ADVERTISEMENT

ഇതുവരെ കേട്ടു കേള്‍വിയില്ലാത്തത്രയും വലിയ തുക ഗൂഗിളിന് പിഴ വിധിച്ച് റഷ്യന്‍ കോടതി. 20 ഡെസിലിയണ്‍ ഡോളർ ($20,000,000,000,000,000,000,000,000,000,000,000) ആണ് ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടിരിക്കുന്നത്. ലോകത്തിലെ മുഴുവൻ പണവും കൂട്ടിവച്ചാല്‍ പോലും ഇത്രയും വലിയ തുക നല്‍കാന്‍ ഗൂഗിളിന് സാധിക്കില്ല. ഐഎംഎഫ് കണക്കുകള്‍ പ്രകാരം ലോകത്തെ എല്ലാ രാജ്യങ്ങളുടേയും മൊത്തം ജിഡിപി പോലും 110 ട്രില്യണ്‍ ഡോളറേ വരൂ!

പിഴ റഷ്യന്‍ ചാനലുകളുടെ വിലക്കിന്

റഷ്യന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പതിനേഴ് ചാനലുകള്‍ക്ക് യുട്യൂബ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് റഷ്യന്‍ കോടതിയുടെ ഈ അസാധാരണ നടപടി. രാജ്യത്തെ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന് റഷ്യന്‍ കോടതി ചൂണ്ടികാട്ടി. പിന്നാലെ പിഴ വിധിക്കുകയായിരുന്നു. നിശ്ചിത കാലയളവില്‍ ഈ ചാനലുകള്‍ യുട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴ ഇരട്ടിയാകുമെന്ന് കോടതി വിധിയിലുണ്ട്. 

youtube-video - 1

2020 മുതല്‍ അസ്വാരസ്യങ്ങൾ

2020 മുതല്‍ റഷ്യന്‍ മാധ്യമങ്ങളും ഗൂഗിളും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട്. ഇത് റഷ്യ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച സമയം മുതൽ വര്‍ധിച്ചു. യുക്രെയ്ന്‍ - റഷ്യ യുദ്ധം ആരംഭിച്ചതിനു പിന്നാലെ നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളാണ് നിലവില്‍ റഷ്യയില്‍ പാശ്ചാത്യ കമ്പനികള്‍ക്ക് നേരിടേണ്ടി വരുന്നത്. യൂറോപില്‍ റഷ്യന്‍ മാധ്യമങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. 2022ല്‍ ഗൂഗിളിന്റെ റഷ്യന്‍ വിഭാഗം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. പരസ്യം പോലുള്ള സേവനങ്ങള്‍ റഷ്യയില്‍ ഗൂഗിള്‍ നേരത്തെ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗൂഗിളിന്റെ യുട്യൂബ് അടക്കമുള്ള ഉത്പന്നങ്ങള്‍ റഷ്യയില്‍ പൂര്‍ണമായും നിരോധിച്ചിട്ടില്ല.

റഷ്യന്‍ നിലപാട്

ഗൂഗിളിനെതിരെ ഇത്രയും വലിയ തുക പിഴ വിധിച്ചത് പ്രതീകാത്മകമാണെന്നാണ് റഷ്യന്‍ നിലപാട്. 'ഈ തുക എങ്ങനെ ഉച്ഛരിക്കണമെന്നു പോലും എനിക്കറിയില്ല. ഇത് പ്രതീകാത്മകമായുള്ള വിധിയാണ്' എന്നായിരുന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഞങ്ങളുടെ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. എന്നാലത് സംഭവിച്ചു. ഈ പ്രശ്‌നത്തില്‍ ഗൂഗിള്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധ എത്താനും തെറ്റു തിരുത്താനുമുള്ള കാരണമായി ഇത് മാറിയേക്കാം' എന്ന പ്രതീക്ഷയും പെസ്‌കോവ് പ്രകടിപ്പിച്ചു.

Google Logo ( Photo: AFP)
Google Logo ( Photo: AFP)

സമാനമായ രീതിയിലാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസും ഈ വാര്‍ത്തയെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വലിയ തുക വേഗത്തില്‍ ഇരട്ടിയാവുന്ന രീതിയില്‍ പിഴ വിധിച്ചിരിക്കുന്നത് റഷ്യക്ക് ഈ വിഷയത്തിലുള്ള നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ടാസ് റിപ്പോര്‍ട്ടു ചെയ്തത്.

ഗൂഗിളിന്റെ പ്രതികരണം

റഷ്യന്‍ കോടതി വന്‍തുക പിഴ വിധിച്ച സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇതുവരെ ഗൂഗിള്‍ തയ്യാറായിട്ടില്ല. 2022ല്‍ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഗൂഗിള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കര്‍ശന നിയന്ത്രണങ്ങളും ഗൂഗിള്‍ അടക്കമുള്ള അമേരിക്കന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഏതാണ്ട് 100 ദശലക്ഷം ഡോളര്‍ വില വരുന്ന ഗൂഗിളിന്റെ ആസ്തികള്‍ റഷ്യയില്‍ പിടിച്ചെടുത്തിരുന്നു.

2021 മെയ് മാസം മുതല്‍ റഷ്യയിലെ മാധ്യമ നിയന്ത്രകരായ റോസ്‌കോമ്‌നാദ്‌സോര്‍ ഗൂഗിളിനെതിരെ നിലപാടെടുക്കുന്നുണ്ട്. ആര്‍ടി, സ്ഫുട്‌നിക് എന്നിവയുടെ ചാനലുകള്‍ യുട്യൂബ് തടഞ്ഞതാണ് അന്ന് പ്രകോപനമായത്. വന്‍ തുക പിഴ ചുമത്തിയും കൂടുതല്‍ നടപടികള്‍ക്ക് ഭീഷണിപ്പെടുത്തിയുമാണ് ഗൂഗിളിനെതിരെ പിന്നീട് റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഗൂഗിളിനെതിരായ റഷ്യന്‍ കോടതിയുടെ 20 ഡെസിലിയണ്‍ ഡോളറിന്റെ പിഴ ശിക്ഷ.

English Summary:

A Russian court slaps Google with a record-breaking $20 desillion fine over YouTube's blocking of pro-Russia channels. Explore the escalating conflict and its implications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com