സ്വാതന്ത്ര്യദിന ആഘോഷം: സമാനതകളില്ലാത്ത അതിനൂതന പരിരക്ഷ ഒരുക്കി സുരക്ഷാവിഭാഗങ്ങൾ
Mail This Article
78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുമ്പോള്‍ മുൻപൊരിക്കലുമില്ലാത്ത സുരക്ഷാ വലയത്തിലായിരിക്കും രാജ്യ തലസ്ഥാനം. നഗരത്തിന് പഴുതടച്ചുള്ള സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ അസൂയാവഹമായ കഴിവു പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷാ വിഭാഗങ്ങള്‍. ഇത്തവണ ഒരു പടികൂടെ കടന്ന് ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും അതിനൂതന സാങ്കേതികവിദ്യകളുടെ പരിരക്ഷയാണ് ഒരുക്കുന്നത്.
ഫെയ്സ് ഡിറ്റക്ഷനും വാഹനം തിരിച്ചറിയലും
നിര്‍മിത ബുദ്ധിയും (എഐ), മറ്റ് നൂതന സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയായിരിക്കും ഇത്തവണ സുരക്ഷാ സംവിധാനങ്ങളുടെ കരുത്ത് ഊട്ടിയുറപ്പിക്കുക. ആള്‍ക്കൂട്ട നിയന്ത്രണവും കൂടുതല്‍ മെച്ചപ്പെടുത്തും. ഫേഷ്യല്‍ റെക്കഗ്നിഷന്‍, ആള്‍ക്കൂട്ടത്തിന്റെ വലുപ്പം അറിയാനുള്ള കഴിവ്, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തിയെടുക്കാനുള്ള ശേഷി തുടങ്ങിയവ അടക്കമുള്ള മികവായിരിക്കും ക്യാമറകള്‍ക്ക് ഉണ്ടാകുക എന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. അളുകള്‍ കടന്നു വരുന്നതും തിരിച്ചു പോകുന്നതും ശ്രദ്ധിക്കുകയും ഈ വിവരങ്ങള്‍ തത്സമയം സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്യും. ഇതിനെല്ലാം പുറമെ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, അനുവാദമില്ലാത്തിടത്തേക്ക് കടന്നു കയറാനുള്ള ശ്രമം തുടങ്ങിയവ ഒക്കെ നിരീക്ഷണവിധേയമായിരിക്കും.
പുതിയ 700 സിസിടിവികള്‍
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ 700 സിസിടിവികള്‍ സ്ഥാപിക്കും. ഇവയില്‍ 150ലേറെ എണ്ണത്തിന് അതിനൂതന വിഡിയോ വിശകലന ശേഷിയും ഉണ്ടായിരിക്കും. ഇവയ്ക്ക് നല്‍കിയിരിക്കുന്ന ലിസ്റ്റ് അനുസരിച്ച് ആളുകളെ തിരിച്ചറിയാനാകും. ആളുകളുടെ എണ്ണമെടുക്കാനും സാധിക്കും. നുഴഞ്ഞുകയറ്റം തിരിച്ചറിയും. ശബ്ദങ്ങളും നിരീക്ഷിക്കും.
നമ്പര്‍ പ്ലേറ്റ് ഡിറ്റെക്ഷന്‍ സിസ്റ്റം നിരന്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ രേഖപ്പെടുത്തുന്നതിനൊപ്പം ഡാറ്റ തത്സമയം വിശകലനവും ചെയ്യും. ഇതെല്ലാം ഉണ്ടെങ്കിലും മുഴുവന്‍ പ്രവര്‍ത്തനവും ടെക്‌നോളജിയേ ഏല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു സാഹസത്തിനും പൊലിസ് തയാറല്ലതാനും. ചെങ്കോട്ടയിലും മറ്റു നിര്‍ണായക ഇടങ്ങളിലും വിന്യസിക്കുന്നത് 10,000 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയായിരിക്കും.
സുനിതാ വില്യംസ് ഫെബ്രുവരി 2025നു മുമ്പ് ഭൂമിയിലെത്തിയേക്കില്ല
എട്ടു ദിവസ ദൗത്യത്തിനായി പോയ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും, ബാരി വില്‍മോറും എട്ടു മാസം കഴിഞ്ഞു മാത്രമായിരിക്കാം ഭൂമിയിലേക്ക് മടങ്ങുക. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ക്ക് ഫെബ്രുവരി 2025 വരെ ഇന്റര്‍നാഷണല്‍ സ്‌പെയ്സ് സ്റ്റേഷനില്‍ (ഐഎസ്എസ്) തങ്ങേണ്ടിവന്നേക്കും. ബോയിങിന്റെ പുതിയ സ്റ്റാര്‍ലൈനര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ഐഎസ്എസില്‍ എത്തിയത്. എന്നാല്‍, അവരുടെ ക്യാപ്‌സ്യൂളിന് ത്രസ്റ്റ് ഫെയ്‌ലിയറും ഹീലിയും ലീക്കും ഉണ്ടായതോടെ തിരികെയുള്ള യാത്ര മുടങ്ങി.
സ്‌പെയ്‌സ്എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുന്ന കാര്യം നാസ വെളിപ്പെടുത്തിയിരുന്നു. ഇതു നടന്നാല്‍ പോലും ഫെബ്രുവരി വരെ ഇരുവര്‍ക്കും ബഹിരാകാശത്ത് കഴിയേണ്ടി വന്നേക്കുമത്രെ. അതേസമയം, അടുത്ത ആറുമാസത്തേക്ക് ഇരുവര്‍ക്കുംആതിഥേയത്വം വഹിക്കാനുള്ള ശേഷി ഐഎസ്എസിന് ഉണ്ടോ എന്ന ഉത്കണ്ഠയും പരക്കുകയാണ്. ഒപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭീതിയും.
ഐഎസ്എസിലെ മൈക്രോഗ്രാവിറ്റി ദീര്‍ഘകാലം അനുഭവിക്കേണ്ടിവന്നാല്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലേ എന്നാണ് ഉയരുന്ന ചോദ്യം. എല്ലുകളുടെ കാഠിന്യം കുറയാം. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിക്കാം. ഡിഎന്‍എ പ്രശ്‌നങ്ങള്‍ വന്നാല്‍ ക്യാന്‍സര്‍ വരാനുളള സാധ്യതയും വര്‍ദ്ധിക്കാം. ഇക്കാരണങ്ങളാലാണ് ബഹിരാകാശ ദൗത്യങ്ങള്‍ ഏറിയാല്‍ ഒരാഴ്ച എന്നൊക്കെ നിജപ്പെടുത്തിയിരിക്കുന്നതത്രെ. ഐഎസ്എസ് റീസേര്‍ച്ചിന്റെ പുതിയ ട്വീറ്റ്:
വില കുറഞ്ഞ സാംസങ് ഫോണുകളിലേക്കും എഐ ചേക്കേറും!
ഐഫോണ്‍ 15, 15 പ്രോ മാക്‌സ് എന്നിവ ഒഴികെ ആപ്പിള്‍ ഇപ്പോള്‍ വില്‍ക്കുന്ന ഒരു ഐഫോണിലേക്കും എഐ എത്തില്ല എന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അതല്ല ആപ്പിളിന്റെ ഏറ്റവുമടുത്ത എതിരാളിയായ സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ കാര്യം. സാംസങ് ഗ്യാലക്‌സി എസ്24 ഫോണുകള്‍ക്ക് മാത്രമായാണ് ഗ്യാലക്‌സി എഐ നല്‍കിയത്. തുടര്‍ന്ന് തലേ വര്‍ഷത്തെ എസ്23 സീരിസിനും, ഗ്യാലക്‌സി സെഡ് ഫോള്‍ഡ്/ഫ്‌ളിപ് 5 മോഡലുകള്‍ക്കും നല്‍കി.
സാംമൊബൈലിന്റെ പുതിയ റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, സാംസങ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന വണ്‍ യുഐ 6.1.1 ലേറെ ഗ്യാലക്‌സി എ സീരീസ് ഫോണുകളിലേക്കും എഐ ചേക്കേറും. ഗ്യാലക്‌സി എ35, എ55 സീരിസുകളിലും എഎ ലഭിക്കുമെന്നാണ് സൂചന. ആപ്പിള്‍ എഐ പ്രോസസിങ് ഫോണുകളില്‍തന്നെ നടത്താന്‍ ശ്രമിക്കുന്നതാണ് മറ്റ് ഐഫോണുകള്‍ക്ക് നിര്‍മ്മിത ബുദ്ധി ലഭിക്കാതെ പോകുന്നത്. എന്നാല്‍, സാംസങ് അനുവര്‍ത്തിക്കുന്നത് മറ്റൊരു രീതിയാണ്. ഉപകരണത്തിലും ക്ലൗഡിലുമായി പ്രൊസസിങ് നടത്തുന്നു. ഭാവിയില്‍ ആപ്പിള്‍ ഈ രീതി അനുവര്‍ത്തിച്ചാല്‍ മാത്രമായിരിക്കുംഇപ്പോള്‍ വില്‍ക്കുന്ന മറ്റ് ഐഫോണുകളില്‍ ജനറേറ്റിവ് എഐ ലഭിക്കുക.
അതു പോലെ തന്നെ പ്രീമിയം ഫോണുകളില്‍ ലഭിക്കുന്ന അതേ എഐ ശേഷികളെല്ലാം എ സീരിസിന് ലഭിക്കില്ല എന്ന കാര്യവും മനസിലിരിക്കണം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ എ35ന്റെ തുടക്ക വേരിയന്റ് ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 24,499 രൂപയ്ക്കാണ്. എല്ലാ ഫീച്ചറുകളും പരിശോധിച്ചശേഷം പരിഗണിക്കാം.
എഐ ആചാര്യനെ ബോര്‍ഡിലെടുത്ത് ഓപ്പണ്‍എഐ
കാര്‍ണിഗി മെലണ്‍ യൂണിവേഴ്‌സിറ്റിയി പ്രൊഫസറും, മെഷീന്‍ ലേണിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറുമായ സികോ കോള്‍ട്ടര്‍ (Zico Kolter) ഓപ്പണ്‍എഐയുടെ ബോര്‍ഡിലേക്ക് എത്തും. നിര്‍മിത ബുദ്ധിയുടെ കാര്യത്തില്‍ ഇപ്പോള്‍ നേതൃനിരയിലുള്ള കമ്പനിയാണ് ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പണ്‍എഐ. കമ്പനിയുടെ സെയ്ഫ്റ്റി അന്‍ഡ് സെക്യുരിറ്റി സമിതിയിലും അദ്ദേഹം ഉണ്ടായിരിക്കും.
വിന്‍ഡോസില്‍ നവംബര്‍ മുതല്‍ പെയിന്റ് 3ഡി ഉണ്ടാവില്ല
വിന്‍ഡോസിലെ വളരെ പ്രിയപ്പെട്ട ആപ്പുകളിലൊന്നായിരുന്ന പെയിന്റിനൊപ്പം പുതിയ പെയിന്റ് 3ഡി മൈക്രോസോഫ്റ്റ് കൊണ്ടുവന്നത് 2016ല്‍ ആയിരുന്നു. ഇത് 2024 നവംബര്‍ 4 മുതല്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പെയിന്റ് 3ഡി വിന്‍ഡോസിലെ ഒരു പ്രീ ഇന്‍സ്റ്റോള്‍ഡ് ആപ്പ് ആയി നല്‍കുന്നത് 2021 മുതല്‍ നിലച്ചിരുന്നു. അപ്പോഴും വേണ്ടവര്‍ക്ക് അത് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാമായിരുന്നു. അതേസമയം, ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട പെയിന്റ് (ആദ്യ വേര്‍ഷന്‍) ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു.