ADVERTISEMENT

ഇത്തവണ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ ഐഫോണ്‍ 16 സീരീസ് അവതരണത്തെക്കുറിച്ചു നടത്തിയ പ്രവചനം ഒരു ദിവസം തെറ്റി-അദ്ദേഹം പറഞ്ഞതു പോലെ സെപ്റ്റംബര്‍ 10ന് ആയിരിക്കില്ല, മറിച്ച് 9ന് ആയിരിക്കും അത് നടക്കുക. തങ്ങള്‍ അടുത്തതായി നടത്താന്‍ പോകുന്ന പ്രത്യേക ഇവന്റിന്റെ പേര് ഗ്ലോടൈം എന്നായിരിക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചതോടെ ഇനി ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല.

Image Credit: canva AI
Image Credit: canva AI

സെപ്റ്റംബര്‍ 9, തിങ്കളാഴ്ച സ്റ്റീവ് ജോബ്സ് തിയറ്ററില്‍ ഇന്ത്യന്‍ സമയം രാത്രി 10.30ന് ആയിരിക്കും പുതിയ ഉപകരണങ്ങളുടെ പരിചയപ്പെടുത്തല്‍ ആരംഭിക്കുക. ഐഫോണ്‍ 16 സീരിസിലെ ഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഈ വേദിയില്‍ പരിചയപ്പെടുത്തുമെന്നാണ് വിശ്വസിക്കുന്നത്.

ഐഫോണ്‍ 16 മോഡലിന്റെ വില എത്ര ആയിരിക്കും?

Image Credit: husayno/Istock
Image Credit: husayno/Istock

ഐഫോണിലേക്ക് ആദ്യമായി നിര്‍മിത ബുദ്ധി (എഐ) ഔദ്യോഗികമായി കടന്നുവരികയാണ്. വൈറല്‍ എഐ ആപ്പായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയും ആപ്പിളും തമ്മില്‍ എത്തിച്ചേര്‍ന്ന കരാറിന്റെ ഫലമാണ് ഇത്. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന എഐ സേവനം ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആണ് ഐഫോണ്‍ 16 എന്നതിനാലാണ് ആ മോഡല്‍ ഇത്തവണ ശ്രദ്ധ കവരുന്നത്. ഐഫോണ്‍ 16 പ്രോ സീരിസിന്റെ പ്രൊസസിങ് കരുത്ത് കിട്ടിയേക്കില്ലെങ്കിലും, ഡിവൈസില്‍ തന്നെ എഐ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കെല്‍പ്പുള്ളതായിരിക്കും ഐഫോണ്‍ 16നും എന്നാണ് ഊഹാപോഹങ്ങള്‍ പറയുന്നത്. 

വില ഉയര്‍ന്നേക്കില്ല

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ഐഫോണ്‍ 16 മോഡലിന് വില ഉയര്‍ന്നേക്കില്ല എന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന സൂചന. അതേസമയം, ആഗോള വിപണിയില്‍ ആപ്പിള്‍ വില ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 15നേക്കാള്‍ വില താഴ്‌ന്നേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇക്കഴിഞ്ഞ കേന്ദ്രബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകരാം വില താഴ്ത്തി വില്‍ക്കാന്‍ ആപ്പിളിന് സാധിച്ചേക്കണ്ടതാണ്.

പ്രോ മോഡലുകള്‍ക്കും വില കുറയും?

ഐഫോണ്‍ 16നെ പോലെ തന്നെ പ്രോ സീരിസിനും ബജറ്റിലെ ഇളവുകള്‍ക്ക് ആനുപാതികമായി വില കുറച്ചേക്കാം. എന്നാല്‍, പ്രോ വേരിയന്റുകളുടെ സ്‌ക്രീന്‍ വലിപ്പം ഈ വര്‍ഷം അല്‍പ്പം വര്‍ദ്ധിക്കുമെന്നും റൂമറുകള്‍ ഉണ്ട്.

അവയ്ക്ക് അമേരിക്കയില്‍ അടക്കം വില വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ചില വിശകലന വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍, സ്മാര്‍ട്ട്‌ഫോണുകളുടെ വില ഇങ്ങനെ വര്‍ദ്ധിപ്പിച്ചു വര്‍ദ്ധിപ്പിച്ചു കൊണ്ടുപോകുന്നതിനു പിന്നില്‍ ആപ്പിളാണ് എന്ന് അമേരിക്കയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഇത്തവണ വില വര്‍ദ്ധിപ്പിക്കേണ്ട എന്നു വയ്ക്കുമോഎന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നു.

iphone-new - 1

അടുത്തിടെ പ്രചരിച്ച പല അഭ്യൂഹങ്ങളും പറയുന്നത്, ആപ്പിളിനായി കരാടിസ്ഥാനത്തില്‍ ഐഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ ഫാക്ടറിയില്‍ താമസിയാതെ ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ അസംബ്ലിങ് ആരംഭിച്ചേക്കുമെന്നാണ്. 

whatsapp - 1

പ്രത്യക്ഷത്തില്‍, ആ കാരണത്താല്‍ തന്നെ, പ്രോ മോഡലുകള്‍ക്കും ഇവിടെ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ വില കുറച്ചു വില്‍ക്കാന്‍ ആപ്പിളിന് സാധിക്കേണ്ടതാണ്. എന്നാല്‍, പ്രാദേശികമായി നിര്‍മ്മിച്ചു വില്‍ക്കുന്ന ഫോണുകള്‍ക്ക് ഇങ്ങനെ ഒരു വിലക്കുറവ് ഇതുവരെ ആപ്പിള്‍ ഇന്ത്യയില്‍നല്‍കിയിട്ടില്ല എന്ന കാര്യവും ചര്‍ച്ചയാകേണ്ടതാണ്. 

വാട്‌സാപ്പിന് കടിഞ്ഞാണ്‍ ഇടാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് ഡോട്ട്

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ രാജ്യത്തെ പ്രമുഖ ടെലകോം സേവനദാദാക്കള്‍ സംയുക്തമായി വാട്‌സാപ് പോലെയുള്ള ഓടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് (ഡോട്ട്) പറഞ്ഞത്, അത്തരത്തില്‍ ഒരു നിയന്ത്രണവും കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ലെന്നാണ് എന്ന് ദി ഇകണോമിക് ടൈംസ്. 

പുതിയ ടെലികമ്യൂണിക്കേഷന്‍സ് ആക്ടിന്റെ പരിധിയിലല്ല വാട്‌സാപ്, ടെലി ഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകള്‍ വരുന്നതെന്നാണ് ഇപ്പോള്‍ ഡോട്ട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പുതിയ ആക്ടിന്റെ പരിധിയില്‍ നിന്ന് ടെലികമ്യൂണിക്കേഷന്‍സ് എന്ന പദം നിര്‍വ്വചിക്കുക സങ്കീര്‍ണ്ണമായികാര്യമാണെന്നും, അപാര സാധ്യതകള്‍ ആണ് അതിന് ഉള്ളതെന്നും ഡോട്ട് പറഞ്ഞു. ഇത് പഠിച്ചു വരികയാണ്. 

എന്തായാലും തത്കാലം വാട്‌സാപ് പോലത്തെ സന്ദേശക്കൈമാറ്റ ആപ്പുകളെ നിയന്ത്രിക്കാന്‍ ഉദ്ദേശമില്ലെന്നാണ് ഡോട്ട് പറഞ്ഞിരിക്കുന്നത്. ഐടി മന്ത്രാലയം ആയിരിക്കും ഇത്തരം പ്ലാറ്റ്‌ഫോമുകളെ കൂടെ ഓടിടി പ്ലാറ്റ്‌ഫോമുകളുടെ പരിധിയില്‍ കൊണ്ടുവരണോ എന്ന അന്തിമ തീരുമാനം എടുക്കുക.

pixel-9-series-new - 1

ചൈനയിലെ ആര്‍ആന്‍ഡ്ഡി വിഭാഗം ഐബിഎം പൂട്ടുന്നു

അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ഐബിഎം ചൈനയില്‍ പ്രവര്‍ത്തിപ്പിച്ചു വന്ന റീസേര്‍ച് ആന്‍ഡ് ഡിവലപ്‌മെന്റ് വിഭാഗം പൂട്ടുന്നു. ഇതിന്റെ ഫലമായി ആയിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും പറയുന്നു. 

പിക്‌സല്‍ 9 സീരിസിനുള്ള ആന്‍ഡ്രോയിഡ് 15 അപ്‌ഡേറ്റ് വൈകും

ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ഇറക്കിയ പിക്‌സല്‍ 9 സീരിസ് ഫോണുകള്‍ക്കുള്ള ആന്‍ഡ്രോയിഡ് 15 അപ്‌ഡേറ്റ് ഒക്ടോബര്‍ മധ്യത്തിലേ ലഭിക്കൂ എന്ന് റിപ്പോര്‍ട്ട്. അവ ഇപ്പോള്‍ ആന്‍ഡ്രോയിഡ് 14ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പല പ്രധാന എഐ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 14ല്‍ തന്നെ ഉണ്ട്എന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് വലിയ ഉത്കണ്ഠ ഉണ്ടായേക്കില്ലെന്നും പറയുന്നു. 

ത്രെഡ്‌സിലേക്ക് ഡിസപ്പിയറിങ് മെസേജസ് വന്നേക്കും

എക്‌സ് പ്ലാറ്റ്‌ഫോമിനെതിരെ മെറ്റാ കമ്പനി അവതരിപ്പിച്ച ത്രെഡ്‌സില്‍ അപ്രത്യക്ഷമാക്കാവുന്ന സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുന്നതിന്റെ പരീക്ഷണം ആരംഭിച്ചു. 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന രീതിയിലായിരിക്കും ഇത് ക്രമീകരിക്കുക എന്ന് ടെക്ക്രഞ്ച്. 

താന്‍ നൂറിലേറെ കുട്ടികളുടെ പിതാവാണെന്ന് ടെലിഗ്രാം മേധാവി

ടെലിഗ്രാം മേധാവി പാവെല്‍ ഡുറോവിന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിക്കവേ അദ്ദേഹത്തിന്റെ ഒരു അവകാശവാദവും ശ്രദ്ധേയമാകുകയാണ്. തനിക്ക് നൂറിലേറെ കുട്ടികളുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടരിക്കുന്നത് എന്ന് ടെക്ക്രഞ്ച്.  തന്റെ ബീജം സംഭാവന ചെയ്തതിനാലാണ് ഇത്രയധികം കുട്ടികളുടെ ബയളോജിക്കല്‍ പിതാവ് ആയിരിക്കുന്നത് എന്നാണ് ദുറോവ് പറയുന്നത്. തന്റെ ഡിഎന്‍എ ഓപ്പണ്‍ സോഴ്‌സ് ആക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികള്‍ പരസ്പരം അറിയാതെ കല്ല്യാണം കഴിക്കാതിരിക്കാനായിരിക്കും ഇതെന്നാണ് കരുതുന്നത്. 

English Summary:

Apple just sent out invites for the 'It's Glowtime' event, officially scheduled for Monday, September 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com