തയ്യൽ ടീച്ചർ യോഗ്യതകൾ എന്തെല്ലാം?
Mail This Article
തയ്യൽ നന്നായി അറിയുമെങ്കിലും ഞാൻ തയ്യലുമായി ബന്ധപ്പെട്ട കോഴ്സുകളൊന്നും ചെയ്തിട്ടില്ല. പിഎസ്‌സിയുടെ സ്വീയിങ് ടീച്ചർ തസ്തികയിൽ അപേക്ഷിക്കാൻ ഏതു കോഴ്സാണു ചെയ്യേണ്ടത്? പ്രായപരിധി എത്രയാണ്? ഈ തസ്തികയിലേക്ക് ഇനി എപ്പോഴാകും വിജ്ഞാപനം പ്രസിദ്ധീകരിക്കുക?
തയ്യൽ ടീച്ചർ തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാണ്.
യോഗ്യത:
1. കേരളത്തിലെ പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്എസ്എൽസി പരീക്ഷാജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. നീഡിൽ വർക് ആൻഡ് ഡ്രസ് മേക്കിങ് ഗ്രൂപ്പ് സർട്ടിഫിക്കറ്റ് കെജിടിഇ (ഹയർ)/എംജിടിഇ (ഹയർ) അല്ലെങ്കിൽ ടെയ്‌ലറിങ്ങിലുള്ള ഗ്രൂപ്പ് സർട്ടിഫിക്കറ്റ് കെജിടിഇ (ഹയർ)/എംജിടിഇ (ഹയർ) അല്ലെങ്കിൽ കേരളത്തിലെ പരീക്ഷാ കമ്മിഷണർ നടത്തുന്ന ക്രാഫ്റ്റ്സ് ഗ്രൂപ്പ് ഡിപ്ലോമ അല്ലെങ്കിൽ ഇന്ത്യ ഗവൺമെന്റ് നാഷനൽ കൗൺസിൽ ഫോർ ട്രെയിനിങ് ഇൻ വൊക്കേഷനൽ ട്രേഡ്സ് നൽകുന്ന കട്ടിങ്ങിലും ടെയ്‌ലറിങ്ങിലുമുള്ള ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന ക്രാഫ്റ്റ്സ്മാൻഷിപ് ഡിപ്ലോമ (ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ്) അല്ലെങ്കിൽ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന ക്രാഫ്റ്റ്സ്മാൻഷിപ് ഡിപ്ലോമ (ടെയ്‌ലറിങ് ആൻഡ് എംബ്രോയ്ഡറി) അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ ട്രെയിനിങ് ഇൻ വൊക്കേഷനൽ ട്രേഡ്സ് നൽകുന്ന ഡ്രസ് മേക്കിങ് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എംജി സർവകലാശാലയുടെ ഫാഷൻ ടെക്നോളജി (ബിഎഫ്ടി) ബിരുദം അല്ലെങ്കിൽ കണ്ണൂർ സർവകലാശാലയുടെ ഫാഷൻ ആൻഡ് എപ്പാരൽ ഡിസൈൻ ടെക്നോളജി (ബിഎസ്‌സി എഫ്എടിഡി) ബിഎസ്‌സി ബിരുദം അല്ലെങ്കിൽ കാലിക്കറ്റ് സർവകലാശാലയുടെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് ബിഎസ്‌സി ബിരുദം അല്ലെങ്കിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ അല്ലെങ്കിൽ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ സർവകലാശാലയുടെ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ.
3. കേരള സർക്കാർ ഈ തസ്തികയിലേക്കു നടത്തുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ് IV) ജയിക്കണം.
ബന്ധപ്പെട്ട വിഷയത്തിൽ സി–െടറ്റ്/നെറ്റ്/സെറ്റ്/എംഫിൽ/പിഎച്ച്ഡി/എംഎഡ് യോഗ്യത നേടിയവരെ കെ–ടെറ്റ് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ–ടെറ്റിനു പകരം നിശ്ചയിച്ചിട്ടുള്ള എംഎഡ് യോഗ്യത ബന്ധപ്പെട്ട വിഷയത്തിലായിരിക്കണമെന്നു നിഷ്കർഷിച്ചിട്ടില്ല. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ എംഫിൽ കേരളത്തിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാല തത്തുല്യമായി അംഗീകരിച്ചതോ ആയിരിക്കണം.
(കാറ്റഗറി നമ്പർ 324/2022) തയ്യൽ ടീച്ചർ– യുപിഎസ് തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളാണ് വ്യക്തമാക്കിയിരിക്കുന്നത്).