വീട്ടിൽ 12 അംഗങ്ങൾ: കൊടുംവേനലിലും വൈദ്യുതിചാർജ് വെറും 12 രൂപ; ഇത് സോളർ മാജിക്

Mail This Article
വേനൽക്കാലം എത്തി. ഫാനോ എസിയോ പ്രവർത്തിപ്പിക്കാതെ ഒരു നിമിഷം പോലും വീടിനുള്ളിൽ കഴിയാനാകാത്ത അവസ്ഥ. അതുകൊണ്ടുതന്നെ വൈദ്യുതി ചാർജ് വേനൽക്കാലത്ത് കുത്തനെ ഉയരുകയും ചെയ്യും. എന്നാൽ ഫരീദാബാദ് സ്വദേശിയായ സന്ദീപ് മാലിന് കൊടുംവേനൽ ഒന്നും ഒരു പ്രശ്നമേയല്ല. 10,000 ചതുരശ്ര അടി വലുപ്പമുള്ള വീട്ടിലാണ് സന്ദീപിന്റെ താമസം. 12 പേരാണ് ഇവിടെ കഴിയുന്നത്. വേനൽ കടുക്കുന്ന മാസങ്ങളിൽ അരലക്ഷം രൂപയ്ക്ക് മുകളിൽ വൈദ്യുതി ചാർജ് കൊടുക്കാറുണ്ടായിരുന്ന സന്ദീപ് വെറും 12. 69 രൂപ മാത്രമാണ് കഴിഞ്ഞവർഷം അതേ കാലയളവിൽ അടച്ചത്.
വൈദ്യുതി ഉൽപാദനത്തിനായി സൗരോർജ്ജത്തെ ആശ്രയിച്ചതാണ് സന്ദീപിനും കുടുംബത്തിനും അനുഗ്രഹമായത്. സന്ദീപിന്റെ മാതാപിതാക്കളടക്കം നാലു തലമുറയിൽ പെട്ടവരാണ് വീട്ടിലുള്ളത്. ആറ് കിടപ്പുമുറികളുള്ള വീടാണിത്. സോളർ പാനൽ സ്ഥാപിക്കുന്നതിനു മുൻപ് 50,000 രൂപ മുതൽ 60,000 രൂപ വരെ കറണ്ട് ചാർജ് നൽകേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് നാലുവർഷങ്ങൾക്ക് മുൻപാണ് വൈദ്യുതിക്കായി സൗരോർജത്തെ ആശ്രയിക്കാൻ തീരുമാനിച്ചത്.
തുടക്കത്തിൽ 10 കിലോ വാട്ടിന്റെ റൂഫ് ടോപ്പ് സോളർ സംവിധാനമാണ് സ്ഥാപിച്ചത്. ശേഷം വൈദ്യുതി ബില്ലിൽ വലിയ കുറവ് ഉണ്ടാകുന്നതായി തിരിച്ചറിഞ്ഞു. ഹരിയാനയിൽ നെറ്റ് മീറ്ററിംഗ് സംവിധാനമാണ് പിന്തുടരുന്നത്. ഇതുപ്രകാരം സാധാരണ വൈദ്യുതി കണക്‌ഷനും സോളർ വൈദ്യുതിയും ഒരേപോലെ ഉപയോഗിക്കുന്നുണ്ട്. സൗരോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ ഉപഭോഗം കഴിഞ്ഞ് അവശേഷിക്കുന്നത് ഗ്രിഡ്ഡിലേക്ക് തിരികെ നൽകുന്നു. ഇത്തരത്തിൽ തിരികെ നൽകുന്ന വൈദ്യുതിയുടെ ചാർജ് കുറച്ച ശേഷമുള്ള തുകയാണ് വൈദ്യുതി ബില്ലായി അടയ്ക്കേണ്ടി വരുന്നത്.
ഇത് വലിയ ലാഭമാണെന്ന് മനസ്സിലാക്കിയതോടെ 15 കിലോ വാട്ടിന്റെ അധിക സോളർ പ്ലാന്റ് കൂടി സന്ദീപ് വീട്ടിൽ സ്ഥാപിച്ചു. അതിനുശേഷം വന്ന വേനൽക്കാലത്താണ് വെറും പതിമൂന്നു രൂപയിൽ താഴെ വൈദ്യുതി ബില്ലായി അടയ്‌ക്കേണ്ടി വന്നത്. ആദ്യഘട്ടത്തിൽ 10 കിലോവാട്ട് സംവിധാനം സ്ഥാപിക്കുന്ന സമയത്ത് ഒരു കിലോ വാട്ടിന് അറുപതിനായിരം രൂപയാണ് ചെലവായത്. എന്നാൽ രണ്ടാം ഘട്ടമായി 15 കിലോ വാട്ട് സ്ഥാപിച്ചപ്പോൾ തുക കുറയുകയും കിലോ വാട്ടിന് 45,000 രൂപ വീതം മാത്രം നൽകുകയും ചെയ്തു.

ഇത്രയധികം തുക സോളർപാനലുകൾ സ്ഥാപിക്കുന്നതിനായി വേണ്ടി വന്നെങ്കിലും പ്രതിമാസമുള്ള വൈദ്യുതി ബില്ലിലെ കുറവ് പരിഗണിക്കുമ്പോൾ ലാഭം മാത്രമാണുള്ളത് എന്ന് സന്ദീപ് പറയുന്നു. സോളർ പാനലുകൾ സ്ഥാപിക്കാനായി ചെലവായ തുക രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നികത്താൻ സാധിക്കും. 25 വർഷത്തെ വാറണ്ടിയോടെയാണ് സന്ദീപ് സൗരോർജ്ജ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.