കോൺസ്റ്റാബ്യുലറി, മിനിസ്റ്റീരിയൽ എസ്ഐ: യോഗ്യത ആർക്കൊക്കെ?
Mail This Article
സബ് ഇൻസ്പെക്ടർ തസ്തികയിൽ കോൺസ്റ്റാബ്യുലറി, മിനിസ്റ്റീരിയൽ വിഭാഗത്തിൽ അപേക്ഷിക്കാൻ ബിരുദധാരികളായ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ തസ്തികകളിലുള്ളവർക്കും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്കും കഴിയുമെന്നറിയുന്നു. സമാന തസ്തിക എന്നതിൽ മറ്റു സർവീസിലെ ഉദ്യോഗസ്ഥരെയും പരിഗണിക്കുമോ? ബിരുദധാരികളായ അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് അപേക്ഷിക്കാൻ കഴിയുമോ?
പൊലീസ്, വിജിലൻസ് വകുപ്പുകളിലെ ബിരുദധാരികളായ പൊലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സബ് ഇൻസ്പെക്ടർ കോൺസ്റ്റാബ്യുലറി വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യത. പൊലീസിലെയും വിജിലൻസിലെയും ബിരുദധാരികളായ മിനിസ്റ്റീരിയൽ ജീവനക്കാർ, ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഫിംഗർ പ്രിന്റ് എക്സ്പെർട്ട്, ഫിംഗർ പ്രിന്റ് സെർചർ എന്നിവരിൽനിന്നാണു സബ് ഇൻസ്പെക്ടർ മിനിസ്റ്റീരിയൽ വിഭാഗത്തിലേക്കുള്ള നിയമനം. ഇവർ പൊലീസ്/വിജിലൻസ് വകുപ്പിൽ രണ്ടു വർഷം സേവനം പൂർത്തിയാക്കണം.
ബിരുദധാരികളായ അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കു കോൺസ്റ്റാബ്യുലറി, മിനിസ്റ്റീരിയൽ വിഭാഗങ്ങളിൽ എസ്ഐ തസ്തികയിൽ അപേക്ഷിക്കാൻ കഴിയില്ല.