ഓൺലൈനിലും ഓണം ബംപറോ ?,ഇതൊന്നും കേരള ലോട്ടറിയല്ല; തട്ടിപ്പിൽ വീഴരുതേ
Mail This Article
ഓണം ബംപർ ഭാഗ്യശാലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തിരയുമ്പോൾ, ലോട്ടറി ഓൺലൈനിൽ വാങ്ങാമെന്ന വാഗ്ദാനം നൽകുന്ന നിരവധി വെബ്സൈറ്റുകളും കാണാം. സര്‍ക്കാർ പേപ്പർ ലോട്ടറിയായി മാത്രം പുറത്തിറക്കുന്ന ലോട്ടറി ഓൺലൈനിൽ വാങ്ങാനാവുമെന്ന വാദവുമായി എത്തുന്ന ഇത്തരം വ്യാജന്മാരുടെ ഇരകൾ അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ്.
വ്യാജ ലോട്ടറിയുമായി ബന്ധപ്പെട്ട ആപ്പുകൾക്കും പരസ്യങ്ങൾക്കും എതിരെ ഗൂഗിളിനും മെറ്റയ്ക്കും കേരള പൊലീസ് അടുത്തിടെ നോട്ടീസും അയച്ചിരുന്നു. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലാണ് ലോട്ടറികളുടെ വ്യാജന്‍ പ്രചരിച്ചത്.
ടിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത് ചിത്രങ്ങളോ നറുക്കെടുപ്പ് നമ്പറുകളോ നവമാധ്യമങ്ങളായ വാട്‌സ്ആപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ പോലും വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്.
കേരള മെഗാമില്യൺ ലോട്ടറി', 'കേരള സമ്മർ സീസൺ ധമാക്ക' എന്നീ പേരുകളിലാണ് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജന്മാർ വിളയാടുന്നത്.
സമൂഹമാധ്യമങ്ങളിൽ ലോട്ടറി ഓൺലൈനായി വാങ്ങുന്നതിനെപ്പറ്റി ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ പോസ്റ്റ് ചെയ്യുകയും ഔദ്യോഗികമായി മാത്രം വാങ്ങാൻ ഈ സൈറ്റിനെ ആശ്രയിക്കണമെന്നു പറഞ്ഞു, മറ്റൊരു തട്ടിപ്പ് സൈറ്റിലേക്കു ലിങ്ക് നൽകുന്ന സോഷ്യൽ എൻജിനിയറിങ് ടെക്നിക്കുകളാണ് തട്ടിപ്പുകാർ അവതരിപ്പിക്കുന്നത്.