ഇന്ത്യയിലെത്തി വിയറ്റ്നാമീസ് ഇവികൾ, വിന്‍ഫാസ്റ്റിന്റെ പുതിയ മോഡലുകൾ

Mail This Article
വൈദ്യുത കാര്‍ മോഡലുകളും ഇവി പിക്ക്അപ് ട്രക്കും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ അവതരിപ്പിച്ച് വിയറ്റ്നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. കാറുകള്‍ക്കു പുറമേ ഇരുചക്രവാഹനങ്ങളും ഒരു കണ്‍സെപ്റ്റ് വാഹനവും വിന്‍ഫാസ്റ്റ് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം വിഎഫ് 7, വിഎഫ് 6 എസ്യുവികള് പുറത്തിറക്കുമെന്നും വിന്‍ഫാസ്റ്റ് അറിയിച്ചു. വിന്‍ഫാസ്റ്റ് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച നാല് പ്രധാന ഇവികളെ പരിചയപ്പെടാം.

∙ വിന്‍ഫാസ്റ്റ് വിഎഫ് 3
വിന്‍ഫാസ്റ്റിന്റെ കുട്ടി ഇവിയാണ് വിഎഫ് 3. എംജി കോമറ്റിനേക്കാള്‍ അല്പം മാത്രം വലിപ്പക്കൂടുതല്‍. രണ്ട് ഡോറുകളും നാലു സീറ്റുകളുമുള്ള വിഎഫ് 3യുടെ നീളം 3,190എംഎം, വീതി 1,679എംഎം, ഉയരം 1,622 എന്നിങ്ങനെയാണ്. വീല്‍ബേസ് 2,075എംഎം. 16 ഇഞ്ച് അലോയ് വീലുകളുള്ള വിഎഫ്3ക്ക് 191എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
ഉള്ളില്‍ ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ലെയേഡ് ഡാഷ്ബോര്‍ഡും ടു സ്പോക്ക് സ്റ്റീറിങ് വീലുകളും ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോളും കുത്തനെയുള്ള എസി വെന്റുകളുമാണുള്ളത്. പിന്‍സീറ്റുകള്‍ മടക്കിയാല്‍ 550 ലീറ്റര്‍ വരെ ബൂട്ട് സ്പേസ് ലഭിക്കും. 18.64കിലോവാട്ട് ലിത്തിയം അയേണ്‍ ബാറ്ററി 210 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 43.5എച്ച്പി കരുത്തും 110എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മണിക്കൂറില്‍ 0-50കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 5.3 സെക്കന്‍ഡ് മതി. ബാറ്ററിയുടെ ചാര്‍ജ് 10-70 ശതമാനത്തിലേക്ക് 36 മിനുറ്റിലെത്തും.

∙ വിന്‍ഫാസ്റ്റ് വിഎഫ് ഇ34
ഹ്യുണ്ടേയ് ക്രേറ്റയുടെ വലിപ്പമുള്ള എസ് യു വിയാണ് വിന്‍ഫാസ്റ്റ് വിഎഫ് ഇ34. ഇന്ത്യയിലെ റോഡുകളില്‍ ഈ വാഹനം ടെസ്റ്റ് റണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെത്തിയാല്‍ മഹീന്ദ്ര ബിഇ 6, ഹ്യുണ്ടേയ് ക്രേറ്റ ഇവി, മാരുതി ഇ വിറ്റാര എന്നിവയോടായിരിക്കും പ്രധാന മത്സരം. 41.9കിലോവാട്ട് ബാറ്ററിയുള്ള വാഹനം 150എച്ച്പി കരുത്തും 242എന്‍എം ടോര്‍ക്കും പുറത്തെടുക്കും. റേഞ്ച് 318.6കിലോമീറ്റര്‍. 10 ഇഞ്ച് ടച്ച്സ്ക്രീനും കറുപ്പ്, ചാര നിറത്തിലുള്ള ഇന്റീരിയറുമാണ് വിഎഫ് ഇ34ന് നല്‍കിയിരിക്കുന്നത്.
∙ വിന്‍ഫാസ്റ്റ് വിഎഫ് 8
മഹീന്ദ്ര എക്സ് യു വി700, ടാറ്റ സഫാരി എന്നിവയോട് കിടപിടിക്കാവുന്ന വിന്‍ഫാസ്റ്റ് മോഡലാണ് വിഎപ് 8. വലിപ്പം കൂടുതലാണെങ്കിലും 5 സീറ്റര്‍ വാഹനമാണിത്. 87.7കിലോവാട്ട് ബാറ്ററി പാക്ക് 412 കിലോമീറ്റര്‍ റേഞ്ച് നല്‍കും. മികച്ച വകഭേദം 408എച്ച്പി കരുത്തും 500എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. മണിക്കൂറില്‍ 0-96കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ 5.5 സെക്കന്‍ഡു മതി.

∙വിന്‍ഫാസ്റ്റ് വിഎഫ്9
വിന്‍ഫാസ്റ്റിന്റെ ഏറ്റവും വലിയ ഇ എസ്യുവിയാണിത്. മൂന്നു നിര വാഹനമായ വിഎഫ്9 ആറുപേര്‍ക്കും ഏഴുപേര്‍ക്കും സഞ്ചരിക്കാവുന്ന മോഡലുകളിലെത്തുന്നു. ഔഡി ക്യു7നേക്കാളും വലിയ വാഹനമാണിത്. ഇകോ, പ്ലസ് എന്നീ രണ്ട് വകഭേദങ്ങള്‍. 123കിലോവാട്ട് ബാറ്ററി 531 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ഡ്രൈവ് വാഹനം 408എച്ച്പി കരുത്തും 620എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 6.6 സെക്കന്‍ഡു മതിയാവും. ഇകോ വകഭേദത്തില്‍ 7 സീറ്റര്‍ മോഡല്‍ മാത്രമാണുള്ളത്. പ്ലസില്‍ 6 സീറ്റര്‍, 7 സീറ്റര്‍ മോഡലുകളുണ്ട്.
പ്ലസില്‍ 21 ഇഞ്ച് അലോയ് വീലുകളും ഇകോയില് 20 ഇഞ്ച് അലോയ് വീലുകളും. ഓട്ടോഡിമ്മിങ് ഔട്ട്സൈഡ് റിയര്‍വ്യൂ മിറര്‍, മുന്‍ നിരയിലും രണ്ടാമത്തെ നിരയിലും മസാജ് സൗകര്യമുള്ള പവേഡ്-ഹീറ്റഡ്-വെന്റിലേറ്റഡ് സീറ്റുകള്‍, പിന്നില്‍ 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍, 13 സ്പീക്കറുകള്‍, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍.

∙ വിന്‍ഫാസ്റ്റ് വിഎഫ് വൈല്‍ഡ് കണ്‍സെപ്റ്റ്
2024ലെ ലാസ് വെഗാസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് ആദ്യമായി ഈ കണ്‍സെപ്റ്റ് വാഹനം അവതരിപ്പിക്കുന്നത്. ടൊയോട്ട ഹൈലക്സിന് എതിരാളിയായാണ് ഈ പിക്ക് അപ് ട്രക്കിന്റെ വരവ്. ഹൈലക്സിനേക്കാള് വീതി കൂടുതലുണ്ട്. പവേഡ് ടെയില്‍ഗേറ്റ്, അഞ്ച് അടിയില്‍ നിന്നും എട്ട് അടിയിലേക്ക് വലിപ്പം വര്‍ധിപ്പിക്കാവുന്ന ലോഡിങ് ബെഡ്, മടക്കാവുന്ന പിന്‍സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ സൈഡ് മിററുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.