7428 കോടി രൂപ എവിടെപ്പോയി! ഇന്നും ദുരൂഹത മാറാതെ ക്രിപ്റ്റോ രാജാവ് പോപെസ്‌കുവിന്റെ മരണം
Mail This Article
സമീപകാലങ്ങളിലായി ക്രിപ്റ്റോയിലൂടെ വലിയ മുന്നേറ്റം നേടിയ പല ക്രിപ്റ്റോ ശതകോടീശ്വരൻമാരും ദുരൂഹസാഹചര്യങ്ങളിൽ മരണപ്പെട്ടിരുന്നു. ഫെർനാണ്ടോ പെരെസ് അൽഗാബ,നിക്കോളായ് മുഷീഗിയാൻ, ജാവിയർ ബയോസ്ക,ഡോ.ജോൺ ഫോർസിത്ത് തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇത്തരത്തിൽ ഏറ്റവും കുപ്രസിദ്ധമായ മരണമാണ് മിർസിയ പോപെസ്കുവിന്റേത്.കോസ്റ്ററിക്കയിലെ പുന്ററേനാസ് തീരത്താണ്, ബിറ്റ്‌കോയിൻ സംരംഭകനും ശതകോടീശ്വരനുമായ മിർസിയ പോപെസ്‌കു മുങ്ങിമരിച്ചത്. 2021ൽ ആയിരുന്നു ഇത്.
ഏകദേശം ഒരു ബില്യൻ യുഎസ് ഡോളർ (7428 കോടി രൂപ) മൂല്യമുള്ള ബിറ്റ്‌കോയിൻ നിക്ഷേപം പോപെസ്‌കുവിന്റെ കൈയിലുണ്ടായിരുന്നു. ഈ വലിയ തുക എങ്ങോട്ടുപോയെന്ന കാര്യത്തിൽ ഇന്നും ദുരൂഹത ബാക്കി.പോപെസ്‌കുവിന്റെ ജന്മദേശം എവിടെയാണെന്ന് ആർക്കുമറിയില്ല. പോളണ്ടിൽ നിന്നാണെന്നു ചിലർ പറയുമ്പോൾ, റുമേനിയയിൽ നിന്നാണെന്നാണു മറ്റു ചിലർ പറയുന്നത്.
ഏതായാലും റുമേനിയൻ പൗരത്വം സ്വീകരിച്ച പോപെസ്‌ക്യു അവിടെത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. 2012 ൽ എംപെക്‌സ് എന്ന ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച് പോപെസ്‌കു സ്ഥാപിച്ചു. എന്നാൽ ബിറ്റ്‌കോയിൻ കൊണ്ടു ചൂതാട്ടം നടത്തുന്ന ഒരു കമ്പനിയെ തന്റെ എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ പോപെസ്‌ക്യുവിനെ നോട്ടമിട്ടു തുടങ്ങി.
'ഞാൻ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു അതു കൊണ്ട് ബിറ്റ്‌കോയിനെയും'- ബിറ്റ്‌കോയിനെക്കുറിച്ചുള്ള പോപെസ്‌ക്യുവിന്‌റെ ഏറ്റവും പ്രശസ്തമായ വാചകം ഇതായിരുന്നു. എന്നാൽ പൊതുരംഗത്ത് അദ്ദേഹം ഒരു വിവാദവ്യക്തിത്വമായി നിലനിന്നു. ബിറ്റ്‌കോയിനെക്കുറിച്ചുള്ള മോശം കാര്യങ്ങളുടെയെല്ലാം ആകെത്തുകയെന്നും ബിറ്റ്‌കോയിൻ ടോക്‌സിസിറ്റിയുടെ പിതാവെന്നുമൊക്കെയായിരുന്നു അദ്ദേഹത്തെ നിരീക്ഷകർ വിലയിരുത്തിയിരുന്നത്.
പോപെസ്‌ക്യുവിന്‌റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും അധികം പുറത്തറിഞ്ഞിട്ടില്ല. ദുരൂഹതകൾ ഏറെയുള്ളതാണു ബിറ്റ്‌കോയിൻ രംഗം. ദുരൂഹവ്യക്തിത്വങ്ങളും ഏറെ. ഇതിൽ ഏറ്റവും പ്രധാനി ബിറ്റ്‌കോയിൻ ഉപജ്ഞാതാവും ഇതുവരെ അജ്ഞാതനുമായ സതാഷി നകാമോട്ടോ തന്നെ. ഇതു കഴിഞ്ഞാൽ ദുരൂഹത നിറഞ്ഞ വ്യക്തിത്വമായിരുന്നു പോപെസ്‌കു.
നാൽപത്തിയൊന്നുകാരനായ പോപെസ്‌കു ബിറ്റ്‌കോയിനെക്കാൾ തന്റെ വിവാദ ബ്ലോഗിലൂടെയാണു പ്രശസ്തി നേടിയത്. 2012ൽ ബിറ്റ്‌കോയിനെക്കുറിച്ച് എഴുതി തുടങ്ങിയ പോപെസ്‌കുവിന്റെ ബ്ലോഗിൽ പിന്നീട് വർണവംശീയതയും സ്ത്രീവിരുദ്ധതയും ഫാസിസ്റ്റ് ചിന്തകളുമൊക്കെ നിറഞ്ഞുനിന്നു.കടുത്ത വിമർശനം ഇതിനെതിരെ ഉയർന്നെങ്കിലും തന്റെ ശൈലിയോ ബ്ലോഗിലെ ഉള്ളടക്കമോ മാറ്റാൻ പോപെസ്‌കു തയാറായിരുന്നില്ല. മാസത്തിൽ ശരാശരി 100 ബ്ലോഗ് പോസ്റ്റുകൾ വരെ പോപെസ്‌ക്യു ചെയ്യുമായിരുന്നു.