ADVERTISEMENT

മൊബൈൽ സേവന ദാതാക്കളെല്ലാം അടുത്തിടെ നിരക്കുകൾ വര്‍ദ്ധിപ്പിച്ചു ഞെട്ടിച്ചിരുന്നു. അതിനെത്തുടർന്നുണ്ടായ ആഘാതം തടയാന്‍ ആകർഷകമായ 5ജി പ്ലാനുകൾ അവതരിപ്പിക്കുകയാണ് കമ്പനികൾ. ജിയോയുടെ പിന്നാലെ ഭാരതി എയർ‍ടെലും ഉപഭോക്താക്കൾക്കായി പുതിയ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പ്രഖ്യാപിച്ചു. 51 രൂപ, 101 രൂപ, 151 രൂപ വിലയുള്ള ഈ അപ്‌ഗ്രേഡ് പായ്ക്കുകൾ നിലവിലുള്ള ഡാറ്റാ പായ്ക്കുകളിൽ ആക്‌റ്റിവേറ്റ് ചെയ്‌ത് ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയും.

 51 രൂപ, 101 രൂപ, 151 രൂ പായ്ക്കുകൾ അൺലിമിറ്റഡ് 5G ഡാറ്റയ്‌ക്കൊപ്പം യഥാക്രമം 3GB, 6GB, 9GB അധിക 4G ഡാറ്റ നൽകുന്നു. നിലവിലുള്ള പ്ലാനുകളിൽ ബൂസ്റ്റർ പായ്ക്കുകൾ സജീവമാക്കാം, അടിസ്ഥാന പ്ലാനിന്റെ അതേ വാലിഡിറ്റി ലഭ്യമാകും. ഉദാഹരണത്തിന്, ഒരു ഉപഭോക്താവിന് 56 ദിവസത്തെ പ്ലാൻ ഉണ്ടെങ്കിൽ, ബൂസ്റ്റർ പാക്കും 56 ദിവസത്തേക്ക് സാധുവായിരിക്കും.റിലയൻസ് ജിയോയും സമാനമായ റിചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.

താരിഫ് വർദ്ധനയുടെ ആഘാതം

എയർടെലിലും ജിയോയിലും  ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വന്ന താരിഫ് വർദ്ധനയുടെ ആഘാതം കുറക്കാനാണ് ഈ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകളിൽ താരിഫുകൾ 179 രൂപയിൽ നിന്ന് 199 രൂപയായും 455 രൂപയിൽ നിന്ന് 599 രൂപയായും 1,799 രൂപയിൽ നിന്ന് 1,999 രൂപയായും വർധിച്ചു. 

ജിയോ ഉപയോക്താക്കൾക്ക് അവരുടെ പ്ലാൻ 2 ജിബിയോ അതിൽ കൂടുതലോ പ്രതിദിന ഡാറ്റ നൽകുകയാണെങ്കിൽ ഇതിനകം തന്നെ അൺലിമിറ്റഡ് 5 ജി ഡാറ്റ ലഭിക്കും.

അൺലിമിറ്റഡ് 5 ജിബി ഡാറ്റയ്ക്കുള്ള എയർടെൽ റീചാർജ് പ്ലാനുകൾ

ഇനിപ്പറയുന്ന പ്ലാനുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യുന്നതിലൂടെ അൺലിമിറ്റഡ് 5G ലഭിക്കും :

409 രൂപ: ഉപഭോക്താക്കൾക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും 28 ദിവസത്തേക്ക് ലഭിക്കും.

449 രൂപ: നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങിനൊപ്പം പ്രതിദിനം 3 ജിബി ഡാറ്റയും 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

649 രൂപ: ഈ പ്ലാൻ പ്രതിദിനം 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും 100 എസ്എംഎസും 56 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു.

979 രൂപ: ഈ പ്ലാൻ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും 100 എസ്എംഎസും സഹിതം പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

1199 രൂപ: ഈ പ്ലാൻ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും 100 എസ്എംഎസും സഹിതം പ്രതിദിനം 2.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

3,599 രൂപ: അൺലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസും സഹിതം പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന വാർഷിക പ്ലാനാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com