ലാറ്റിനമേരിക്കൻ രാഷ്ട്രം ചിലെയുടെ ഭരണഘടനാ പുനർനിർമാണ സമിതിയിൽ ഈയിടെ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയത് നിർണായക വഴിത്തിരിവാണ്. ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കിന്റെ നിലനിൽപുതന്നെ ഇതു ചോദ്യം ചെയ്യുന്നു.
മാറ്റുന്നത് 50 കൊല്ലം മുൻപത്തെ ഭരണഘടന
1973 മുതൽ 1990 വരെ അധികാരത്തിലിരുന്ന ഏകാധിപതി അഗസ്റ്റോ പിനൊഷെയുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയാണു ചിലെയിൽ നിലവിലുള്ളത്. സാമൂഹിക അസമത്വം പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഭരണഘടനയിലുള്ളതായി പുരോഗമന കക്ഷികൾക്കു പരാതിയുണ്ടായിരുന്നു.
2019ൽ പൊതുഗതാഗത നിരക്കുകളിൽ വരുത്തിയ വലിയ വർധന വൻ ജനകീയപ്രക്ഷോഭത്തിനു വഴിയൊരുക്കി. തുടർന്നാണു പുതിയ ഭരണഘടന എന്ന ആവശ്യം ശക്തമായത്. ആഴ്ചകളോളം നീണ്ട കലാപത്തെത്തുടർന്ന് അന്നു ഭരണത്തിലുണ്ടായിരുന്ന യാഥാസ്ഥിതികകക്ഷിയുടെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറ ഹിതപരിശോധന നടത്തി. ഭരണഘടനാഭേദഗതിക്ക് അനുകൂലമായിരുന്നു ഫലം. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല കക്ഷികൾക്കു ഭൂരിപക്ഷമുള്ള ഭരണഘടനാ നിർമാണ അസംബ്ലി രൂപീകൃതമായി. കൂടിയാലോചനകൾക്കുശേഷം അവർ നിർദിഷ്ട ഭരണഘടനയുടെ കരട് പ്രസിദ്ധീകരിച്ചു.
കരടിൽ തള്ളിപ്പോയത് പുരോഗമന ആശയങ്ങൾ
ചിലെയിലെ ആദിമനിവാസികൾക്ക് അവരുടെ ഭൂമിയിലും വിഭവങ്ങളിലും നിയന്ത്രണാധികാരം നൽകുന്ന നിർദേശങ്ങൾ കരടിലുണ്ടായിരുന്നു. ചിലെയിലെ 1.84 കോടി ജനസംഖ്യയിൽ 13% ആദിമനിവാസികളാണ്. ട്രേഡ് യൂണിയനുകൾക്കു സമരം ചെയ്യാനുള്ള അധികാരം, ഗർഭഛിദ്ര നിയന്ത്രണം എടുത്തുകളയൽ തുടങ്ങിയ ഒട്ടേറെ പുരോഗമനാശയ നിർദേശങ്ങളും കരടിലുണ്ടായിരുന്നു. തീവ്ര ആശയങ്ങൾക്കാണു സമിതിയിൽ മുൻതൂക്കമെന്ന ആരോപണം അന്നേ ഉയർന്നു. തുടർന്നാണു ഹിതപരിശോധന നടന്നതും 62% പേർ എതിർത്തു വോട്ട് ചെയ്ത് കരടു ഭരണഘടന തള്ളിയതും.
പുതിയ ഭരണഘടനയുടെ കരട് ഇക്കൊല്ലംതന്നെ
51 അംഗ ഭരണഘടനാ നിർമാണ സമിതിയിൽ ജോസ് അന്റോണിയോ കാസ്റ്റിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടി 35 ശതമാനത്തിലേറെ വോട്ടോടെ 22 സീറ്റും മറ്റു വലതുപക്ഷ പാർട്ടികളെല്ലാം ചേർന്ന് 11 സീറ്റും നേടി. ഇടതു പാർട്ടി യൂണിറ്റി ഫോർ ചിലെയ്ക്ക് 17 സീറ്റാണു ലഭിച്ചത്. ഭരണഘടനാ നിർമാണ സമിതിയിൽ വീറ്റോ അധികാരമുണ്ടാകണമെങ്കിൽ 21 സീറ്റ് വേണം.
2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ഗബ്രിയേൽ ബോറിക്കിനോടു പരാജയപ്പെട്ട അന്റോണിയോ കാസ്റ്റിന് ഈ വിജയം തന്റെ നിലപാടുകൾക്കുള്ള വലിയ അംഗീകാരമായി. ജൂണിൽ പുതിയ സമിതി പ്രവർത്തനം ആരംഭിച്ച് അഞ്ചു മാസത്തിനുള്ളിൽ പുതിയ ഭരണഘടനയുടെ കരട് പുറത്തിറക്കും. അതിനു സാധുത നൽകാനായി ഡിസംബറിലെ ഹിതപരിശോധനയിൽ ചിലെ ജനത വോട്ട് ചെയ്യും.