിച്ച പയ്യൻ! പിന്നെ, നിർമിത ബുദ്ധി ഗവേഷണങ്ങളും ഓപ്പൺ സ്കൂൾ പഠനവും. ‘‘ നാലാം ക്ലാസിന്റെ അവധിക്കാലത്ത് അമ്മ പറഞ്ഞു: നീന്തൽ പഠിക്കാം, അല്ലെങ്കിൽ റോബട്ടിക്സ്. ഞാൻ റോബട്ടിക്സ് എടുത്തു. അങ്ങനെയാണു ടെക്നോളജി താൽപര്യം തുടങ്ങിയത്. കോവിഡ് കാലം കൂടുതൽ സഹായിച്ചു. ഓൺലൈനായി പൈത്തൺ പ്രോഗ്രാമിങ് പഠിച്ചു. ആപ് വികസനം ഹരമായി. 2020 ലാണ് ഉറവ് സ്റ്റാർട്ടപ് ആരംഭിച്ചത്’’ ജെൻ എഐ കോൺക്ലേവിലെ സ്റ്റാർട്ടപ് പ്രദർശനത്തിലുണ്ട്, ഉദയ്.

കൊച്ചി തമ്മനം സ്വദേശിയായ ഉദയ് ഒരിക്കൽ അച്ഛന്റെ അമ്മയെ ഫോൺ ചെയ്തു. തിരക്കിലായിരുന്ന അച്ഛമ്മ പിന്നെ വിളിക്കാമെന്നു പറഞ്ഞു. അവിടെയാണ് ഉദയിന്റെ എഐ കൗതുകം മിന്നിയത്. എഐ സങ്കേതം ഉപയോഗിച്ച് അച്ഛമ്മയുടെ രൂപവും ശബ്ദവും സൃഷ്ടിച്ചു സംസാരിക്കാവുന്ന വിദ്യ! ഫോട്ടോയിൽ നിന്ന് എഐ ഉപയോഗിച്ചു ഡിജിറ്റൽ ത്രി ഡി രൂപം സൃഷ്ടിക്കാൻ കഴിയുന്ന മൾട്ടി ടോക് അവതാർ എഐ സ്യൂട്ട് ഉപയോഗിച്ചു ‘ക്ലിൻ അൽക’ ആപ്പാണ് ഉദയ് വികസിപ്പിച്ചത്.

ആപ് ഡൗൺലോഡ് ചെയ്താൽ ആരുടെ രൂപവും സൃഷ്ടിച്ച് എഐ ടോക് ബോട്ടുമായി സംസാരിക്കാനാകും. ഉറവ് അഡ്വാൻസ്ഡ് ലേണിങ് സിസ്റ്റംസ് എന്ന സ്റ്റാർട്ടപ് ആരംഭിച്ചതിന്റെ തുടക്കം അവിടെയായിരുന്നു. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ‘ഭാഷിണി’ എന്ന ആപ് വികസിപ്പിച്ചതിന് ഇന്ത്യൻ പേറ്റന്റും ലഭിച്ചു. കാഴ്ചയില്ലാത്തവർക്കു പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിനു സഹായിക്കുന്ന ആപ്പിന്റെ സേവനം സൗജന്യമായാണ് ഉദയ് ലഭ്യമാക്കുന്നത്. ഡോ. രവികുമാറിന്റെയും ശ്രീകുമാരി വിദ്യാധരന്റെയും മകനാണ് ഉദയ്.

English Summary:

15 AI apps developed by Uday Shankar at the age of 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com