പ്രളയം നേരിടാനുള്ള റോബടുമായി കേരളത്തിലെ കൊച്ചുമിടുക്കികൾ റോബട്ടിക്സ് ഒളിംപ്യാഡിൽ; ഇത് ചരിത്രം
Mail This Article
യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്ന് മനോരമ ഓൺലൈൻ കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ച വിആർ എക്സ്പോയിലേക്ക് കടന്നു വന്നവർ അമ്പരന്നു നിന്നത് സ്റ്റാളിനടുത്ത് സജ്ജീകരിച്ച പ്രളയം നേരിടുന്ന റോബട്ടുകളെ കണ്ടിട്ടായിരുന്നു. ഏഴിലും നാലിലും പഠിക്കുന്ന കാത്‌ലിനും ക്ലെയറുമായിരുന്നു ഈ വമ്പൻ പ്രോജക്ട് നിർമിച്ചത്. കണ്ടവരെല്ലാം ഒരേ സ്വരത്തിൽ അഭിമാനത്തോടെ പറഞ്ഞു കുട്ടികളെല്ലാം വേറെ ലെവൽ. ആ വാക്കിതാ സത്യമായിരിക്കുന്നു.
തുർക്കിയിൽ നടക്കുന്ന വേൾഡ് റോബട്ടിക്സ് ഒളിംപ്യാഡിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ഇവർ.85 രാജ്യങ്ങളിൽ നിന്നും 450-ലധികം ടീമുകളിൽ നിന്നും, 2024-ൽ ഇന്റർനാഷണലിൽ പോഡിയം ഫിനിഷിങ് നേടുന്ന ഇന്ത്യയിൽ നിന്നുള്ള ഏക ടീമായിരിക്കുകയാണ് ഇവരുടേത്.ഫ്യൂച്ചർ ഇന്നൊവേറ്റേഴ്സ് എലിമെന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് നേടിയിരിക്കുന്നത്
തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിദ്യാർഥികളും സഹോദരികളുമായ കാത്‍ലിന്‍ മാരീ ജീസന്റെയും ക്ലെയർ റോസ് ജീസന്റെയും വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന റോബട്ടുകളാണ് അദ്ഭുതം സൃഷ്ടിച്ചത്.
പ്രളയത്തിൽ സഹായിക്കും റോബോ
2 റോബട്ടുകളുടെ മാതൃകകളാണ് അവിടെയുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവരെ മനുഷ്യസഹായമില്ലാതെ തന്നെ രക്ഷപെടുത്താനുള്ള ഒരെണ്ണവും വെള്ളപ്പൊക്കത്തിനു ശേഷം അടിഞ്ഞുകൂടുന്ന ചെളിയും മാലിന്യങ്ങളുമൊക്കെ നീക്കം ചെയ്യാനുള്ള മറ്റൊരണ്ണവും.
അക്വാ റെസ്‌ക്യൂ റാഫ്റ്റ് 1.0: വെള്ളപ്പൊക്ക സമയത്ത് ജീവൻ രക്ഷാ ചങ്ങാടമായി വർത്തിക്കുന്ന, വേഗത്തിലുള്ള പലായനം ചെയ്യാനും അവശ്യ സാധനങ്ങൾ എത്തിക്കാനും കഴിയുന്ന ഒരു ബഹുമുഖ ഉപകരണമാണ്. ദുരന്ത നിവാരണത്തിനപ്പുറം, ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും അവശിഷ്ടങ്ങളും മലിനീകരണങ്ങളും ശേഖരിക്കുന്നതിന് നദികളിലും തടാകങ്ങളിലും ഇത് സ്വയം സഞ്ചരിക്കുകയും ചെയ്യും. മാത്രമല്ല ശേഖരിക്കുന്ന ഡാറ്റ അക്വാ വാച്ച് ആപ്പ് വഴി പങ്കിടുന്നു പരിസ്ഥിതി സംരക്ഷണത്തിനായി സജീവമായ നടപടികൾ കൈക്കൊള്ളുന്നതിനും സാധ്യമാകും.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക്ക് വേൾഡ് റോബോട്ടിക്സ്, ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര റോബട്ടിക്സ് മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന സ്ഥാപനമാണ്. ബൻസൻ തോമസ് ജോർജ്, അഖില ആർ ഗോമസ്, ഡിക്‌സൺ എംഡി, ജിതിൻ അനു ജോസ്, മോനിഷ് മോഹൻ എന്നിവരുടെ മാർഗനിർദേശവും കാത്‌ലിൻ, ക്ലെയർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയയും പ്രതിഫലനമാണ് ഈ ശ്രദ്ധേയമായ വിജയം.