ചുവപ്പ് നിറത്തിലുള്ള ഈ ഭക്ഷണങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും, പക്ഷാഘാതം തടയും!

Mail This Article
ഹൃദയത്തെ ആരോഗ്യമുളളതും സുരക്ഷിതവും ആക്കി നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. ഓക്സിജൻ അടങ്ങിയ രക്തം എല്ലാ അവയവങ്ങളിലും എത്തിക്കുന്നതില്‍ ഹൃദയം ഒരു പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ പല വെല്ലുവിളികളും ഹൃദയത്തിന് നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് ഹൃദയധമനികളിൽ രക്തം കട്ടപിടിക്കുക എന്നത്.
കൊഴുപ്പ്, കൊളസ്ട്രോൾ മറ്റ് വസ്തുക്കൾ ഇവ അടിഞ്ഞുകൂടി ധമനികളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് അതിറോസ്ക്ലീറോസിസ്. ഏറെക്കാലം ചികിത്സിക്കാതിരുന്നാൽ ധമനീഭിത്തികളിൽ പ്ലേക്ക് രൂപപ്പെടാനും പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനും കാരണമാകും.
മരുന്നുകൾ ആവശ്യമാണെങ്കിലും ധമനികളിൽ രക്തം കട്ടപിടിക്കുന്നതു തടയുന്നതിൽ ഭക്ഷണവും ഒരു പ്രധാന പങ്കു വഹിക്കുന്നു. ധമനികളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചുവപ്പു നിറത്തിലുള്ള ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെ എന്നറിയാം.

തക്കാളി
തക്കാളിയിൽ ധാരാളം ലൈക്കോപ്പീൻ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഇൻഫ്ലമേഷനും കുറയ്ക്കാൻ സഹായിക്കുന്ന ശക്തിയേറിയ ഒരു ആന്റിഓക്സിഡന്റ് ആണ് ലൈക്കോപ്പീൻ. തക്കാളി പതിവായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സാലഡില്‍ ചേർത്തും വേവിച്ചും തക്കാളി കഴിക്കാം. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
ചുവന്ന കാപ്സിക്കം
വൈറ്റമിൻ എ യും സി യും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളെ ഇത് ആരോഗ്യമുള്ളതാക്കുന്നു. ചുവന്ന ക്യാപ്സിക്കത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ധമനികളുടെ ബ്ലോക്കേജിനു കാരണമാകുന്ന ഓക്സീകരണ സമ്മർദം തടയുന്നു. രുചിയോടൊപ്പം ആരോഗ്യഗുണങ്ങളും ഏറെയുള്ള ചുവന്ന ക്യാപ്സിക്കം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ബീറ്റ്റൂട്ട്
രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ബീറ്റ്റൂട്ട്, രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. നൈട്രേറ്റ് ധാരാളമടങ്ങിയ ബീറ്റ്റൂട്ട്, രക്തക്കുഴലുകളുടെ വിസ്താരം കൂട്ടുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും. ബീറ്റ്റൂട്ട് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

മാതളം
മാതളത്തിൽ പോളിഫിനോളുകൾ ധാരാളമുണ്ട്. ഇത് ഇൻഫ്ലമേഷനും കൊളസ്ട്രോളും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ജ്യൂസ് ആക്കിയും മാതളനാരങ്ങ കഴിക്കാം. ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പക്ഷാഘാത സാധ്യത കുറയ്ക്കാനും മാതളം കഴിക്കുന്നതിലൂടെ സാധിക്കും.
മുന്തിരി
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റ് ആയ റെസ്‌വെറാട്രോൾ മുന്തിരിയിൽ ധാരാളമുണ്ട്. രക്തക്കുഴലുകളുടെ പുറംപാളിയെ ഇത് സംരക്ഷിക്കുകയും പ്ലേക്ക് ഉണ്ടാവാതെ തടയുകയും ചെയ്യുന്നു. മുന്തിരി കഴിക്കുന്നത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും.
ചെറി
ചെറിപ്പഴം, പ്രത്യേകിച്ച് പുളിയുള്ളത് ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയതാണ്. ഇവ കൊളസ്ട്രോളും ഹൃദ്രോഗസാധ്യതയും കുറയ്ക്കും.

റാസ്പ്ബെറി
ധാരാളം നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ റാസ്പ്ബെറി ഹൃദയാരോഗ്യമേകുന്ന ഒരു പഴവർഗമാണ്. റാസ്പ്ബെറിയിലടങ്ങിയ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിലടങ്ങിയ ആന്റി ഓക്സിഡന്റുകളാകട്ടെ ഇൻഫ്ലമേഷനും കുറയ്ക്കും. പ്രഭാതഭക്ഷണത്തിലും ഡെസെർട്ടുകളിലും ഇവ ഉൾപ്പെടുത്താം.