ADVERTISEMENT

ഐഫോണുകളിലും മറ്റും കാണുന്ന ഫെയ്‌സ്‌ഐഡി എന്ന് അറിയപ്പെടുന്ന, ആപ്പിള്‍ കമ്പനി വികസിപ്പിച്ച മുഖം ബയോമെട്രിക് മുഖം തിരിച്ചറിയല്‍ സംവിധാനം ഇനി വീടുകളുടെയും ഓഫിസുകളുടെയും ഒക്കെ ഡോര്‍ബെല്ലിലേക്കും എത്തിയേക്കാമെന്ന് ബ്ലൂംബര്‍ഗ്. ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആമസോണ്‍ റിങ്, ഗൂഗിള്‍ നെസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യമായിരിക്കും ആപ്പിളിന്റെ ഡോര്‍ബെല്‍ അടക്കമുള്ള സിസ്റ്റത്തിന് എന്നു കരുതപ്പെടുന്നു. 

apple-logo - 1

മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും വാതിലുകളുടെ പൂട്ടുമായി വയര്‍രഹിതമായി ബന്ധിപ്പിച്ചായിരിക്കും പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ഐഫോണ്‍ അണ്‍ലോക് ചെയ്യുന്നതുപോലെ, ഫെയ്‌സ്‌ഐഡി നല്‍കിയിരിക്കുന്ന ആളുകള്‍ നോക്കുമ്പോള്‍ വാതിലിന്റെ ലോക്ക് തുറക്കുന്ന രീതിയിലായിരിക്കും ക്രമീകരണം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 

വീടുകളിലെ സ്മാര്‍ട്ട് ഉപകരണങ്ങളെ വോയിസ് കമാന്‍ഡ് അടക്കം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ശേഷിയുളള ഒരു സ്മാര്‍ട്ട് ഹോം ഹബ് ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് നേരിത്തെ വന്ന ചില അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആയിരിക്കാം ഫെയ്‌സ്‌ഐഡി അടങ്ങിയ ഡോര്‍ബെല്ലും സുരക്ഷാ ക്യാമറയും എന്നു കരുതപ്പെടുന്നു. 

ആപ്പിള്‍ നിര്‍മ്മിച്ചു വന്ന സ്മാര്‍ട്ട് കാര്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതും, കമ്പനിയുടെ ആദ്യ എആര്‍ ഹെഡ്‌സെറ്റായ വിഷന്‍ പ്രോയ്ക്ക് ആരംഭത്തില്‍ ലഭിച്ച സ്വീകരണം തണുത്തതും, പുതിയ വഴികളില്‍ ചിന്തിക്കാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ എയര്‍പോഡ്‌സിന് ആരോഗ്യ പരിപാലന ഫീച്ചറുകള്‍ നല്‍കാനും കമ്പനി ശ്രമിച്ചേക്കുമെന്നും ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പറയുന്നു.

apple-logo - 1

എഐ തിരയിലുയര്‍ന്ന് ആപ്പിള്‍ 4 ട്രില്ല്യനിലേക്ക് അടുക്കുന്നു!

ലോകത്തെ ആദ്യത്തെ 4 ട്രില്ല്യന്‍ ഡോളര്‍ മുല്ല്യമുള്ള കമ്പനി എന്ന കീര്‍ത്തി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് റോയിട്ടേഴ്‌സ്. നിര്‍മ്മിത ബുദ്ധി (എഐ) ഉള്‍ക്കൊള്ളിച്ചിറക്കിയ ഐഫോണ്‍ 16 സീരിസ് കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് വീണ്ടും നിക്ഷേപകരില്‍ ഉണര്‍വ് പകര്‍ന്നു എന്നാണ് അനുമാനം. നിലവിലെ മൂല്ല്യം 3.85 ട്രില്ല്യന്‍ ഡോളറാണ്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ എന്നീ കമ്പനികളാണ് ആപ്പിളിനു പിന്നിലുള്ളത്. 

എന്താണ് ഐഫോണ്‍ 16ഇ?

അടുത്തതായി ആപ്പിള്‍ പുറത്തിറക്കിയേക്കാവുന്ന ഫോണിന്റെ പേര് ഐഫോണ്‍ 16ഇ എന്നായാല്‍ അത്ഭുതപ്പെടേണ്ടന്ന്! ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്ന ഏറ്റവും വില കുറഞ്ഞ മോഡലും ഇതായരിക്കാം. നേരത്തെ പറഞ്ഞു കേട്ട ഐഫോണ്‍ എസ്ഇ 4 മോഡലാണ് ഐഫോണ്‍ 16ഇ എന്ന പേരില്‍ അവതരിപ്പിച്ചേക്കാമെന്ന് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ഏതെല്ലാം ഫോണുകള്‍ക്ക് ഐഓഎസ് 19 ലഭിക്കും?

ഐഫോണ്‍സോഫ്റ്റ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇപ്പോള്‍ ഐഓഎസ് 18 പ്രവര്‍ത്തിക്കുന്ന എല്ലാ മോഡലുകള്‍ക്കും ഐഓഎസ് 19 ലഭിക്കും. ഐഫോണ്‍ 16ഇ, ഐഫോണ്‍ 17 സീരിസ് തുടങ്ങിയവ അടക്കം മുപ്പത്തിലേറെ മോഡലുകള്‍ക്ക് ഐഓഎസ് 19 ലഭിച്ചേക്കാമെന്നാണ് സൂചന. 

ഇവയില്‍, ഐഫോണ്‍ എക്‌സ്ആര്‍ (ടെന്‍ആര്‍) മോഡലിന് ഐഓഎസ് 19 ലഭിച്ചേക്കുമെങ്കിലും അത് അത്രയ്ക്ക് ഗുണകരമായേക്കില്ലെന്നും പറയുന്നു. ഇപ്പോള്‍ ഐപാഡ്ഓഎസ് പ്രവര്‍ത്തിക്കുന്ന എല്ലാ ഐപാഡുകള്‍ക്കും ഐപാഡ്ഓഎസ് 19നും ലഭിച്ചേക്കുമെന്നും പറയുന്നു.  

ഐഫോണ്‍ 18 പ്രോ ക്യമാറകള്‍ക്ക് ഒരു മാറ്റം വന്നേക്കാമെന്ന്

ആപ്പിള്‍ 2026ല്‍ പുറത്തിറക്കുമെന്നു കരുതുന്ന ഐഫോണ്‍ 18 പ്രോ സീരിസിനെക്കുറിച്ച് പ്രവചനവുമായി മറ്റൊരു വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ. എസ്എല്‍ആര്‍, ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകളുടെ ലെന്‍സുകളില്‍ കാണുന്നതു പോലെ നിയന്ത്രിക്കാവുന്ന അപര്‍ചര്‍ ഐഫോണ്‍ 18 പ്രോ സീരിസില്‍ കൊണ്ടുവന്നേക്കും എന്നാണ് കുവോ പറയുന്നത്. 

Image Credit: canva AI
Image Credit: canva AI

ബിഇ സെമികണ്‍ഡക്ടര്‍ (ബിഇഎസ്‌ഐ) കമ്പനിയുടെ സാങ്കേതികവിദ്യ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് തന്റെ വാദം മുന്നോട്ടുവയ്ക്കാന്‍ കുവോയെ പ്രേരിപ്പിച്ചിരിക്കുന്നത്. വേരിയബ്ള്‍ അപര്‍ചര്‍ സാങ്കേതികവിദ്യ ആദ്യമായി കൊണ്ടുവന്ന സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് ഗ്യാലക്‌സി എസ്9 ആണ്. വാവെയ്, ഷഓമി, ഓണര്‍ തുടങ്ങിയ കമ്പനികളുടെ പ്രധാനപ്പെട്ട ഫോണുകളില്‍ ഇത് ഇപ്പോള്‍ ഉണ്ട്. 

ക്യാമറാ സെന്‍സറിലേക്ക് കടത്തിവിടേണ്ട പ്രകാശത്തിന്റെ അളവ് ഫോണ്‍ ഉടമയ്ക്ക് തീരുമാനിക്കാമെന്നതാണ് ഇതിന്റെ പല ഗുണങ്ങളില്‍ ഒന്ന്. ബോ-കെ, ഷാര്‍പനസ് തുടങ്ങി പലതും ക്രമീകരിക്കാം. എന്നാല്‍, താരതമ്യേന വലുപ്പക്കുറവുള്ള സെന്‍സര്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഫോണ്‍ ക്യാമറകള്‍ക്ക് പുതിയ നീക്കം പ്രകടമായ എന്തെങ്കിലും ഗുണം കൊണ്ടുവരുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. 

ഇപ്പോള്‍ ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ ചെയ്യുന്നതു പോലെ ടൈപ്-വണ്‍ വലിപ്പമുള്ള സെന്‍സര്‍ എങ്കിലും ഐഫോണില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ വേരിയബ്ള്‍ അപര്‍ചര്‍ എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ഗുണം ചെയ്‌തേക്കും. 

ഇന്റല്‍ മേധാവിയുടെ ശമ്പളം തിരിച്ചു ചോദിച്ച് ഓഹരിയുടമകള്‍

ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാണ കമ്പനികളിലൊന്നായിരുന്ന ഇന്റല്‍ പതനത്തിന്റെ പാതയിലാണ്. ഇതേ തുടര്‍ന്ന് മധാവി പാറ്റ് ഗെല്‍സിങ്ഗറെ പുറത്താക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളൊക്കെ നമ്മള്‍ സാധാരണ കേള്‍ക്കുന്നതാണ്. എന്നാല്‍, ഇന്റല്‍ ഓഹരിയുടമകളുടെ പുതിയ നീക്കം പല കമ്പനി മേധാവികളുടെയും ഉറക്കെ കെടുത്തിയേക്കും.

intel - 1

കമ്പനിയെ പതനത്തിലേക്കു നയിച്ച ഗെല്‍സിങ്ഗര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ (2021 - 2023) പ്രതിഫലമായി കൈപ്പറ്റിയ 207 ദശലക്ഷം ഡോളര്‍ കമ്പനിക്ക് തിരിച്ചടച്ചേക്കണം എന്നാണ് ഓഹരിയടമകള്‍ പറയുന്നത്. ഇത് ആവശ്യപ്പെട്ട് അവര്‍ സാന്‍ ജോസ് ഫെഡറല്‍ കോടതിയില്‍ കേസും കൊടുത്തു കഴിഞ്ഞു. ഗെല്‍സിങ്ഗര്‍ക്ക് എതിരായ നിയമനടപടിക്കു നേതൃത്വം നല്‍കുന്ന എല്‍ആര്‍ ട്രസ്റ്റ് ആരോപിക്കുന്നത് ഇന്റലിന്റെ നേതൃത്വം നിക്ഷേപകരെ മനപ്പൂര്‍വ്വം കബളിപ്പിക്കുകയായിരുന്നു എന്നാണ്. 

English Summary:

Apple's Face ID is coming to smart doorbells, challenging Ring and Nest. Plus, iPhone 16 details, iOS 19 updates, and a potential iPhone 18 Pro camera upgrade are discussed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com