ഫോണിൽ കുത്തിയതിനു ഫലം ഉടനുണ്ടാകുമെന്ന് ഹാംസ്റ്റേഴ്സ്, 'നോക്കിയിരുന്നോ'യെന്ന് എതിർക്കുന്നവർ; എന്താണ് എയർഡ്രോപ്?
Mail This Article
'ഹാംസ്റ്റർ കോംബാറ്റ്' എന്ന ക്രിപ്റ്റോകറൻസി ഓൺലൈൻ ഗെയിമിനെക്കുറിച്ച് കേള്‍ക്കാത്തവർ കുറവായിരിക്കും. പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയ എന്നാൽ യുവാക്കളുൾപ്പടെ ഭ്രാന്തമായി പിന്നാലെ കുതിക്കുന്ന ഈ പുതിയ ഗെയിം ഒരു വഴിത്തിരിവിലാണ്. ഈ മാസം അവസാനം ഓപ്പൺ നെറ്റ്‌വർക്കിൽ HMSTR ടോക്കൺ സമാരംഭിക്കുകയാണെന്നാണ് വിവരം. ദശലക്ഷക്കണക്കിന് കളിക്കാർക്കുള്ള എയർഡ്രോപ്പും റിവാർഡ് കാംപെയ്നുമൊക്കെ ഉൾക്കൊള്ളുമെന്നാണ് വിവരം. അതേസമയം നോക്കിയിരുന്നോ ഇപ്പോൾ കിട്ടുമെന്ന് ഇത്തരം ഗെയിമുകളെ എതിർക്കുന്നവർ വിമർശിക്കുകയും ചെയ്യുന്നു.
HMSTR ടോക്കണിന് മൊത്തം 100 ബില്യൺ ടോക്കണുകൾ ഉണ്ടായിരിക്കുമെന്ന് ഹാംസ്റ്റർ കോംബാറ്റ് ഡെവലപ്‌മെൻ്റ് ടീം വെളിപ്പെടുത്തി. ഇതിൽ 3 ബില്യൺ ടോക്കണുകൾ ബിനാൻസ് ലോഞ്ച്പൂൾ കാംപെയ്‌നിനായി നീക്കിവച്ചിട്ടുണ്ട്. പല വിമർശനങ്ങളും ഗെയിമിന്റെ പിന്നിലുള്ളവരുടെ വിശ്വാസ്യതയും അസ്തിത്വവുമൊക്കെ സംബന്ധിച്ച ആശങ്കയുള്ളപ്പോഴും ഗെയിമിന്റെ ജനപ്രീതി നിഷേധിക്കാനാവാത്തതാണ്. ഇന്നുവരെ 300 ദശലക്ഷത്തിലധികം കളിക്കാർ ഹാംസ്റ്റർ കോംബാറ്റിൽ ചേർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം മാർച്ചിൽ TON ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ ഹാംസ്റ്റർ കോംബാറ്റ് ആരംഭിച്ചത്.
ഓരോ തവണയും നിങ്ങൾ ഹാംസ്റ്റർ ഐക്കണിൽ ക്ലിക്കുചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു HMSTR ടോക്കൺ ലഭിക്കും, അത് മൈനിങ് ചെയ്യാനോ അധിക കോയിനുകൾ നൽകുന്ന ടാസ്കുകൾക്കോ ഉപയോഗിക്കാം. ഗെയിം നിർമാതാക്കൾ ടെലിഗ്രാം, മെറ്റാ, എക്സ്, യുട്യൂബ് എന്നിവയിൽ നാല് ഔദ്യോഗിക ചാനലുകളാണ് നടത്തുന്നത്, ഗെയിം പ്രൊമോട്ട് ചെയ്യുന്നതിനായി വിവിധ ഭാഷകളിലായി 17 വ്യത്യസ്ത യൂട്യൂബ് അക്കൗണ്ടുകളുമുണ്ട്.ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾക്കും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും ഈ ഗെയിമിനെ നിരീക്ഷിക്കുകയാണ്.
റഷ്യൻ അധികാരികൾ അവരുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.ഈ ഗെയിമിന്റെ നിർമാതാക്കളുടെ ഐഡന്റിറ്റി സംബന്ധിച്ച് ഒരു വിവരവുമില്ല, അവർ അജ്ഞാതരായി തുടരുന്നു. എന്നാൽ 2008ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്, ഇദ്ദേഹം ആരാണെന്നത് ലോകത്തിന് അറിവില്ല.പിന്നെയെന്തിന് തങ്ങൾ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് ഹാംസ്റ്റർ കോംബാറ്റ് ചോദിക്കുന്നു.