ആപ്പിള്‍ ഇന്ത്യയിൽ നിന്ന് കോടികൾ വാരുന്നു! കുക്കിന് സന്തോഷം, നാല് പുതിയ സ്റ്റോറുകള്‍ വരുന്നു
Mail This Article
ആപ്പിള്‍ ഉല്‍പ്പന്നങ്ങളോട് ഇന്ത്യക്കാര്‍ കാണിക്കുന്ന ഉത്സാഹത്തില്‍ സന്തുഷ്ടിയറിയിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക്. നടപ്പു പാദത്തില്‍ ഇന്ത്യയില്‍ നിന്ന് റെക്കോർഡ് വരുമാനം ലഭിച്ചതാണ് കുക്കിന് ആഹ്ലാദം പകര്‍ന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് നാല് പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു എന്ന പ്രഖ്യാപനവും ഈ സന്ദര്‍ഭത്തില്‍ കുക്ക് നടത്തി. ആപ്പിളിന് ഈ വര്‍ഷം ഇതുവരെ 94.9 ബില്ല്യന്‍ ഡോളര്‍ വരുമാനം ലഭിച്ചുവെന്നും ഇത് മുൻ വര്‍ഷത്തേക്കാൾ 6 ശതമാനം അധികമാണെന്നും കുക്ക് അറിയിച്ചു.
ഐഫോണ്‍ വില്‍പന ലോകത്തെ എല്ലാ മേഖലകളിലും ഈ കാലയളവില്‍ വർധിച്ചു. ആപ്പിള്‍ സര്‍വീസസ് വിഭാഗത്തിന് സര്‍വകാല റെക്കോർഡ് വരുമാനമാണ് കാലയളവില്‍ ഉണ്ടായിരിക്കുന്നെന്നും കുക്ക് പറഞ്ഞു. ഒക്ടോബര്‍ 28ന് പുറത്തിറക്കിയ ആപ്പിള്‍ ഇന്റലിജന്‍സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബറില്‍ കൂടുതല്‍ എഐ ഫീച്ചറുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ കരുത്തുറ്റ റൈറ്റിങ് ടൂള്‍സ്, വിഷ്വല്‍ ഇന്റലിജന്‍സ് തുടങ്ങിയവ പ്രതീക്ഷിക്കാമെന്ന സൂചനയും കുക്ക് നൽകി.
ഇന്റല്‍ കമ്പനി ഏറ്റെടുത്തേക്കുമോ?
ടെക് മേഖലയിലെ നാടകീയമായ നീക്കങ്ങളിലൊന്ന് നടത്താന്‍ ആപ്പിള്‍ ഒരുങ്ങുകയാണോ? ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍ ചിപ് നിര്‍മാണ കമ്പനികളിലൊന്നായ ഇന്റല്‍ ഏറ്റെടുക്കാന്‍ തയാറായേക്കാവുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആപ്പിളും, കൊറിയന്‍ ഭീമന്‍ സാംസങും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഇന്റല്‍ വില്‍ക്കാന്‍ ഒരുക്കമാണെന്നാണ് കേള്‍വി.
ഇന്റലിന്റെ മോഡം നിര്‍മാണ വിഭാഗം 2019ല്‍ ആപ്പിള്‍ ഏറ്റെടുത്തിരുന്നു. ഒരിടയ്ക്ക് ഇന്റല്‍ പ്രൊസസറുകളെ അടിസ്ഥാനമാക്കി കംപ്യൂട്ടറുകള്‍ നിര്‍മിച്ചുവന്നിരുന്ന ആപ്പിള്‍ സ്വന്തമായി ചിപ് നിര്‍മാണം ആരംഭിച്ചത് ഇന്റലിന് തിരിച്ചടിയായിട്ടുണ്ടാകാം. എന്നാല്‍, ആപ്പിൾ എന്തിനാണ് ഇത്തരം ഒരു കമ്പനി ഏറ്റെടുക്കുന്നത് എന്ന ചോദ്യവും ഉയരുന്നു. തയ്‌വാന്‍ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനിയാണ് (ടിഎസ്എംസി) ആപ്പിളിന് ഇപ്പോള്‍ എല്ലാവിധ ചിപ്പുകളും തന്നെ നിര്‍മിച്ചു നല്‍കുന്നത്.
ടിഎസ്എംസിയെ ആപ്പിള്‍ അമിതമായി ആശ്രയിക്കുന്നു എന്നൊരു അടക്കംപറച്ചിലുമുണ്ട്. അത് അവസാനിപ്പിക്കാന്‍ സാധിച്ചേക്കുമെന്നതാണ് ഇന്റൽ വാങ്ങുക വഴി ആപ്പിളിനുണ്ടാകുന്ന ഒരു ഗുണം. ഒപ്പം, പ്രൊസസര്‍ നിര്‍മാണത്തില്‍ ഇന്റലിന്റെ കൈവശമുള്ള ഒട്ടനവധി പേറ്റന്റുകളും സ്വന്തമാക്കാം. എന്നാല്‍, ആപ്പിള്‍ ഇന്റല്‍ ഏറ്റെടുത്തേക്കാമെന്നത് വെറും അഭ്യൂഹമാണെന്നും, പക്ഷെ, അങ്ങനെയൊരു സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ലെന്നും 'യൂട്യൂബര്‍ ടോം' പറയുന്നു.
ഫോട്ടോ എഡിറ്റിങ് ആപ്പ് പിക്‌സല്‍മേറ്റര്‍ ആപ്പിള്‍ വാങ്ങുന്നു
തേഡ്പാര്‍ട്ടി ഫോട്ടോ എഡിറ്റിങ് ആപ്പ് ആയ പിക്‌സല്‍മേറ്റര്‍ (Pixelmator) ആപ്പിള്‍ വാങ്ങുന്നു. മാക്ഓഎസ്, ഐഓഎസ്, ഐപാഡ്ഓഎസ്, വിഷന്‍ഓഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ഫോട്ടോ എഡിറ്റിങില്‍ ഗൂഗിളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആപ്പിള്‍ തയാറെടുക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലിനെ കാണുന്നത്.
ഗൂഗിളിന്റെ മാജിക് ഇറേസര്‍ മികച്ച പ്രകടനം നടത്തുന്നു
ആപ്പിള്‍ അവതരിപ്പിച്ച 'ക്ലീന്‍ അപ്' ഫീച്ചറാണ് ഗൂഗിളിനെ എതിരിടാന്‍ ഉപയോഗിക്കുന്നത്. അടുത്തിടെയായി പിക്‌സല്‍മേറ്ററിലേക്കും എഐ പ്രവേശിപ്പിച്ചിരുന്നു. ലിത്വവേനിയയില്‍ 2007ല്‍ ആരംഭിച്ച ആപ്പാണ് പിക്‌സല്‍മേറ്റര്‍. ഫോട്ടോ മിനുക്കാന്‍ അഡോബിയുടെ കൂറ്റന്‍ എഡിറ്റിങ് സൂട്ടൊന്നും വേണ്ടെന്നുള്ളവര്‍ക്ക് പ്രയോജനപ്രദമാണ് ഇത്. പിക്‌സല്‍മേറ്റര്‍ പ്രോയ്ക്ക് നിലവില്‍ 49.99 ഡോളറാണ് നല്‍കേണ്ടത്. വരിസംഖ്യ ഇല്ല.
ഇരു കമ്പനികളും തയാറാണെങ്കിലും വില്‍പ്പനയ്ക്ക് അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. വമ്പന്‍ കമ്പനികള്‍ ചെറു കമ്പനികളെ വിഴുങ്ങി മത്സരം ഇല്ലാതാക്കുന്നു എന്ന ആരോപണം അമേരിക്കിയിലടക്കം പല ഗവണ്‍മെന്റുകളും ഗൗരവത്തിലെടുക്കുന്നു എന്നതാണ് കാരണം.
ചാറ്റ്ജിപിറ്റിയുടെ എഐ സേര്‍ച് എൻജിൻ എത്തി
കുറച്ചു മാസങ്ങളായി പറഞ്ഞുകേട്ട സേര്‍ച് എൻജിൻ തുറന്നു നല്‍കിയിരിക്കുകയാണ് ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഓപ്പണ്‍എഐ. നിലവില്‍ മുഴുവന്‍ ഫീച്ചറുകളും പണമടയ്ക്കുന്നവര്‍ക്ക് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. വിവിധ തരത്തിലുള്ള സെര്‍ച്ച് ടെക്‌നോളജി സമ്മേളിപ്പിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ജിപിറ്റി-4ഓയില്‍ അധിഷ്ഠിതമായ സേര്‍ച്ച് ഇവിടെ ലഭ്യമാണ്: https://chatgpt.com/
ഫോര്‍ഡ് മേധാവിക്ക് ഷഓമി എസ്‌യു7 ഇലക്ട്രിക് 'ക്ഷ' പിടിച്ചു!
താന്‍ കഴിഞ്ഞ ആറു മാസമായി ചൈനീസ് കമ്പനിയായ ഷഓമിയുടെ ഷഓമി എസ്‌യു7 സെഡാന്‍ ഓടിച്ചു വരികയായിരുന്നു എന്നും അത് ഉപേക്ഷിക്കാന്‍ തോന്നുന്നില്ലെന്നും ഫോര്‍ഡ് മേധാവി ജിം ഫാര്‍ലെ പോഡ്കാസ്റ്റ് ഇന്റര്‍വ്യൂവില്‍ അറിയിച്ചു. ഷാങ്ഹായിയില്‍ നിന്ന് ഒരെണ്ണം വ്യോമമാര്‍ഗം ഷിക്കാഗോയില്‍എത്തിച്ചാണ് താന്‍ അത് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എനിക്ക് അത് ഉപേക്ഷിക്കാന്‍ തോന്നുന്നില്ല, ഫാര്‍ലെ പറഞ്ഞു.
അതേസമയം, താന്‍ എതിരാളികളുടെ വണ്ടി ഉപയോഗിക്കുന്നത് അതില്‍ നിന്ന് പഠിക്കാനാണെന്നും അദ്ദേഹം അറിയിച്ചു. വണ്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പേപ്പറില്‍ വായിച്ചിട്ടു കാര്യമില്ല. ഗുണവും കുറവും അറിയണമെങ്കില്‍ സ്റ്റിയറിങ് വീലിനു പിന്നിലിരുന്ന് ഓടിച്ചു നോക്കുക തന്നെ വേണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്:
മെറ്റായുടെ ലാമ പ്രയോജനപ്പെടുത്തി ചൈനീസ് ഗവേഷകര്‍ സൈന്യത്തിന് എഐ വികസിപ്പിച്ചു
മെറ്റാ കമ്പനിയുടെ ലാമാ 13ബി ലാര്‍ജ് ലാംഗ്വെജ് മോഡലും തങ്ങളുടെ സ്വന്തം പാരമീറ്ററുകളും ഉള്‍ക്കൊള്ളിച്ച് ചൈനീസ് സൈന്യത്തിനായി എഐ വികസിപ്പിച്ചെന്ന് റോയിട്ടേഴ്‌സ്. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും, മിന്‍സു യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് ഇതിന് മുന്നിട്ടിറങ്ങിയത്. ഈ പുതിയ സംവിധാനത്തിന് സൈനികാവശ്യത്തിനുള്ള കൃത്യതയുള്ള വിവരങ്ങള്‍ തേടിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് വിവരം.
ചാറ്റ്ജിപിറ്റിയുടെ പ്രകടനത്തോട് അടുത്തുള്ള ശേഷിയാണ് ഈ മോഡല്‍ കൈവരിച്ചിരിക്കുന്നതത്രെ. ചാറ്റ്ജിപിറ്റിയുടെ ഏകദേശം 90 ശതമാനം വരെ ശേഷിയുള്ളതാണ് ഇത്. അതേസമയം, ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ ഇത്തരം ഒരു സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന വിവരം ഇതാദ്യമായാണ് പുറത്തുവരുന്നത്എന്നും പറയുന്നു. മെറ്റായുടെ എഐ മോഡലുകളെല്ലാം പബ്ലിക് ആയതിനാല്‍ ഇത് പ്രയോജനപ്പെടുത്തുന്നതിനെതിരെ അധികമൊന്നും ചെയ്യാനാവില്ലെന്നും പറയുന്നു.