ജീവിതത്തിൽ ഒരിക്കൽ കാണാനാവുന്ന നോവ സ്ഫോടനം ഉടൻ സംഭവിക്കും; എന്താണ് ടി കൊറോണ ബോറിയലിസ്
Mail This Article
എപ്പോള്‍ വേണമെങ്കിലും ആകാശത്ത് ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്. ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഈ അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു ചുവന്നഭീമൻ, വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ അടങ്ങിയതാണ് ഈ സംവിധാനം. വെള്ളക്കുള്ളൻ നക്ഷത്രം ചുവന്നഭീമനിൽ നിന്ന് നക്ഷത്രപിണ്ഡം ആർജിച്ചുകൊണ്ടിരിക്കും.
'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്നത്' എന്നാണ് നാസ തന്നെ ഈ നക്ഷത്ര പൊട്ടിത്തെറിയെ വിശേഷിപ്പിച്ചിരിക്കുന്നത്. 3,000 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ടി കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹത്തിലെ ഒരു ഇരട്ട നക്ഷത്ര സിസ്റ്റത്തിലാണ് അത് നടക്കുക.
ആവശ്യത്തിനു വസ്തുക്കൾ ആർജിച്ചുകഴിഞ്ഞാൽ താര ഉപരിതലത്തിൽ കുറച്ചുനേരം നീണ്ടുനിൽക്കുന്ന പ്രകാശമുണ്ടാക്കും. ഇതാണ് നോവ വിസ്‌ഫോടനം.നോർത്തേൺ ക്രൗൺ എന്നുമറിയപ്പെടുന്ന കൊറോണ ബോറിയലിസ് താരസംവിധാനത്തിൽ ഈ വിസ്‌ഫോടനം കൃത്യമായി കാണാൻ സാധിക്കും. ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിലാകും ഇതു ദൃശ്യമാകുകയെന്ന് ഗവേഷകർ പറയുന്നു. കേവലം ഒരാഴ്ച മാത്രമാകും ഇതു നീണ്ടുനിൽക്കുക. അതിനു ശേഷം മങ്ങിപ്പോകും.
ഇത്തരം നോവ വിസ്‌ഫോടനങ്ങൾ ശരാശരി 80 വർഷങ്ങളുടെ ഇടവേളയിലാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അതായത്, ഇനി ഇതുപോലൊന്ന് കാണാൻ 80 വർഷം കാത്തിരിക്കണം. വാനനിരീക്ഷകർക്കും മറ്റും അസുലഭമായ ഒരു അവസരമാണ് വന്നിരിക്കുന്നതെന്ന് സാരം. ഒരു നക്ഷത്രത്തിന്‌റെ പ്രതീതി സൃഷ്ടിച്ചാകും ഈ വിസ്‌ഫോടനം ആകാശത്തു പ്രത്യക്ഷപ്പെടുക. 1946ലാണ് ഈ നോവ വിസ്‌ഫോടനം ഒടുവിലുണ്ടായത്. ബൂട്ട്‌സ്, ഹെർക്കുലീസ് എന്നീ നക്ഷത്രസംവിധാനങ്ങളുടെ ഇടയിലായാണ് കൊറോണ ബൊറിയാലിസ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലും കാണാം
1866ലാണ് കൊറോണ ബോറിയാലിസിലെ ആ ഇരട്ട നക്ഷത്രങ്ങള്‍ക്കിടയിലുണ്ടാവുന്ന നോവ പൊട്ടിത്തെറി ആദ്യം ശ്രദ്ധിക്കുന്നത്. 1946ല്‍ വീണ്ടും പൊട്ടിത്തെറിച്ചു. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ പ്രകാരം ചെറിയ വ്യത്യാസങ്ങളുണ്ടായാലും സെപ്തംബറിനുള്ളില്‍ നമുക്കെല്ലാം കാണാവുന്ന ആ പൊട്ടിത്തെറി സംഭവിക്കും.
ശാസ്ത്രസമൂഹത്തിന് പരമാവധി വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ഭാവിയിലേക്ക് ഉപകാരപ്പെടുത്താനുള്ള അസുലഭ അവസരം കൂടിയാണിത്.കേരളത്തില്‍ നിന്നും നോക്കുകയാണെങ്കില്‍ വടക്കു ദിശയിലാണ് കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹമുള്ളത്. തെളിഞ്ഞ ആകാശമാണെങ്കില്‍ ഈ നക്ഷത്ര സമൂഹത്തെ ഇപ്പോഴും കാണാനാവും.
നൈറ്റ് സ്‌കൈ ആപ്പുകള്‍ ഉപയോഗിച്ചാല്‍ എളുപ്പം ഇതിന്റെ സ്ഥാനം കണ്ടെത്താനാവും. നോവ പൊട്ടിത്തെറി നടക്കുമ്പോള്‍ പുതിയൊരു നക്ഷത്രം കൊറോണ ബോറിയാലിസില്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. ഒരാഴ്ച്ചയോളം പുതിയൊരു നക്ഷത്രത്തിന്റെ രൂപത്തില്‍ ആകാശത്തെ ഈ നക്ഷത്ര പൊട്ടിത്തെറി നമുക്ക് കാണാനാവും.