ആ നിയമ വിരുദ്ധ സിനിമ സ്ട്രീമിങ് പ്ലാറ്റ്ഫോം പൂട്ടിച്ചു; ഗൂഗിളുമായി സഹകരിക്കാന്‍ തമിഴ്നാട്; ടെക് ക്യാപ്സ്യൂൾസ്
Mail This Article
ലോകത്തെ ഏറ്റവും കുപ്രസിദ്ധവും, വിപുലവുമായ സിനിമാ, വെബ് സീരിസ് സ്ട്രീമിങ് പ്ലാറ്റ്ഫോം പൂട്ടിച്ചു. എഫ്മൂവീസ് (Fmovies) എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്ന പ്ലാറ്റ്ഫോമാണ് വിയറ്റ്നാം പൊലിസിന്റെ സഹകരണത്തോടെ പിഴുതെറിഞ്ഞത്. ഇക്കാര്യത്തില്‍ അലയന്‍സ് ഫോര്‍ ക്രിയേറ്റിവിറ്റിആന്‍ഡ് എന്റര്റ്റെയ്ന്മെന്റും (എസിഇ) പൊലിസിനു പിന്തുണ നല്കി.
ആശ്വസിച്ച് സിനിമാ നിര്‍മ്മാതാക്കളും, പ്ലാറ്റ്ഫോമുകളും
സിനിമകളും, വെബ് സീരിസുകളും നിര്‍ബാധം നിയമവിരുദ്ധമായി സ്ട്രീം ചെയ്ത് പേരെടുത്ത പ്ലാറ്റ്ഫോമാണ് എഫ്മൂവീസ്. ബിഫ്ളികസ് (bflixz), ഫ്ളിക്സ്ടോര്സ് (flixtorz), മൂവിസ്7 (movies7), മൈഫ്ളിക്സര് (myflixer) തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴിയാണ് സ്ട്രീമിങ് നടത്തിവന്നിരുന്നതെന്ന്ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍.
വിയറ്റ്നാം കേന്ദ്രീകരിച്ചാണ് എഫ്മൂവീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് ആരംഭിച്ചത് 2016ല്‍ ആണ്. തുടക്കത്തില്‍ പ്രതിമാസം 374 ദശലക്ഷം വിസിറ്റുകളാണ് ഇതിന് കിട്ടിയിരുന്നത്. എന്നാല്‍, ജനുവരി 2023 മുതല്‍ ജൂണ്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ സന്ദര്‍ശകരുടെ എണ്ണം 6.7 ബില്ല്യനായിഉയര്ന്നു എന്ന് സിമിലര്‍വെബ് പുറത്തുവിട്ട കണക്കുകളില്‍ കാണാം. അസൂയാവഹമായ വളര്‍ച്ചയാണ് എഫ്മൂവീസിന് കിട്ടിയത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ ലോകത്തെ 280-ാമത്തെ ജനസമ്മതിയുള്ള വെബ്സൈറ്റായി ഇത് വളര്‍ന്നിരുന്നു.
സിനിമകളും, സീരിയലുകളും മോഷ്ടിച്ചു പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും വലിയ കമ്പനി എന്നാണ് എസിഇ എഫ്മൂവീസിനെ വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ക്ക് ആഹ്ലാദിക്കാവുന്ന വിജയമാണ് ഇതെന്ന് എസിഇ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഡിസ്നി, എന്‍ബിസിയൂണിവേഴ്സല്‍, എംജിഎം തുടങ്ങിയ കമ്പനികളാണ് എസിഇയില് ഉള്ളത്.
തമിഴ്നാട് എഐ ലാബ്സ് വരുന്നു; ഗൂഗിളുമായി സഹകരിക്കും
എഐ വികസിപ്പിക്കുന്ന കാര്യത്തില്‍ ടെക്നോളജി ഭീമന് ഗൂഗിളുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് തമിഴ്നാട് ഗവണ്മെന്റ്. സംസ്ഥാന വ്യവസായ വകുപ്പാണ് ഇക്കാര്യം ഒരു പത്രക്കുറിപ്പില്‍ അറിയിച്ചത്. നോക്കിയ, പേപാല്‍, ഇന്‍ഫിനിക്സ് തുടങ്ങി അഞ്ചു കമ്പനികളുമായും തങ്ങള്‍ ധാരണയില്‍ ഏര്‍പ്പെട്ടു എന്നും, ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ ഇതിന്‍പ്രകാരം പുതിയ സെന്ററുകള്‍ ആരംഭിക്കുമെന്നും കുറിപ്പല്‍ പറയുന്നു. –
പിക്സല്‍ 8 നിര്‍മ്മിക്കുമോ?
'തമിഴ്നാട് എഐ ലാബ്സ്' എന്നറിയപ്പെടുന്ന ഒറ്റ കുടക്കീഴിലായിരിക്കും ഗൂഗിളുമായി ചേര്‍ന്ന് എഐ വികസിപ്പിക്കുക. ഗൂഗിളുമായി ഒപ്പുവച്ചിരിക്കുന്നത് വളരെ പ്രാധാന്യമുളള ഒരു സഹകരണ കരാര്‍ ആണ് ഇതെന്ന് സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി ടിആര്‍ബി രാജാ പറഞ്ഞു. ഇതിനു പുറമെ, ഗൂഗിളിന്റെകഴിഞ്ഞ തലമുറയിലെ സ്മാര്‍ട്ട്ഫോണ്‍ സീരിസായ പിക്സല്‍ 8 തമിഴ്നാട്ടില്‍ നിര്‍മ്മിച്ചെടുക്കാനാകുമോ എന്ന കാര്യവും ഇരുകൂട്ടരും ചര്‍ച്ച ചെയ്യുന്നു.
പ്ലേസ്റ്റോറില്‍ ഇനി ഒന്നിലേറെ ആപ്പുകള്‍ ഒരേസമയം അപ്ഡേറ്റ് ചെയ്യാം
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇനി ഒന്നിലേറെ ആപ്പുകള്‍ ഒരേസമയം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് 9ടു5ഗൂഗിള്‍. അതേസമയം, ഒരേസമയം അപ്ഡേറ്റ് ചെയ്യാവുന്ന ആപ്പുകളുടെ എണ്ണം 3 ആണ് എന്നാണ് സൂചന എന്നും റിപ്പോര്‍ട്ട് പറയുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഒരേ സമയം അപ്ഡേറ്റ്ചെയ്യാവുന്ന ആപ്പുകളുടെ എണ്ണം 3 ആണ്. അതേസമയം, പുതിയ പ്ലേസ്റ്റോര്‍ അപ്ഡേറ്റ് എന്നാണ് എല്ലാവര്ക്കും ലഭിക്കുക എന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ലെന്നും പറയുന്നു.
അടുത്ത തലമുറ ഉപകരണങ്ങള്‍ വ്യത്യസ്തമായേക്കാം; മിഡ്ജേണിയുടെ ലക്ഷ്യമെന്ത്?
നിര്‍മ്മിത ബുദ്ധിക്ക് (എഐ) ഊന്നല്‍ നല്കി ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന മിഡ്ജേണിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അതേ പേരുള്ള കമ്പനി തങ്ങള്‍ ഹാര്ഡ്വെയര് നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് എന്നു പ്രഖ്യാപിച്ചു. ഉപകരണ നിര്‍മ്മാണത്തിനായി പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്കമ്പനി. എന്തു തരം ഉപകരണമാണ് തങ്ങള്‍ ഉണ്ടാക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
അധികമാരുമായും സഹകരിക്കാത്ത കമ്പനിയായ ആപ്പിള്‍ പോലും തങ്ങളുടെ ഉപകരണങ്ങളില്‍ എഐ കൊണ്ടുവരാന്‍ ഓപ്പണ്‍എഐയുടെ സഹകരണം തേടിയത് അടുത്തിടെ നടന്ന ശ്രദ്ധേയമായ കാര്യങ്ങളിലൊന്നാണ്. നോക്കിയ പോലത്തെ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ സിംബിയന്‍ ഓഎസ് പോലത്തെ അധികം ചാലകശേഷിയില്ലാത്തഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ നിര്‍മ്മിച്ചു വന്ന ഘട്ടത്തിലാണ് ആപ്പിള്‍ ഐഓഎസുമായി എത്തി സകല ഫോണ്‍ നിര്‍മ്മാണ കമ്പനിയെയും കടത്തിവെട്ടി മുന്നേറിയത്.
ഉപകരണങ്ങളില്‍ സഹജമായി എഐ പ്രവര്‍ത്തിപ്പിച്ച് അത്ഭുതം കാട്ടാനാകുമോ മിഡ്ജേണി പോലത്തെ കമ്പനികള്‍ക്ക് എന്നതാണ് ഉയരുന്ന ചോദ്യം. ഓപ്പണ്‍എഐയും ഉപകരണ നിര്‍മ്മാണത്തിലേക്കു കടക്കുകയാണ്. ഐഫോണടക്കമുള്ള പല പ്രധാന ആപ്പിള്‍ ഉപകരണങ്ങളുടെയും രൂപകല്‍പ്പനയില്‍ നല്ല പങ്കുവഹിച്ചജോണി ഐവ് ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാനുമായി ചേര്‍ന്ന് പുതിയ ഉപകരണം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.
നിലവിലുള്ള ഉപകരണ നിര്‍മ്മാണ സമീപനങ്ങളെ മൊത്തം അട്ടിമറിച്ച് അടുത്ത ഘട്ട കംപ്യൂട്ടിങ് ഉപകരണങ്ങള്‍ ഇത്തരം കമ്പനികള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മിഡ്ജേണി 200 ദശലക്ഷം ഡോളറിലേറെ വരുമാനം നേടിയെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്പറയുകയുണ്ടായി.
ഓപ്പണ്‍എഐയില്‍ നിക്ഷേപം ഇറക്കാന്‍ ആപ്പിളും?
ഓപ്പണ്‍എഐയില്‍ നിക്ഷേപം ഇറക്കാന്‍ സാക്ഷാല്‍ ആപ്പിളും, ചിപ് നിര്‍മ്മാണ ഭീമന് എന്‍വിഡിയയും താത്പര്യമറിയിച്ചു എന്ന് വാര്‍ത്തകള്‍. ഇക്കാര്യം പുറത്തുവന്നതിനു പിന്നാലെ, ഓപ്പണ്‍എഐ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ച ക്രിസ് ലെഹാനെയെ (Lehane) തങ്ങളുടെ ആഗോള നയരൂപികരണ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചു എന്ന് എന്‍വൈടി.
ഓപ്പണ്‍എഐയുടെ എക്സിക്യൂട്ടിവ് ടീമില്‍ പ്രവര്‍ത്തിച്ചുവരിക ആയിരുന്നു ലെഹാനെ. എയര്‍ബിഎന്‍ബിയുടെ നയരൂപീകരണ വിഭാഗത്തിന്റെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നാലെ കമ്പനിയെ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ശ്രമംഓപ്പണ്എഐ ആരംഭിച്ചു എന്നും പറയുന്നു.
നിലവില്‍ മൈക്രോസോഫ്റ്റ് ആണ് ഓപ്പണ്‍എഐയില്‍ ഏറ്റവും വലിയ തുക നിക്ഷേപിച്ചിരിക്കുന്നത്. ഓപ്പണ്‍എഐ താമസിയാതെ 100 ബില്ല്യന്‍ മൂല്ല്യമുള്ള കമ്പനിയായി മാറുമെന്ന് നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.