സാങ്കേതിക തസ്തികകളുടെ നിയമനനടപടി എന്തെല്ലാം?
Mail This Article
പിഎസ്‌സിയുടെ സാങ്കേതികവിഭാഗ പരീക്ഷ എഴുതുന്ന എനിക്ക് ഈ മേഖലയിലെ പിഎസ്‌സി നടപടികളെക്കുറിച്ചു കൃത്യമായ ധാരണയൊന്നുമില്ല. സാങ്കേതിക തസ്തികകളും അല്ലാത്തവയും തമ്മിൽ നിയമനരീതിയിൽ വ്യത്യാസമുണ്ടോ? റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷമുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണ്? റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ എന്തെല്ലാം ചെയ്യണം? ആർടിഐ സമർപ്പണം, ഒഴിവുകൾ റിപ്പോർട്ട് ചെയ്യൽ, താൽക്കാലിക നിയമനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തമാക്കാമോ?
റാങ്ക് ലിസ്റ്റിന്റെ കാലാവധി, നിയമന ശുപാർശ, സംവരണം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതിക തസ്തികയെന്നോ സാങ്കേതിക ഇതര തസ്തികയെന്നോ വ്യത്യാസമില്ല. റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ചുരുങ്ങിയത് ഒരു വർഷവും പരമാവധി 3 വർഷവും കാലാവധി ലഭിക്കും. ഒരു വർഷത്തിനുശേഷം ഇതേ തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ, ആ തീയതി മുതൽ നിലവിലുള്ള ലിസ്റ്റിനു പ്രാബല്യമുണ്ടായിരിക്കില്ല. സബ് ഇൻസ്പെക്ടർ, സിപിഒ, ഫയർമാൻ, സിവിൽ എക്സൈസ് ഓഫിസർ തുടങ്ങിയ തസ്തികകൾക്കു റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ഒരു വർഷമാണു കാലാവധി.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് ബന്ധപ്പെട്ട നിയമന അധികാരികളാണ്. വിവിധ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകൾ യഥാസമയം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്നു സർക്കാർ ഇടയ്ക്കിടെ നിർദേശം നൽകാറുണ്ട്. റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കുറവു ചെയ്യാനോ റദ്ദാക്കാനോ പാടില്ലെന്നും റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ താൽക്കാലിക നിയമനം നടത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ഒഴിവ്, നിയമനനടപടി എന്നിവ സംബന്ധിച്ച് ഉദ്യോഗാർഥിക്ക് ഏതു ഘട്ടത്തിലും ആർടിഐ ആക്ട് പ്രകാരം വിവരങ്ങൾ തേടാവുന്നതാണ്. 10 രൂപ കോർട്ട് ഫീ സ്റ്റാംപ് പതിച്ച് ബന്ധപ്പെട്ട ഇൻഫർമേഷൻ ഓഫിസർക്ക് അപേക്ഷ നൽകിയാൽ മറുപടി ലഭിക്കും.