ADVERTISEMENT

ആപ്പിളിന്റെ ബജറ്റ് ഫോൺ  എസ്ഇ 4 അടുത്തിടെ ഇറങ്ങുമെന്നായിരുന്നു റിപ്പോർട്ട്. 80,000 രൂപയോ അതിലേറെയോ നല്‍കി വാങ്ങിയ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് സാധിക്കാത്ത കാര്യങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ളതായിരിക്കും 500 ഡോളര്‍ (50,000 രൂപയോളം വില) വില വരുന്ന, ഐഫോണ്‍ എസ്ഇ 4 എന്നത് വളരെ അസാധാരണ സഹചര്യമാണെന്ന് വിലയിരുത്തല്‍. ഐഫോണ്‍ എസ്ഇ 4ന് 8ജിബി റാം ഉണ്ടായിരിക്കും എന്നും അതിനാല്‍ തന്നെ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും ഗുര്‍മന്‍ പ്രവചിക്കുന്നു. 

നേരത്തെ വന്ന ഊഹാപോഹങ്ങള്‍ പ്രകാരം, ഐഫോണ്‍ 16 സീരിസ് അവതരിപ്പിക്കുന്ന വേദിയില്‍ തന്നെ ഐഫോണ്‍ എസ്ഇ 4ഉം പരിചയപ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എസ്ഇ 4 മോഡല്‍ 2025 ആദ്യമായിരിക്കും പുറത്തിറക്കുക. സെപ്റ്റംബറില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ 4 മോഡലുകള്‍ ആയിരിക്കും പുറത്തിറക്കുക. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ഐഫോണ്‍ എസ്ഇ 3യ്ക്ക് 4ജിബി റാം ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ ഇരട്ടി റാം എസ്ഇ 4ന് ലഭിക്കും. മാത്രമോ, ഐഫോണ്‍ 14ന്റെ കെട്ടിലും മട്ടിലുമായിരിക്കും അത് എത്തുക എന്നും സൂചനകളുണ്ട്. നിലവില്‍ ഐഫോണ്‍ 15, 15 പ്രോ മോഡലുകള്‍ക്ക് മാത്രമെ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ളശേഷിയുള്ളു. അതിനാല്‍ തന്നെ ഇനി പുതിയ ഐഫോണ്‍ മോഡലുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരിക്കണം എന്നാണ് പൊതുവെയുളള അഭിപ്രായം. 

ആപ്പിളിനെതിരെയുള്ള റിപ്പോര്‍ട്ട് തിരിച്ചു വിളിച്ച് ഇന്ത്യ

ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ കമ്പനി രാജ്യത്തെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്നു പറഞ്ഞ് ചില കമ്പനികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിന്‍വലിച്ചു എന്ന് റോയിട്ടേഴ്‌സ്. ആപ്പിളിന്റെ പരാതിയെതുടര്‍ന്നാണ് ഈ അസാധാരണ നടപടിഎന്നാണ് വ്യക്തമാകുന്നത്. തങ്ങളുടെ വാണിജ്യ രഹസ്യങ്ങള്‍ ടിന്‍ഡര്‍ ആപ്പിന്റെ ഉടമയായ മാച്ച് (Match) അടക്കം തങ്ങളുടെ എതിരാളികളുടെ കൈവശം എത്തി എന്ന് കാണിച്ച് ആപ്പിള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 

Image Credit: husayno/Istock
Image Credit: husayno/Istock

ആപ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകള്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ 30 ശതമാനം വരെ ആപ്പിള്‍ വാങ്ങുന്നു എന്ന ആരോപണത്തിനെക്കുറിച്ചുള്ള അന്വേഷണം ഇന്ത്യ ആരംഭിച്ചത് 2021ല്‍ ആയിരുന്നു. ഇതാകട്ടെ ഇഴഞ്ഞിഴ​ഞ്ഞാണ് മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. മറ്റു കമ്പനികള്‍ക്കു മേല്‍ തങ്ങള്‍ക്കുള്ള മേല്‍ക്കോയ്മ ആപ്പിള്‍ മുതലാക്കുന്നു എന്ന ആരോപണമാണ് സിസിഐ ശരിവച്ചത്. 

ഓഗസ്റ്റ് 7ന് ആപ്പിളിന്റെ എതിരാളികള്‍ക്ക് നല്‍കിയ കത്തില്‍ തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് തിരിച്ചു തരണമെന്ന് സിസിഐ ആവശ്യപ്പെട്ടു. ഇത്തരം റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമായി രഹസ്യമാക്കിവയ്‌ക്കേണ്ടതായി ഉണ്ടെന്ന് സിസിഐ പറയുന്നു. തങ്ങളുടെ റിപ്പോര്‍ട്ടുകളിലെവിവരങ്ങള്‍ അനുമതി വാങ്ങാതെ ആര്‍ക്കും നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. 

ആപ്പിളിന്റെ ഇന്ത്യയിലെ ആപ് സ്റ്റോറില്‍ നിന്ന് എത്ര വരുമാനം കിട്ടുന്നു എന്നും കമ്പനിക്ക് എന്തുമാത്രം മാര്‍ക്കറ്റ് ഷെയര്‍ ആണ് ഉള്ളത് എന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്ളതിനാലാണ് ആപ്പിള്‍ പരാതിപ്പെട്ടതെന്ന് പേരുവെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും അറിയുന്നു. ആപ്പിള്‍ തങ്ങളുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തു എന്നു പറഞ്ഞ് രണ്ടു റിപ്പോര്‍ട്ടുകളാണ് സിസിഐ 2022ലും, 2024ലുമായി പുറത്തിറക്കിയത്. 

പണമിടപാടു സ്ഥാപനമായ പേടിഎമ്മിനെ പ്രതിനധീകരിക്കുന്ന സ്റ്റാര്‍ട്ട്-അപ് ആയ എഡിഐഎഫ്, മാച്ച് എന്നീ കമ്പനികളോടാണ് റിപ്പോര്‍ട്ട് തിരിച്ചുതരണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ സിസിഐ അടിയന്തരമായി തിരിച്ചുവാങ്ങണം എന്നും ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നു.അഭൂതപൂര്‍വ്വമായ ഒരു സംഭവവികാസമാണ് ഇത് എന്ന് രാജ്യത്തെ ചില നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും സിസിഐയെ പോലെയുളള വിവിധ കമ്മിഷനുകള്‍ ആപ്പിളിനെതിരെ നടപടികളുമായി നീങ്ങുന്ന കാലമാണിത്. 

2027 വരെ ആപ്പിള്‍ ഇന്റലിജന്‍സിന് വരിസംഖ്യ വാങ്ങിയേക്കില്ല

ഐഫോണ്‍ നിര്‍മാതാവ് ആദ്യമായി തങ്ങളുടെ ഉപകരണങ്ങളില്‍ കൊണ്ടുവരുന്ന നിര്‍മിത ബുദ്ധി (എഐ) ഫീച്ചറുകളാണ് ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ഈ വര്‍ഷം പരിചയപ്പെടുത്താന്‍ പോകുന്നത്. ഇതിനെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ആപ്പിള്‍ ഇന്റലിജന്‍സിന് രണ്ടു വേര്‍ഷന്‍ ഉണ്ടാകാമെന്നും, അതില്‍ കരുത്തു കൂടിയ വേര്‍ഷന്‍ ഉപയോഗിക്കേണ്ടവര്‍ 1000-2000 രൂപ വരെ മാസ വരിസംഖ്യ അടയ്‌ക്കേണ്ടി വന്നേക്കുമെന്നും ആയിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞുവന്നത്. 

എന്നാല്‍, അടുത്ത മൂന്നു വര്‍ഷത്തേക്കെങ്കിലും അത് ഫ്രീയായി നല്‍കാനായിരിക്കും കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് താന്‍ കരുതുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ പ്രവചിക്കുന്നു. പണമീടാക്കാന്‍ പാകത്തിനുള്ള കരുത്ത് ആപ്പിള്‍ ഇന്റലിജന്‍സ് ആര്‍ജ്ജിക്കണമെങ്കില്‍ അത്രയെങ്കിലും നാളെടുക്കുമെന്നാണ് ഗൂര്‍മന്‍ പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍, ഭാവിയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്ലസ് എന്ന പേരില്‍ കരുത്തുറ്റ എഐ പുറത്തിറക്കുകയും ചെയ്‌തേക്കും. 

Image Credits:  M.photostock/Istockphoto.com
Image Credits: M.photostock/Istockphoto.com

ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐക്ലൗഡില്‍ 5ജിബി എല്ലാവര്‍ക്കും ഫ്രീയായി നല്‍കുന്നുണ്ട്. എന്നാല്‍, ഐക്ലൗഡ് പ്ലസിനായി പണം അടയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ക്ലൗഡ്സംഭരണശേഷി നല്‍കുന്നു. പുറമെ, ഐക്ലൗഡ് പ്രൈവറ്റ് റിലേ പോലത്തെ ഫീച്ചറുകളും നല്‍കുന്നു. ഇതിന് സമാനമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് പ്ലസ് എന്നാണ് ഒരു വാദം. അതേസമയം, ഐക്ലൗഡും, ആപ്പിള്‍ ഇന്റലിജന്‍സും ഒരു പാക്കായി നല്‍കിയേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 

ആപ്പിള്‍ പറഞ്ഞതിന്‍ പ്രകാരം മൈക്രോഎല്‍ഇഡി ഉണ്ടാക്കി; നഷ്ടപരിഹാരം കിട്ടണമെന്ന് എല്‍ജി

തങ്ങള്‍ മൈക്രോഎല്‍ഇഡി പാനലുകള്‍ ഉപയോഗിച്ച് ഒരു ആപ്പിള്‍ വാച്ച് ഉണ്ടാക്കുന്നുണ്ടെന്നും, അതിനു വേണ്ട ഡിസ്‌പ്ലെ നിര്‍മ്മിച്ചു തരണമെന്നും ആപ്പിള്‍ ആവശ്യപ്പെട്ടതനുസരിച്ച്, ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാവ് എല്‍ജി അടക്കമുള്ള കമ്പനികള്‍ അതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ആപ്പിള്‍ പിന്നെ ഈ പദ്ധതി ഉപേക്ഷിച്ചു. ഇതോടെ ആപ്പിളിന്റെ വാക്കു വിശ്വസിച്ച് മൈക്രോഎല്‍ഇഡി എത്തിച്ചുകൊടുക്കാന്‍ ശ്രമിച്ച ക്ലൂലികെ (Klulicke), സൊഫാ (Soffa) തുടങ്ങിയ സപ്ലൈയര്‍മാരും വെട്ടിലായി എന്ന് ദിഎലക്. 

artificial chat Chat with AI or Artificial Intelligence. Digital chatbot, robot application, OpenAI generate. Futuristic technology.
artificial chat Chat with AI or Artificial Intelligence. Digital chatbot, robot application, OpenAI generate. Futuristic technology.

എന്തായാലും ആപ്പിള്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന് എല്‍ജി ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിനായി ഇത്തരം പാനല്‍ ഉണ്ടാക്കാനായി ബ്ലാക്‌പ്ലെയിന്‍ (backplane) പ്രൊസസിനായി എല്‍ജി നല്ലൊരു തുക ഇറക്കെയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉപകരണങ്ങള്‍ക്കും എല്‍ജി ഡിസ്‌പ്ലെ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഇനി നിര്‍മ്മിച്ചു നല്‍കുന്ന ഓലെഡ് പാനലുകളുടെ വിലയില്‍ എല്‍ജിയുടെ നഷ്ടമായ തുക കൂടെ ആപ്പിള്‍ ഉള്‍പ്പെടുത്തി നല്‍കിയേക്കുമെന്ന് ചില വിശകലനവിദഗ്ധര്‍ പറയുന്നു. 

English Summary:

Leaked information reveals the iPhone SE 4 may launch with "Apple Intelligence," a groundbreaking feature absent even on the iPhone 15. Discover what this means for the future of budget-friendly iPhones.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com