ADVERTISEMENT

കാനഡയിലെ നാനൂറിലേറെയിടങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീ ഒരു ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിക്കാൻ ഇടയാക്കുകയും ദശലക്ഷക്കണക്കിനു ഹെക്ടർ വനഭൂമി അഗ്നിക്കിരയാക്കുകയും ചെയ്തു. കാനഡയിൽ നിന്നുള്ള പുക അമേരിക്കയിലെ ന്യൂയോർക്ക് ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ പോലും കാഴ്ചമറയ്ക്കുന്ന രീതിയിൽ പടരുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ അഹോരാത്രം പ്രയത്നിച്ചാണ് ആഴ്ചകൾ നീണ്ടുനിന്ന തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും കാനഡയിലും അയൽരാജ്യമായ അമേരിക്കയിലും കാട്ടുതീ കനത്ത നാശനഷ്ടം വിതച്ചുകഴിഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള ദുരന്തങ്ങൾ മനുഷ്യജീവിതത്തിൽ നേരിട്ട്, വളരെ വേഗം ഇടപെട്ടു തുടങ്ങിയെന്നതിന് ഇതിലും വലിയ തെളിവ് ഇനി ആവശ്യമില്ല.

കടിഞ്ഞാണിടേണ്ട ഭീഷണി

കാനഡയിലെ നാൽപതിനായിരം ചതുരശ്രകിലോമീറ്ററിലേറെ പ്രദേശമാണു കത്തിനശിച്ചത്. കേരളത്തിന്റെ വലുപ്പത്തേക്കാളേറെ വരുമിത്. മുൻപും കാട്ടുതീ പടരാറുള്ള രാജ്യമാണു കാനഡയെങ്കിലും കാലാവസ്ഥാവ്യതിയാനമാണു സമീപവർഷങ്ങളിൽ സംഭവിക്കുന്നതു പോലെയുള്ള വലിയ നശീകരണശേഷിയുള്ള കാട്ടുതീയ്ക്കു കാരണമാകുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുകയും അതുവഴി ഹരിതഗൃഹവാതകങ്ങളുടെ നിർഗമനത്തിൽ ഉടനടി വലിയ കുറവുവരുത്തുകയും ചെയ്താൽ മാത്രമേ മനുഷ്യജീവനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിനു കടിഞ്ഞാണിടാൻ സാധിക്കൂയെന്നു കാലാവസ്ഥാശാസ്ത്രജ്ഞർ പറയുന്നു.

വീടുകളിലെ അടുക്കളകളിൽ നിന്നു പോലും അടിയന്തര മാറ്റങ്ങൾക്കു തുടക്കമിടാൻ ലോകരാഷ്ട്രങ്ങൾ തയാറാകേണ്ടതുണ്ട്. 230 കോടി ജനങ്ങൾ, ലോകജനസംഖ്യയിൽ നാലിലൊരാൾ, പാചകത്തിനുപയോഗിക്കുന്നതു അപകടകരവും അനാരോഗ്യകരവുമായ ഫോസിൽ ഇന്ധനങ്ങളാണ്. വിറക്, കൽക്കരി, കാർഷിക അവശിഷ്ടങ്ങൾ, മണ്ണെണ്ണ തുടങ്ങിയവ അടുക്കളകളിൽ ഉപയോഗിക്കുന്നതു കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുക മാത്രമല്ല, ലക്ഷക്കണക്കിനു പേരെ മരണത്തിലേക്കു തള്ളിവിടുകയും ചെയ്യുന്നു. ദരിദ്ര, വികസ്വര രാഷ്ട്രങ്ങളിൽ സ്ത്രീകളെയും കുട്ടികളെയുമാണ് ഇതേറെയും ബാധിക്കുന്നത്.

പ്രശ്നം ഗുരുതരം

അന്തരീക്ഷമലിനീകരണം മൂലം വർഷം തോറും ക്ഷയരോഗം മൂലമോ പുകവലി മൂലമോ മരിക്കുന്നതിനേക്കാൾ കൂടുതൽ പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ. 70 ലക്ഷം മനുഷ്യരാണ് അന്തരീക്ഷ മലിനീകരണത്താൽ ഒരു വർഷം ലോകത്തു മരിക്കുന്നത്. കടുത്ത അന്തരീക്ഷമലിനീകരണത്തോതുള്ള നഗരങ്ങളിൽ താമസിക്കുന്നവരുടെ ആയുർദൈർഘ്യത്തിൽ ആഗോളതലത്തിൽ ശരാശരി 2 വർഷമെങ്കിലും കുറവുവരും. എന്നാൽ, ഇന്ത്യയിലിതു 11 വർഷവും ചൈനയിൽ 7 വർഷവും വരെയാകാമെന്നും ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന സൂക്ഷ്മ കണികകളായ പിഎം–2.5 ആണു വില്ലൻ. നമ്മുടെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും രക്തക്കുഴലുകളിലേക്കും പ്രവേശിക്കുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com