ഫയർമാൻ: യോഗ്യത വിശദമാക്കാമോ?
Mail This Article
ഫയർമാൻ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ഈ തസ്തികയുടെ യോഗ്യതകൾ എന്തെല്ലാമാണ്?
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ട്രെയിനി (ഫയർമാൻ) തസ്തികയിൽ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു വിജയമാണ്. കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അഭിലഷണീയ യോഗ്യതയാണ്. പ്രായം 18–26.
ഇനിപ്പറയുന്ന ശാരീരികയോഗ്യതകളും ഉണ്ടായിരിക്കണം: ഉയരം 165 സെ.മീ. (പട്ടികവിഭാഗക്കാർക്ക് 160 സെ.മീ.), തൂക്കം 50 കി.ഗ്രാം (പട്ടികവിഭാഗക്കാർക്ക് 48 കി.ഗ്രാം), നെഞ്ചളവ് 81 സെ.മീ. (പട്ടികവിഭാഗക്കാർക്ക് 76 സെ.മീ)., നെഞ്ച് വികാസം 5 സെ.മീ. (പട്ടികവിഭാഗക്കാർ ഇളവില്ല). രണ്ടു കണ്ണുകൾക്കും പൂർണമായ കാഴ്ചശക്തി നിർബന്ധമാണ്.
നീന്തൽ പ്രാവീണ്യം ഉണ്ടായിരിക്കണം. രണ്ടു മിനിറ്റിനുള്ളിൽ 50 മീറ്റർ നീന്തി പൂർത്തിയാക്കാനും നീന്തൽക്കുളത്തിന്റെ ആഴം കൂടിയ ഭാഗത്ത് 2 മിനിറ്റ് വെള്ളത്തിൽ പൊങ്ങിക്കിടക്കാനുമുള്ള കഴിവാണു പരിശോധിക്കുക.
കായികക്ഷമതാ പരീക്ഷയുമുണ്ട്. എട്ട് കായിക ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടണം.
ഇനങ്ങളും അനുവദിച്ച സമയവും:
1. 100 മീറ്റർ ഓട്ടം–14 സെക്കൻഡ്
2. ഹൈജംപ്–132.20 സെ.മീ.
3. ലോംങ് ജംപ്–457.20 സെ.മീ.
4. പുട്ടിങ് ദ് ഷോട്ട് ( 7264 ഗ്രാം)–609.6 സെ.മീ.
5. ത്രോയിങ് ദി ക്രിക്കറ്റ് ബോൾ–6096 സെ.മീ.
6. റോപ്പ് ക്ലൈംബിങ് (കൈകൾ മാത്രം ഉപയോഗിച്ച്)–365.80 സെ.മീ.
7. പുൾ അപ് അഥവാ ചിന്നിങ്–8 തവണ
8. 1500 മീറ്റർ ഓട്ടം–5 മിനിറ്റ് 44 സെക്കൻഡ്