ലോകം ആണവമുനയിൽ
Mail This Article
ഒരു വർഷത്തിലേറെയായി നീളുന്ന യുക്രെയ്‌ൻ യുദ്ധത്തിന്റെകൂടി പശ്ചാത്തലത്തിൽ, പ്രതിരോധ വിദഗ്ധർ നൽകുന്ന സൂചന ശുഭകരമല്ല. ലോകം ആണവായുധമത്സരത്തിന്റെ മുൾമുനയിലേക്കു നീങ്ങുന്നു എന്നാണു മനസ്സിലാക്കേണ്ടത്.
ശേഷി കൂട്ടി ഒരുക്കം
നിലവിൽ ലോകത്തെ ഏറ്റവും വലിയ ആണവായുധശക്തികളായ അമേരിക്കയും റഷ്യയും ആണവായുധശേഖരം വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ആണവായുധം വിക്ഷേപിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും ബോംബർ വിമാനങ്ങളുടെയും അന്തർവാഹിനികളുടെയും എണ്ണം കൂട്ടാനും നടപടിയെടുക്കുന്നു. ലോകശക്തിയാകാൻ തയാറെടുക്കുന്ന ചൈനയും ആണവായുധശേഖരം മൂന്നിരട്ടി വർധിപ്പിക്കാനുള്ള അതിവേഗപാതയിലാണ്.
ആണവായുധം വിക്ഷേപിക്കാൻ ശേഷിയുള്ള മിസൈലുകൾ ഉത്തര കൊറിയ തുടരെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ശത്രുപക്ഷത്തുള്ള അയൽരാജ്യം ദക്ഷിണ കൊറിയയിൽ, ആണവായുധശേഷി കൈവരിക്കണമെന്നു നേതാക്കൾ പരസ്യമായി പ്രതികരിച്ചുതുടങ്ങി. ഇസ്രയേലിന്റെ ആണവായുധപദ്ധതികൾ അതീവരഹസ്യമായി നടക്കുമ്പോൾ, ആണുബോംബിന് ആവശ്യമായ ശുദ്ധ യുറേനിയം നിർമിക്കാനുള്ള ശേഷിയുടെ പടിവാതിലിലാണ് ഇറാൻ. ഇന്ത്യയും പാക്കിസ്ഥാനും ആണവശേഖരം വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ അണുബോംബില്ലാത്ത പല രാഷ്ട്രങ്ങളും അതു സ്വയത്തമാക്കാനുള്ള ചർച്ച തുടങ്ങിയിരിക്കുന്നു.
ഭീഷണി വർധിക്കുന്നു
‘അമേരിക്കയും റഷ്യയും തമ്മിൽ ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്നതിനുശേഷം അണുബോംബ് ലോകത്ത് എവിടെയെങ്കിലും ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഏറ്റവും കൂടിയ സമയത്താണു നമ്മളിപ്പോൾ’ എന്ന് ദ് സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡാൻ സ്മിത് പറയുന്നു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ലോകത്ത് ആകെയുള്ള ആണവായുധശേഖരം വർധിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 350 ആണവ പോർമുനകളുള്ള ചൈന 2035നകം 900 ആയെങ്കിലും വർധിപ്പിക്കുമെന്ന് ജപ്പാൻ പറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫ്രാൻസ്–290, യുകെ–225, പാക്കിസ്ഥാൻ–165, ഇന്ത്യ–160, ഇസ്രയേൽ–90, ഉത്തര കൊറിയ–20 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളുടെ ആണവായുധങ്ങളുടെ ഏകദേശ എണ്ണമെന്ന് വിവിധ ഗവേഷണസ്ഥാപനങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്രയേലും ഉത്തര കൊറിയയും ഔദ്യോഗികമായി ആണവായുധശേഷി വെളിപ്പെടുത്തിയിട്ടില്ല.
ആണവപ്പന്തയം
റഷ്യയുടെ കയ്യിലാണ് ലോകത്തെ ഏറ്റവും വലിയ ആണവായുധശേഖരം–5,977 അണുബോംബുകൾ. തൊട്ടുപിറകിലുള്ള അമേരിക്കയുടെ ശേഖരത്തിലുള്ളത് 5427 ബോംബുകളും. 2023 ജനുവരിയിലെ കണക്കുപ്രകാരം വിവിധ രാജ്യങ്ങളുടെ ആവനാഴിയിലുള്ളത് 12,705 അണുബോംബുകളാണ്. 2022 ജനുവരിയിലുണ്ടായിരുന്ന 13,090 എണ്ണത്തേക്കാൾ കുറവു വന്നെങ്കിലും റഷ്യയുടെയും അമേരിക്കയുടെയും പഴക്കമേറിയ ആണവായുധങ്ങൾ പലതും ഉപയോഗത്തിൽനിന്നു മാറ്റിയതുകൊണ്ടുണ്ടായ കുറവാണിത്. പകരം പുതിയ പോർമുനകൾ അതിവേഗം നിർമിച്ചുകൊണ്ടിരിക്കുകയാണു വൻ ശക്തികളെല്ലാം.
സ്വന്തം സുരക്ഷയ്ക്കുള്ള ഏക മാർഗം ആണവശേഷി കൈവരിക്കുകയാണെന്ന നിഗമനത്തിലാണ്, യുക്രെയ്ൻ യുദ്ധഭീഷണിയെത്തുടർന്ന് പല രാജ്യങ്ങളും. ആണവായുധം കൈവശമുള്ള രാജ്യത്തെ ആക്രമിക്കാൻ ശത്രു മടിക്കുമെന്ന വിശ്വാസംതന്നെ കാരണം. രാജ്യങ്ങൾക്കിടയിലെ വിശ്വാസം കുറയുമ്പോൾ, അത് ലോകസമാധാനത്തിനു സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല.