7 ലക്ഷത്തോളം സിം കാർഡുകൾക്കും 59,000 വാട്സാപ് അക്കൗണ്ടുകൾക്കും നിരോധനം; കാരണം അറിയാം
Mail This Article
ഡിജിറ്റൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന ആയിരത്തി എഴുന്നൂറിലധികം സ്കൈപ് ഐഡികളും 59,000 വാട്സാപ് അക്കൗണ്ടുകളും ബ്ലോക് ചെയ്തതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ. 2024 നവംബർ 15 വരെ, 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1.32 ലക്ഷം ഐഎംഇഐകളും ബ്ലോക് ചെയ്തതായും റിപ്പോർട്ട് പറയുന്നു.വ്യാജ ഡിജിറ്റൽ അറസ്റ്റുകൾ, ഫെഡെക്സ് അഴിമതികൾ, സർക്കാർ അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം തുടങ്ങിയ സമീപകാല കേസുകളിലെല്ലാം സൈബർ കുറ്റവാളികളുപയോഗിച്ച അക്കൗണ്ടുകളുൾപ്പെടെ നിരോധിക്കപ്പെട്ടവയിൽ വരും.
രാജ്യാന്തര സ്പൂഫ് കോളുകൾ തടയാൻ സേവന ദാതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ,ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ ഒരു അത്യാധുനിക സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്ററും (CFMC) സ്ഥാപിച്ചിട്ടുണ്ട്. പ്രധാന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പേമെന്റ് അഗ്രഗേറ്റർമാർ,ടിഎസ്പികൾ, ഐടി ഇടനിലക്കാർ, സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള നിയമ നിർവ്വഹണ ഏജൻസികൾ എന്നിവർ ഈ സംവിധാനവുമായി സഹകരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉടനടി നടപടിയും തടസമില്ലാത്ത സഹകരണവും ഉറപ്പാക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം സാമ്പത്തിക തട്ടിപ്പുകൾ ഉടനടി റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ അനുവദിക്കുന്നു, ഇത് കൂടുതൽ നഷ്ടങ്ങൾ തടയാൻ സഹായിക്കുന്നു. ഒപ്പം ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനുള്ള സാങ്കേതിക വിദ്യകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ സർക്കാർ ബോധവൽക്കരണ കാംപെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്