ചൈനയെ ഭയപ്പെടുത്തുന്ന നെയ്ജുവാന്‍, യുവജനങ്ങളെ വിഷമിപ്പിക്കുന്ന 996 സിസ്റ്റം!
Mail This Article
ആഴ്ചയിൽ 6 ദിവസം രാവിലെ 9 മുതൽ രാത്രി 9 വരെ ജോലിയെന്നത് ചൈനയിൽ ചില കമ്പനികളുടെ നിയമമാണ്. ടെക്‌നോളജി കമ്പനികള്‍ പോലും അനുവര്‍ത്തിച്ചുവരുന്ന 996 സംവിധാനം അടക്കമുള്ള ചില കാര്യങ്ങള്‍ ചൈനയിലെ യുവജനതയുടെ പ്രതീക്ഷകള്‍ കെടുത്തുന്നതായി റിപ്പോർട്ടുകള്‍.
ഈ സാമൂഹിക പ്രശ്‌നത്തെ സൂചിപ്പിക്കുന്ന പദമാണ് നെയ്ജുവാന്‍ (Neijuan). ഉള്‍വലിയുക എന്നാണ് അര്‍ത്ഥമെന്ന് പറയാം. കൂടുതല്‍ കൂടുതല്‍ കമ്പനികള്‍ അനുവര്‍ത്തിച്ചു വരുന്ന 996 സംവിധാനം യുവജനതയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു. രാവിലെ ഒമ്പതു മുതല്‍ രാത്രി 9 വരെ ജോലി. ഇത് ആഴ്ചയില്‍ 6 ദിവസവും തുടരുന്നു. അതിനെയാണ് 996 സിസ്റ്റം എന്നു വളിക്കുന്നത്.
അതിനു പുറമെ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, രാജ്യത്തെ പിടികൂടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊക്കെ ചെറുപ്പക്കാരില്‍ 'നെയ്ജുവാന്‍' അവസ്ഥയ്ക്കു വഴിവയ്ക്കുന്നു എന്ന് സാമൂഹ്യ ശാസ്ത്ര ഗവേഷകര്‍ പറയുന്നു. ടെക് മേഖലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ഉണ്ടാക്കിയ അതിവേഗ വളര്‍ച്ച അവസാനിക്കുകയാണെന്ന് യുവജനത കരുതുന്നു.
തങ്ങളുടെ മാതാപിതാക്കള്‍ക്ക് ലഭ്യമായിരുന്ന അവസരങ്ങള്‍ പോലും തങ്ങള്‍ക്ക് ലഭിച്ചേക്കില്ലെന്നുള്ള തോന്നലാണ് യുവജനതയെ നിരാശയിലേക്ക് തള്ളിവിടുന്നതെന്നാണ് വിലയിരുത്തല്‍. ഇതേക്കുറിച്ച് ചൈനീസ് നേതാക്കള്‍ ആശങ്കാകുലരാണെന്നും ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന ടെക് വ്യവസായ മേഖലയുമായി ബന്ധപ്പെട്ടുളളവരാണ് നെയ്ജുവാന്‍ എന്ന പ്രയോഗം കൂടുതലായി ഉപയോഗിക്കുന്നത്. 996 സംവിധാനത്തിനെതിരെയും നെയ്ജുവാൻ പ്രതിസന്ധികൾക്കെതിരെയും കൂട്ട രാജിപോലുള്ള പ്രതിഷേധ കൂട്ടായ്മകൾ രൂപപ്പെട്ടുവരുന്നുണ്ട്.