ADVERTISEMENT

രാജ്യത്തെ അവസാനത്തെ 3 ആണവ റിയാക്ടറുകളും അടച്ചുപൂട്ടിയ ജർമനി പുതിയ പരിസ്ഥിതിമാതൃക മുന്നോട്ടുവയ്ക്കുകയാണ്. ആറു പതിറ്റാണ്ടോളം രാജ്യത്തിന്റെ ഊർജാവശ്യങ്ങളിൽ വലിയ പങ്കു നിർവഹിച്ച മേഖല, സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമല്ലെന്ന കാരണത്താലാണു ജർമനി ഉപേക്ഷിക്കുന്നത്.

ലോകം ആണവോർജം ഉപേക്ഷിക്കുന്നോ?

പൂർണമായി അങ്ങനെ പറയാൻ കഴിയില്ലെന്ന് രാജ്യാന്തര ഊർജ ഏജൻസി (International Energy Agency-IEA) വ്യക്തമാക്കുന്നു. ജർമനിയല്ലാതെ 31 രാജ്യങ്ങളാണ് ആണവോർജത്തെ ആശ്രയിക്കുന്നത്. പലരും കൂടുതൽ റിയാക്ടറുകൾ നിർമിച്ചുകൊണ്ടിരിക്കുന്നു. ആഗോള ഊർജോൽപാദനത്തിന്റെ 10 ശതമാനമാണ് ആണവോർജം സംഭാവന ചെയ്യുന്നത്. രാജ്യാന്തര ആണവോർജ ഏജൻസിയുടെ (International Atomic Energy Agency-IAEA) 2022ലെ കണക്കനുസരിച്ച്, ലോകത്തു പ്രവർത്തനക്ഷമമായ 422 ആണവ റിയാക്ടറുകളുണ്ട്. 92 എണ്ണവുമായി അമേരിക്കയാണു മുന്നിൽ. പക്ഷേ, 2 പുതിയ റിയാക്ടറുകളേ അവിടെ നിർമാണദശയിലുള്ളൂ.

ആണവോർജം കുറച്ചു; പക്ഷേ, കൽക്കരി...

‘ആണവോർജം സുസ്ഥിരമല്ല, പരിസ്ഥിതിസൗഹാർദവുമല്ല. അതിനാലാണ് ഈയൊരു നിലപാടെടുത്തത്’–ഭരണകക്ഷിയായ ഗ്രീൻ പാർട്ടി അംഗവും ജർമൻ പരിസ്ഥിതി മന്ത്രിയുമായ സ്റ്റെഫി ലെംകേയുടെ വാക്കുകൾ.

ജർമനിക്ക് ആവശ്യമായ ഊർജത്തിന്റെ 30 ശതമാനവും ഉൽപാദിപ്പിക്കുന്നതു കൽക്കരി ഇന്ധനമായ താപവൈദ്യുത നിലയങ്ങളാണ്. യുക്രെയ്‌ൻ യുദ്ധംമൂലം റഷ്യയിൽനിന്നുള്ള പ്രകൃതിവാതക വിതരണത്തിൽ ആശങ്കയുള്ളതിനാൽ ജർമനി ഇനിയും കൽക്കരി ഇന്ധനത്തെ ആശ്രയിക്കും. അടച്ചുപൂട്ടിയ 3 ആണവോർജ പ്ലാന്റുകൾ സംഭാവന ചെയ്തിരുന്ന 6% ഊർജോൽപാദനവും കൽക്കരി ഉപയോഗിച്ചുതന്നെ നികത്തേണ്ടിവരും. ഇതൊക്കെ ആഗോളതാപനംപോലുള്ള പരിസ്ഥിതിഭീഷണി ശക്തിപ്പെടുത്തുമെന്നാണ് ആശങ്ക.

2038നകം കൽക്കരിപോലുള്ള ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന ഊർജനിലയങ്ങളെല്ലാം അടച്ചുപൂട്ടാനും ജർമനിക്കു പദ്ധതിയുണ്ട്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഊർജോൽപാദനത്തിന്റെ 80 ശതമാനവും പുനരുപയോഗ ഉറവിടങ്ങളിൽനിന്നാക്കാനും ലക്ഷ്യമിടുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതുണ്ടാക്കുന്ന മലിനീകരണം കാരണം ലോകത്ത് 87 ലക്ഷം പേർ വർഷംതോറും മരിക്കുന്നെന്നാണു കണക്ക്.

ആണവോർജം വിട്ട് ഇറ്റലി, ഓസ്ട്രിയ

യൂറോപ്പിൽ ഇറ്റലിയും ഓസ്ട്രിയയും നിലവിൽ ആണവ റിയാക്ടറുകൾ പ്രവർത്തിപ്പിക്കുന്നില്ല. ഡെൻമാർക്കും സ്വിറ്റ്സർലൻഡും പടിപടിയായി ആണവോർജ ഉപയോഗം കുറച്ചുകൊണ്ടുവരുന്നു. പക്ഷേ, യുക്രെയ്‌ൻ യുദ്ധം ആഗോള ഊർജരംഗത്തുണ്ടാക്കിയ രൂക്ഷമായ വിലക്കയറ്റവും ദൗർലഭ്യവും കാരണം ആണവോർജം വേണമെന്ന നിലപാടിലാണു മറ്റു ഭൂരിഭാഗം രാജ്യങ്ങളും. ഫ്രാൻസിലെ ഊർജ ഉപഭോഗത്തിന്റെ 70 ശതമാനവും ആണവോർജമാണ്. ആറു പുതിയ റിയാക്ടറുകൾകൂടി അവർ നിർമിക്കാനൊരുങ്ങുന്നു. ഫിൻലൻഡ് കഴിഞ്ഞ വർഷം പുതിയ റിയാക്ടർ തുറന്നു. ബ്രിട്ടനും ഒരെണ്ണം നിർമിക്കുന്നു. ഫുക്കുഷിമ ആണവദുരന്തത്തിന്റെ കയ്പേറിയ ഓർമകളുള്ള ജപ്പാൻപോലും ആണവ റിയാക്ടറുകൾ സംബന്ധിച്ചു പുനരാലോചനയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com