വീണ്ടും കാത്തിരിക്കാം, നക്ഷത്രപ്പറക്കലിന്
Mail This Article
ഇലോൺ മസ്കിന്റെ സ്പേസ്–എക്സ് ബഹിരാകാശക്കമ്പനി നിർമിച്ച ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് സ്റ്റാർഷിപ്പിന്റെ ആദ്യ ദൗത്യം പരാജയപ്പെട്ടെങ്കിലും മാസങ്ങൾക്കകം അടുത്ത പരീക്ഷണവിക്ഷേപണം നടത്തുമെന്ന മസ്കിന്റെ പ്രഖ്യാപനം പ്രതീക്ഷയേകുന്നതാണ്. മനുഷ്യന്റെ ചാന്ദ്ര, ചൊവ്വാദൗത്യങ്ങളും അതിനുമപ്പുറത്തേക്കുള്ള സ്വപ്നസഞ്ചാരങ്ങളും യാഥാർഥ്യമാക്കാനുള്ള ആദ്യപടിയാണിത്. നൂറോളം ബഹിരാകാശസഞ്ചാരികളെയും ചരക്കും വഹിക്കാൻ സ്റ്റാർഷിപ്പിനു ശേഷിയുണ്ട്. യുഎസിൽ ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്–എക്സ് കേന്ദ്രത്തിൽനിന്നു വിക്ഷേപിച്ച റോക്കറ്റ് 4 മിനിറ്റിനകം, 32 കിലോമീറ്റർ ഉയരത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
റോക്കറ്റ് ഭീമൻ
ബഹിരാകാശപേടകവും സൂപ്പർ ഹെവി റോക്കറ്റും ഒരുമിക്കുന്ന വിക്ഷേപണവാഹനമാണു സ്റ്റാർഷിപ്. 1.50 ലക്ഷം കിലോഗ്രാമാണു സ്റ്റാർഷിപ്പിന്റെ ഭാരവാഹകശേഷി. ഇതു 2.50 ലക്ഷം കിലോഗ്രാംവരെ വർധിപ്പിക്കാൻ കഴിയും. നിലവിൽ സ്പേസ്–എക്സ് ഉപയോഗിക്കുന്ന ഏറ്റവും വലിയ റോക്കറ്റായ ‘ഫാൽക്കൺ ഹെവി’യുടെ ഭാരവാഹകശേഷി 64,000 കിലോഗ്രാമാണ്. 394 അടിയാണ് (120 മീറ്റർ) ഉയരം. (പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബർട്ടി പ്രതിമയുടെ ഉയരം 305 അടി!). വ്യാസം 29.5 അടി. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതം. 500 അടി ഉയരമുള്ള സ്റ്റാർഷിപ് റോക്കറ്റ് ലോഞ്ച് ടവർ ലോകത്തെ ഏറ്റവും ഉയരമുള്ള ലോഞ്ച് ടവറുമാണ്.
ചൊവ്വാദൗത്യംപോലുള്ള ദീർഘയാത്രകളിൽ ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും സ്റ്റാർഷിപ്പിലുണ്ട്. മീഥെയ്നാണു പ്രധാന ഇന്ധനം. ‘റാപ്റ്റർ’ എന്നു പേരുള്ള 33 എൻജിനുകളാണു റോക്കറ്റിനു കുതിപ്പു പകരുന്നത്. പൂർണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹനമായതിനാൽ ഓരോ യാത്രയുടെയും ചെലവിൽ വലിയ കുറവു വരുത്താൻ സ്റ്റാർഷിപ് സഹയാകമാകും.
മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രയാത്രയ്ക്കു നാസ ഉപയോഗിക്കുന്നത് ഈ റോക്കറ്റാകും. 365 അടി ഉയരമുള്ള, നാസയുടെ ഏറ്റവും കരുത്തേറിയ ബഹിരാകാശവാഹനം സ്പേസ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടിരട്ടി കരുത്തനാണു ‘സ്റ്റാർഷിപ്’.
മസ്കിന്റെ സ്വപ്നം; ഗോളാന്തര കമ്പനി!
സമൂഹമാധ്യമമായ ‘ട്വിറ്റർ’ 44 ബില്യൻ ഡോളറിനു കഴിഞ്ഞ വർഷം വാങ്ങിയ ശതകോടീശ്വരനും ശാസ്ത്രസംരംഭകനുമായ ഇലോൺ മസ്ക് ആണ് സ്പേസ്–എക്സ് കമ്പനി സ്ഥാപകനും സിഇഒയും. വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല കമ്പനിയും മസ്കിന്റേതാണ്. ഭാവിയിൽ മറ്റു ഗോളങ്ങളിൽ കോളനികൾ സ്ഥാപിച്ചു മനുഷ്യവാസം സാധ്യമാക്കുകയാണു തന്റെ ലക്ഷ്യമെന്നു മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.