'ഐഫോൺ ഉപയോക്താക്കൾക്ക്' നഷ്ടപരിഹാരം കിട്ടും? സംഭാഷണം ഒളിഞ്ഞുകേട്ടതിന് പരിഹാരം: റിപ്പോർട്ട് ഇങ്ങനെ...
Mail This Article
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്ന കമ്പനിയാണ് തങ്ങളുടേത് എന്നു വിളിച്ചുപറഞ്ഞിരുന്ന ആപ്പിള്‍ ഇതാ നാണക്കേടിന്റെ കൊടുമുടിയിലെന്ന് വാർത്തകൾ. ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ആയ സിരി ഉപയോഗിച്ച് ഉപയോക്താക്കളുടെ സംഭാഷണം രഹസ്യമായി ചോര്‍ത്തി എന്ന കേസില്‍ 95 ദശലക്ഷം ഡോളര്‍ പിഴയൊടുക്കി തലയൂരാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കലിഫോര്‍ണിയിലെ ഓക്‌ലൻഡിലെ ഫെഡറല്‍ കോര്‍ട്ടില്‍ നടക്കുന്ന കേസാണ് 95 ദശലക്ഷം ഡോളര്‍ നല്‍കി തീര്‍പ്പാക്കാന്‍ കമ്പനി സമ്മതിച്ചിരിക്കുന്നത്. സിരി തങ്ങളുടെ അറിവോടെയല്ലാതെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുന്നു എന്നാണ് പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞത്.ഇങ്ങനെ റെക്കോഡ് ചെയ്ത ഓഡിയോ , പരസ്യക്കാര്‍ അടക്കമുള്ള മറ്റു കമ്പനികള്‍ക്ക് ആപ്പിള്‍ നല്‍കുകയും ചെയ്തു എന്നാണ് ആരോപണം.
ആപ്പിള്‍ പിഴയൊടുക്കാന്‍ തയാറാകുമ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പണം കിട്ടും. 'ഹെയ്, സിരി' എന്ന വാക്കുകള്‍ ഉച്ചരിച്ചാല്‍ മാത്രമെ വോയിസ് അസിസ്റ്റന്റ് എന്താണ് പറയാന്‍ പോകുന്നത് എന്നതറിയാന്‍ കഴിയൂ എന്നാണ് ആപ്പിള്‍ ഔദ്യോഗികമായി ഉപയോക്താക്കളെ അറിയിച്ചിരുന്നത്.
ഇങ്ങനെയല്ലാത്ത സമയത്തും തങ്ങളുടെ സംഭാഷണം റെക്കോഡ് ചെയ്തു എന്നും, അത് ആപ്പിള്‍ വിറ്റു എന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. 'എയര്‍ ജോര്‍ഡന്‍' സ്‌നീക്കേഴ്‌സ് എന്നോ ഒലിവ് ഗാര്‍ഡന്‍ റസ്‌റ്റോറന്റ് എന്നോ ഒക്കെ സിരി ഉള്ള ആപ്പിള്‍ ഉപകരണങ്ങളുടെ സാന്നിധ്യത്തില്‍ പറഞ്ഞാല്‍ ഇവയുടെ പരസ്യം ഉടനെ കാണേണ്ടി വന്നിരുന്നു എന്ന് പരാതിക്കാര്‍ പറയുന്നു.
തന്റെ ഡോക്ടറുമായി രഹസ്യമായി ഒരു സര്‍ജിക്കല്‍ ചികിത്സാ ബ്രാന്‍ഡിനെ പറ്റി സംസാരിച്ചപ്പോള്‍ അതിന്റെ പരസ്യം കാണാനിടവന്നു എന്നാണ് മറ്റൊരു പരാതിക്കാരന്‍ പറഞ്ഞിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ്. ആപ്പിള്‍ മേധാവി ടിം കുക്കും, മുന്‍ സിഇഓ സ്റ്റീവ് ജോബ്‌സും പല്ലവി പോലെ ആവര്‍ത്തിച്ചിരുന്ന കാര്യം, ഉപയോക്താവിന്റെ സ്വകാര്യത ഒരു മൗലികാവകാശമാണ് എന്നായിരുന്നു. അതിലെ പരസ്പരവിരുദ്ധയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കേസില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ ഇതുവരെ തങ്ങളെങ്ങും ഒരു തെറ്റും ചെയ്തതായി ആപ്പിള്‍ സമ്മതിച്ചിട്ടില്ല. കൂടാതെ, കേസ് ജഡ്ജി ജെഫ്രി വൈറ്റ് ആപ്പിളിനെതിരായി വിധിച്ചിട്ടുമില്ല. പിന്നെ എന്തിനാണ് ആപ്പിള്‍ പിഴയൊടുക്കാന്‍ തീരുമാനിച്ചത് എന്നതിനെക്കുറിച്ച് പല ഊഹങ്ങളുമുണ്ട്.
എന്തിന് തീര്‍പ്പാക്കണം?
ഒന്നാമതായി, നല്‍കേണ്ടത് ആപ്പിളിനെ സംബന്ധിച്ച് ചെറിയൊരു തുകയാണ്. കേസ് ആപ്പിള്‍ തോറ്റാല്‍ 1.5 ബില്ല്യന്‍ ഡോളര്‍ നല്‍കേണ്ടി വന്നേക്കാം. കോടതി ഇനി കേസ് എടുക്കുന്നത് ഫെബ്രുവരി 14ന് ആയിരിക്കും. അപ്പോള്‍ പിഴയൊടുക്കി കേസ് മുന്നൊട്ടു കൊണ്ടുപോകാതെ അവസാനിപ്പിക്കാനായിരിക്കും ആപ്പിള്‍ ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കേസ് പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിച്ചാല്‍ തങ്ങളുടെ സദ്‌പേരിന് അധികം കളങ്കമുണ്ടാക്കാതെ രക്ഷപെടാം എന്നും കമ്പനി കരുതുന്നുണ്ടാകാം. തങ്ങള്‍ തെറ്റുചെയ്‌തെന്ന് ഏറ്റുപറയേണ്ടി വരാതിരിക്കുന്നതും, വിധി തങ്ങള്‍ക്ക് എതിരാകാതിരിക്കുന്നതുമായിരിക്കും കമ്പനിയുടെ ഭാവിക്ക് നല്ലത് എന്ന ചിന്തയാലാകാം ആപ്പിള്‍ പിഴയൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് വാദമുണ്ട്.
ഒരാള്‍ക്ക് 20 ഡോളര്‍
സെപ്റ്റംബര്‍ 17, 2014 മുതല്‍ മുതല്‍ 2024 അവസാനം വരെ ഐഫോണുകളോ മറ്റ് സിരി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ക്കോ ആപ്പിള്‍ നല്‍കാന്‍ പോകുന്ന തുകയില്‍ നിന്ന് പങ്ക് അവകാശപ്പെടാം. ഒരു ആപ്പിള്‍ ഉപകരണമുള്ള ഒരാള്‍ക്ക് ലഭിക്കുക ഏകദേശം ഒരാള്‍ക്ക് 20 ഡോളര്‍ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പണം കൂടുകയോ കുറയുകയോ ചെയ്യാം. അഞ്ച് വ്യത്യസ്ത ഉപകരണങ്ങള്‍ക്കു വരെ ക്ലെയിം ചെയ്യാം. ഉപയോക്താക്കളില്‍ 3 മുതല്‍ 5 ശതമാനം പേര്‍ മാത്രമെ പണം ക്ലെയിം ചെയ്യൂ എന്നാണ് കരുതപ്പെടുന്നത് എന്നാണ് കോടതി രേഖകളില്‍ നിന്ന് മനസിലാകുന്നത്.
'ഇതൊക്കെ എന്ത്' എന്ന് ആപ്പിൾ
ആപ്പിള്‍ ഇപ്പോള്‍ നല്‍കാന്‍ പോകുന്ന പിഴയായ 95 ദശലക്ഷം ഡോളര്‍ കമ്പനി 2014ല്‍ നേടിയ ലാഭത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ്. കമ്പനിക്ക് സെപ്റ്റംബര്‍ 17, 2014നു ശേഷം ലഭിച്ചത് 705 ബില്ല്യന്‍ ഡോളറാണ്. അവസാനത്തെ സാമ്പത്തി വര്‍ഷം മാത്രം ആപ്പിളിന് ലഭിച്ചത് 93.74 ബില്ല്യന്‍ ഡോളറാണ് എന്നതില്‍ നിന്നും പിഴയായി ഒടുക്കാന്‍ തീരുമാനിച്ചത് കമ്പനിയെ സംബന്ധിച്ച് എത്ര ചെറിയ തുകയാണ് എന്നു കാണാം.
കേസു കൊടുത്ത ആളുകളെ പ്രതിനിധീകരിക്കുന്നവർ പ്രതീക്ഷിച്ചത് രഹസ്യമായി സംഭാഷണം ചോര്‍ത്തി എന്നു തെളിഞ്ഞാല്‍ കുറഞ്ഞത് 1.5 ബില്ല്യന്‍ ഡോളറെങ്കിലും ആപ്പിളിന് പിഴ വീഴുമെന്നായിരുന്നു. പരാതിക്കാര്‍ക്കായി ഹാജരായ വക്കീലുമാര്‍ തങ്ങളുടെ ഫീസായി 29.6 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ടേക്കുമെന്നും കോടതി രേഖകളില്‍ നിന്നു മനസിലാക്കാമത്രെ.