ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് ഇനിയും വരുമാനം കൂടും, പുതിയ പദ്ധതി ഇങ്ങനെ
Mail This Article
ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് അധിക വരുമാനം നേടാനായി പുതിയ പദ്ധതി. നിലവിലുള്ള അവസരങ്ങള്‍ക്ക് പുറമെയാണ് ഈ വരുമാന മാർഗവും അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പരസ്യങ്ങളില്‍ നിന്നു തന്നെയാണ്. അതിനു പുറമേ, യൂട്യൂബ് പ്രീമിയം, ബ്രാന്‍ഡ് കണക്ട്, ചാനല്‍ മെമ്പർഷിപ്, സൂപ്പര്‍ താങ്ക്‌സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കേഴ്‌സ് തുടങ്ങി പലതുമുണ്ട്.
യൂട്യൂബ് ഷോപ്പിങ്
മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ക്ക് പുറമെ യൂട്യൂബ് ഷോപ്പിങ് ആണ് ഇപ്പോള്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ യൂട്യൂബ് ഷോപ്പിങ് ഉള്ളത്.
എങ്ങനെ വരുമാനം ഉണ്ടാക്കാം?
പുതിയ ഫീച്ചര്‍ വരുന്നതോടെ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് വിഡിയോകളില്‍ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാന്‍ സാധിക്കും. യൂട്യൂബറുടെ വിഡിയോ കാണുന്നയാള്‍, വിഡിയോയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഉല്‍പ്പന്നം വാങ്ങുമ്പോള്‍ യൂട്യൂബര്‍ക്ക് വരുമാനം ലഭിക്കും. നിലവില്‍ യൂട്യൂബര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ ചാനല്‍ വഴി പ്രെമോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.
ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര ലിങ്കുകള്‍
ഇന്ത്യയില്‍ യൂട്യൂബ് ഷോപ്പിങ് എത്തുന്നത് ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് നല്‍കാനുളള അവസരമൊരുക്കിയാണ്. ഇത് തുടക്കം മാത്രമായിരിക്കും. പക്ഷെ, ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അത് ഉള്ളവര്‍ക്ക് മിന്ത്രയിലും ഫ്‌ളിപ്കാര്‍ട്ടിലും വില്‍ക്കുന്ന ഉല്‍പ്പനങ്ങളുടെ ലിങ്കുകള്‍ സ്വന്തം ചാനലില്‍ നിന്ന് നല്‍കാം.
യോഗ്യതാ മാനദണ്ഡങ്ങള്‍
1. നിങ്ങളുടെ ചാനല്‍ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ഉണ്ടായിരിക്കണം.
2. 10,000ലേറെ സബ്‌സ്‌ക്രൈബര്‍മാര്‍ വേണം.
3. ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കണം.
4. മ്യൂസിക്, ഓഫിഷ്യല്‍ ആര്‍ട്ടിസ്റ്റ് ചാനല്‍ ആയിരിക്കരുത്.
5. നിങ്ങളുടെ ചാനല്‍ കുട്ടികള്‍ക്കുള്ളതായിരിക്കരുത്. ചാനലില്‍ കുട്ടികള്‍ക്കുള്ള വിഡിയോകള്‍ എന്ന് പറയുന്ന ഒന്നും തന്നെ കാണരുത്.
പഴയ വിഡിയോകള്‍ക്കൊപ്പവും ലിങ്ക് നല്‍കാം
തങ്ങള്‍ക്ക് പ്രിയപ്പെട്ട യൂട്യൂബര്‍മാര്‍ ഒരു ഉല്‍പ്പന്നം റിവ്യു ചെയ്തതു കണ്ട് മനസിലാക്കി ഉല്‍പ്പന്നം വാങ്ങിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിനു പിന്നിലെ ഉദ്ദേശങ്ങളിലൊന്ന്. ക്രിയേറ്റര്‍മാര്‍ക്ക് പഴയ വിഡിയോകള്‍ക്കൊപ്പവും ലിങ്ക് നല്‍കുകയും, ലൈവ് സ്ട്രീമിങിനിടയില്‍ പിൻ ചെയ്യുകയും ആകാം.
മെറ്റയുടെ എഐ ചാറ്റ്‌ബോട്ട് റോയിട്ടേഴ്‌സ് വാര്‍ത്ത ഉപയോഗിക്കും
വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങി പല പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ മെറ്റാ എഐ ഇനി ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളിലൊന്നായ റോയിട്ടേഴ്‌സിന്റെ വാര്‍ത്തകള്‍ ഉപയോഗിച്ച് ഉത്തരം നല്‍കും. തത്സമയ വാര്‍ത്തകളുടെ കാര്യത്തിലായിരിക്കും ഇത് പ്രധാനമായും ബാധകമാകുക.
ഇക്കാര്യത്തില്‍ ഇരു കമ്പനികളും തമ്മില്‍ എത്തിച്ചേര്‍ന്ന കരാറിന്റെ മറ്റുവിവരങ്ങള്‍, മാര്‍ക്ക് സക്കര്‍ബര്‍ഗിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റാ പ്ലാറ്റ്‌ഫോമോ, തോംസണ്‍ റോയിട്ടേഴ്‌സോ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. എന്നാല്‍, ഇത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടകാര്യം റോയിട്ടേഴ്‌സ് വക്താവ് ശരിവച്ചു.
ഡിസംബറില്‍ പുതിയ എഐ മോഡല്‍ അവതരിപ്പിക്കാന്‍ ഓപ്പണ്‍എഐ
വൈറല്‍ എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ ഡിസംബറില്‍ പുതിയ എഐ മോഡല്‍ അവതരിപ്പിക്കും.
ജിപിറ്റി-4ഓയ്ക്ക് ശേഷമുള്ള എഐ പുരോഗതി ഉള്‍പ്പെടുത്തിയായിരിക്കും ഇത് എത്തുകയെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒറിയൊണ്‍ എന്ന കോഡ് നാമത്തിലാണ് ഇത് ഇപ്പോള്‍ വികസിപ്പിച്ചുവരുന്നത്. ജിപിറ്റി4നേക്കാളും മികച്ച ലാര്‍ജ് ലാംഗ്വെജ് മോഡല്‍ ആയിരിക്കും ഇതെന്നുകരുതപ്പെടുന്നു.
കംപ്യൂട്ടറുകളെ 'ഏറ്റെടുക്കാന്‍' ശേഷിയുള്ള എഐ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍
ഗവേഷണം, ഷോപ്പിങ് തുടങ്ങിയ കാര്യങ്ങളില്‍ നേടേണ്ട പല ടാസ്‌കുകളും സ്വതന്ത്രമായി ചെയ്തു നല്‍കാന്‍ കെല്‍പ്പുള്ള പുതിയ എഐ തങ്ങള്‍ വികസിപ്പിച്ചു തുടങ്ങിയെന്ന് ഗൂഗിള്‍. ഈ പദ്ധതിയുടെ കോഡ് നാമം പ്രൊജക്ട് ജാര്‍വിസ് എന്നാണ്.
നിര്‍മിത ബുദ്ധിയുടെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നു എന്നു കരുതുന്ന ഓപ്പണ്‍എഐയും ഇത്തരം ഒരു എഐ ടൂളിന്റെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കംപ്യൂട്ടര്‍-യൂസിങ് ഏജന്റ് കുവ (CUA) പ്രയോജനപ്പെടുത്തിയായിരിക്കും സ്വതന്ത്ര ബ്രൗസിങ് ശേഷിയുള്ളഈ സംവിധാനം പ്രവര്‍ത്തിക്കുക എന്ന് റോയിട്ടേഴ്‌സ്.
ഈ സങ്കല്‍പ്പം ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ഗൂഗിളും, മറ്റൊരു എഐ കമ്പനിയായ ആന്ത്രോപ്പിക്കും നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ തങ്ങളും കളത്തിലുണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് ഗൂഗിള്‍ നടത്തുന്നതെന്നു കരുതപ്പെടുന്നു.
വിഷന്‍പ്രോ നിര്‍മ്മാണം കുറച്ച് ആപ്പിള്‍
തങ്ങളുടെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ നിര്‍മ്മിക്കുന്നതിന്റെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് ആപ്പിള്‍ എന്ന് റോയിട്ടേഴ്‌സ്. തുടക്കത്തിലെ ആവേശത്തിനു ശേഷം വില്‍പ്പന ഇടിഞ്ഞതായിരിക്കാം കാരണം.
മെറ്റാ ക്വെസ്റ്റ് തുടങ്ങി വില കുറഞ്ഞ ഹെഡ്‌സെറ്റുകള്‍ താരതമ്യേന തരക്കേടില്ലാത്ത പ്രകടനം നടത്തുമ്പോള്‍ വിഷന്‍ പ്രോയുടെ പ്രസക്തി എന്താണെന്ന ചോദ്യം ഉയര്‍ന്നിരുന്നു. വിഷന്‍ പ്രോയുടെ വില 3,500 ഡോളറാണ്. മെറ്റാ ക്വെസ്റ്റ് 3 ഏകദേശം 500 ഡോളറിന് സ്വന്തമാക്കാം.