ആളെക്കുറയ്ക്കൽ വ്യാപകം, ലിസ്റ്റുകളുടെ മാനദണ്ഡമെന്ത്?
Mail This Article
പിഎസ്‌സി അടുത്തിടെ പ്രസിദ്ധീകരിക്കുന്ന ഷോർട് ലിസ്റ്റുകളിലെല്ലാം ഉദ്യോഗാർഥികൾ തീരെ കുറവാണ്. സപ്ലിമെന്ററി ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ലിസ്റ്റിൽ ആളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്?
റിപ്പോർട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള ഒഴിവ്, മുൻ ലിസ്റ്റിലെ നിയമന ശുപാർശ തുടങ്ങിയ വിവരങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് നേരത്തേ വിവിധ ലിസ്റ്റുകളിൽ പിഎസ്‌സി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഈ രീതിക്കു മാറ്റം വന്നിട്ടുണ്ടെന്നാണു വ്യക്തമാകുന്നത്.
മുൻ റാങ്ക് ലിസ്റ്റിൽനിന്നു നടത്തിയിട്ടുള്ള അഡ്വൈസിന്റെ അടിസ്ഥാനത്തിൽ പുതിയ ലിസ്റ്റിൽനിന്നു നടക്കാൻ സാധ്യതയുള്ള നിയമനത്തിന്റെ എണ്ണം കണക്കാക്കുകയും റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ പരിശോധിച്ച് നിശ്ചിത എണ്ണം (Base Number) തീരുമാനിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നതെന്നറിയുന്നു. ഇതിന്റെ മൂന്നിരട്ടി ഉദ്യോഗാർഥികളെ മെയിൻ ലിസ്റ്റിലും അഞ്ചിരട്ടിപ്പേരെ സപ്ലിമെന്ററി ലിസ്റ്റിലും (സംവരണശതമാനത്തിന്റെ കണക്കനുസരിച്ച്) ഉൾപ്പെടുത്തും.