അടിച്ചു കയറി ബിഎസ്എൻഎൽ; ജിയോയ്ക്കും എയർടെല്ലിനും വിഐയ്ക്കും സബ്സ്ക്രൈബേഴ്സ് കുറഞ്ഞു!
Mail This Article
ജൂലൈയിലെ നിരക്ക് വർധന ജിയോയ്ക്കും എയർടെല്ലിനും വിഐയ്ക്കുമൊക്കെ ക്ഷീണവുമായപ്പോൾ മൂന്നാം മാസത്തിലും കിതയ്ക്കാതെ കുതിപ്പ് തുടരുകയാണ് ബിസ്എന്‍എൽ. 10 ദശലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് ഈ ടെലകോം ഭീമൻമാർക്ക് വെറും 3 മാസത്തിനുള്ളിൽ നഷ്ടമായത്.
ഭാരതി എയർടെൽ (14.34 ലക്ഷം ഉപയോക്താക്കൾ), വോഡഫോൺ ഐഡിയ (15.53 ലക്ഷം ഉപയോക്താക്കൾ) എന്നിവയെ അപേക്ഷിച്ച് സെപ്റ്റംബറിൽ റിലയൻസ് ജിയോയ്ക്കാണ് 79.69 ലക്ഷം മൊബൈൽ വരിക്കാരെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പറയുന്നു. സെപ്റ്റംബറിലെ ജിയോയുടെ വരിക്കാരുടെ നഷ്ടം കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) വയർലെസ് വരിക്കാരുടെ എണ്ണത്തിൽ സെപ്റ്റംബറിൽ 8.49 ലക്ഷം ഉപയോക്താക്കളെയാണ് ഒപ്പം കൂട്ടിയിരിക്കുന്നത്. ഇതോടെ 9 കോടി സബ്സ്ക്രൈബേഴ്സാണ് ബിഎസ്എൻഎലിനുള്ളത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) സെപ്റ്റംബറിൽ ട്രായിക്ക് ആകെ 13.3 ദശലക്ഷം അപേക്ഷകൾ ലഭിച്ചതായും കണക്കുകൾ പറയുന്നു.
നിരവധി മാറ്റങ്ങൾ
വരിക്കാരെ ആകർഷിക്കാനും വിപണി വിഹിതം തിരിച്ചുപിടിക്കാനും കിണഞ്ഞു ശ്രമിക്കുകയാണ് ബിഎസ്എൻഎൽ. കൂടാതെ സ്പാം ബ്ലോക്കറുകൾ മുതൽ ഓട്ടോമേറ്റഡ് സിം കിയോസ്‌ക്കുകളും ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങളും വരെയുള്ള പുതിയ ഓഫറുകളും സംരംഭങ്ങളും അടുത്തിടെ ആകര്‍ഷകമായി അവതരിപ്പിക്കാൻ കഴിഞ്ഞു, എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും ജിയോ താരിഫ് 12 മുതൽ 25 ശതമാനം വരെയും എയർടെൽ 11 മുതൽ 21 ശതമാനം വരെയും Vi 10 മുതൽ 21 ശതമാനം വരെ വർധിപ്പിച്ചു.അതേസമയം അടുത്തെങ്ങും ഒരു താരിഫ് വർധന ഉണ്ടാകില്ലെന്നാണ് ബിഎസ്എൻഎൽ പറയുന്നത്.
ബിഎസ്എൻഎൽ രാജ്യവ്യാപകമായി 50,000-ലധികം തദ്ദേശീയ 4ജി സൈറ്റുകൾ വിജയകരമായി വിന്യസിക്കുകയും ചെയ്തു. 2025 ജൂണോടെ 1 ലക്ഷം സൈറ്റുകൾ വിന്യസിച്ചുകൊണ്ട് ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് പുറത്തിറക്കുമെന്നും ഒരു മാസത്തിനുള്ളിൽ അവയെ 5ജിയിലേക്ക് പരിവർത്തനം ചെയ്യുമെന്നും ടെലകോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.