ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി ആറായിരം രൂപ!, ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ കുടുങ്ങും
Mail This Article
കോട്ടയത്ത് ലുലുവിന്റെ പുതിയ മാൾ ഉദ്ഘാടന ചടങ്ങിന്റെ പിന്നാലെ എല്ലാ വാട്സാപ് ഗ്രൂപ്പുകളിലും ഒരു സന്ദേശം എത്തി. ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ. പുതിയ മാൾ ഇതിനകം ചർച്ചാവിഷയമായതിനാൽ ഏവരും പരസ്പരം ഈ വിവരം ഷെയർ ചെയ്തു അറിയിച്ചു. നിലവിൽ അരങ്ങേറുന്ന തട്ടിപ്പിന്റെ പുതിയൊരു രൂപമാണ് ഇതും. അതിനാൽ ഇത്തരമൊരു ലിങ്ക് ലഭിച്ചാൽ ഡിലീറ്റ് ചെയ്യുക, ഒരിക്കലും പങ്കുവയ്ക്കരുത്.
ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമമായി പരിശോധിച്ചാൽ വ്യാജമാണെന്നു മനസിലാകും , വെബ് പേജിനുള്ളിൽ നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യമാണ് നൽകിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകാർക്ക് സ്ഥിരം അക്ഷരത്തെറ്റുകൾ പറ്റാറുണ്ട്. ഇത്തവണ തട്ടിപ്പുകാർ 5 ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട്ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിലെന്നതിനാൽ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും അഭികാമ്യം.
ലുലുവിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഒഫീഷ്യൽ സമൂഹമാധ്യമങ്ങളിലുമായിരിക്കും ഓഫറുകൾ നൽകുന്നത്. വ്യാജ ലിങ്കുകളിൽ സംശയം തോന്നുമ്പോൾ ഓരോ കമ്പനികളുടെയും ഔദ്യോഗിക ഉറവിടങ്ങൾ പരിശോധിക്കുന്നതായിരിക്കും സുരക്ഷിതമായിരിക്കാന്‍ ഒരു വഴി.