പൊട്ടിക്കരഞ്ഞു, ഉപദ്രവിക്കരുതേയെന്നു യാചിച്ചു; 40 മണിക്കൂർ ഡിജിറ്റൽ അറസ്റ്റിലായ ഭീകര അനുഭവം പങ്കുവച്ച് യുട്യൂബർ
Mail This Article
'ഡിജിറ്റൽ അറസ്റ്റ്' - തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് നാം നിരന്തരം കേൾക്കുന്നതെങ്കിലും ഇപ്പോഴും നിരവധി ആളുകൾക്കു ഈ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർനെറ്റുമായും സമൂഹമാധ്യമങ്ങളുമായി ബന്ധമില്ലാത്തവരാകാം ഇത്തരത്തിൽ കുടുങ്ങുന്നതെന്നു കരുതരുത്, അടുത്തിടെ ഡിജിറ്റൽ അറസ്റ്റിന് നിർബന്ധിതനായി 40 മണിക്കൂർ ബന്ദിയായി കിടക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തത് ഒരു യുട്യൂബർക്കാണ്- അങ്കുഷ് ബഹുഗുണ.
തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടു. 3 ദിവസം സമൂഹമാധ്യമങ്ങളിൽ കയറാനാവാത്തവിധം മാനസിക സംഘർഷത്തിലായി. ഇത് സംഭവിച്ചത് തനിക്കാണെന്നു വിശ്വസിക്കാനാവുന്നില്ലെന്നാണ് അങ്കുഷ് ബഹുഗുണ പറയുന്നത്. പാക്കേജ് ഡെലിവർ ചെയ്യുന്നുവെന്നു പറഞ്ഞെത്തിയ ഓട്ടമേറ്റഡ് കോളിൽ നിന്നാണ് ഈ പേടിസ്വപ്നം ആരംഭിച്ചത്.
എന്താണ് പാക്കേജ് എന്നറിയാൻ പൂജ്യം അമർത്തിയതോടെ കോൾ കസ്റ്റമർ കെയറിലേക്കു പോയി. അങ്കുഷിന്റെ പേരിൽ പാക്കേജ് ഉണ്ടെന്നും പക്ഷേ ആ പാക്കേജിൽ ചൈനയിൽ നിന്നെത്തിയ നിയമവിരുദ്ധമായ വസ്തുക്കളാണെന്നും പ്രതിനിധി അറിയിച്ചു. ചിലപ്പോൾ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും പറഞ്ഞു.
പരിഭ്രാന്തനായ അങ്കുഷ് ഇത്തരമൊരു പാക്കേജുമായി തനിക്കു ബന്ധമില്ലെന്നു പറഞ്ഞു. പിന്നാലെ ഒരു വിഡിയോ കോളെത്തി. യുണിഫോം ധാരിയായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ആ വിഡിയോ കോളിൽ. കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത്, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് ആരോപിച്ച് ബഹുഗുണയെ ചോദ്യം ചെയ്യാൻ തുടങ്ങി.
കേസിലെ പ്രധാന പ്രതിയാണ് അങ്കുഷ് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു, പൂർണ്ണമായും സഹകരിച്ചില്ലെങ്കിൽ തടങ്കലിൽ വയ്ച്ച് ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. അടുത്ത 40 മണിക്കൂറോളം ബഹുഗുണ തട്ടിപ്പുകാരുമായുള്ള വിഡിയോ കോളിൽ കുടുങ്ങി. മറ്റു ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു, എല്ലാ വിശദാംശങ്ങളും തട്ടിപ്പുകാർ പരിശോധിച്ചു. മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയിൽ, ഫോണിലെ എല്ലാ അറിയിപ്പുകളും അവരെ കാണിക്കാൻ നിർബന്ധിതനായി.
ബാങ്ക് ഇടപാടുകൾ നടത്തുന്നതുൾപ്പെടെയുള്ളവയ്ക്കായി നിർബന്ധിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കിൽ കരിയർ തകരുമെന്നും കുടുംബം അപകടത്തിലാകുമെന്നും ഉപദ്രവം നേരിടേണ്ടിവരുമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
ഒരു ഘട്ടത്തിൽ, തട്ടിപ്പുകാർ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ നിർദ്ദേശിച്ചു. താന്‍ വിറയ്ക്കുകയായിരുന്നു, അക്ഷരാർത്ഥത്തിൽ കരയുകയും അവരോട് യാചിക്കുകയും ചെയ്യുകയായിരുന്നുവെന്നുമാണ് ആ നിമിഷങ്ങളെപ്പറ്റി ബഹുഗുണ ഓർമിക്കുന്നത്. ഈ അനുഭവം പങ്കിടുന്നത് മറ്റാരും ഇത്തരം അനുഭവം ഉണ്ടാകരുതെന്നതിനാലാണെന്നും അങ്കുഷ് ബഹുഗുണ പറയുന്നു.
തടയാം തട്ടിപ്പു സംഘത്തെ
∙വെർച്വൽ അറസ്റ്റ് എന്നൊന്ന് ഇന്ത്യയിലില്ല
∙നേരിട്ട് ഓഫിസിലേക്കു വരാമെന്നോ ഔദ്യോഗികഫോണിലേക്കു തിരിച്ചുവിളിക്കാമെന്നോ മറുപടി നൽകിയാൽ അവർ സമ്മതിക്കുന്നില്ലെങ്കിൽ അതു തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
∙വിഡിയോ കോളിൽ പൊലീസ് യൂണിഫോമിൽ വന്നാണു കാര്യങ്ങൾ പറയുന്നതെങ്കിലും കണ്ണടച്ചു വിശ്വസിക്കരുത്
∙തട്ടിപ്പിനിരയായാൽ ഉടൻ പൊലീസിൽ അറിയിക്കുക
∙ സൈബർ ഹെൽപ് ലൈൻ നമ്പർ– 1930