സമുദായം മാറുന്നതിന് ഗസറ്റ് വിജ്ഞാപനം വേണോ?
Mail This Article
എന്റെ സമുദായത്തിന്റെ പേര് എസ്എസ്എൽസി ബുക്കിൽ നിന്നു വ്യത്യസ്തമായാണ് പിഎസ്‌സി റജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ ഇതു പ്രശ്നമാകുമോ? അങ്ങനെയെങ്കിൽ എന്താണു പരിഹാരം?
14–03–1984ലെ ജിഒ (എംഎസ്) നമ്പർ. 80/84, 24–05–1985ലെ ജിഒ (എംഎസ്) നമ്പർ. 195/85 എന്നീ ഉത്തരവുകൾ പ്രകാരം ഉദ്യോഗാർഥികൾ അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന പേര്, മതം, സമുദായം എന്നിവ അവർ ഹാജരാക്കുന്ന സ്കൂൾ രേഖകളിൽ വ്യത്യസ്തമാണെങ്കിൽ ശരിയായത് അംഗീകരിച്ചു കിട്ടുന്നതിനു റവന്യൂ അധികാരികളിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങി വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നതാണ് വ്യവസ്ഥ. ഈ ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പ് എസ്എസ്എൽസി ബുക്കിലോ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിന്റെ പകർപ്പിലോ ചേർത്തു വയ്ക്കണം. അസ്സൽ രേഖകളിൽ മാറ്റം വരുത്തേണ്ടതില്ല.
ഇക്കാര്യത്തിൽ 03–07–2008 മുതൽ പിഎസ്‌സി ചില ഇളവുകൾ നൽകിയിരുന്നു. ഉദ്യോഗാർഥികൾ അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന സമുദായം എസ്എസ്എൽസി ബുക്കിൽ നിന്നു വ്യത്യസ്തമാണെങ്കിൽ റവന്യു അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സംവരണാനുകൂല്യം നൽകിയിരുന്നു.
എന്നാൽ ഈ നടപടി നിയമസാധുതയുള്ളതല്ലെന്ന് ബോധ്യപ്പെട്ടതിനാൽ മുകളിൽ സൂചിപ്പിച്ച സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ.