ADVERTISEMENT

മറ്റേതു ജനാധിപത്യ രാജ്യമാണെങ്കിലും യുവനേതാവ് പിറ്റ ലിംജാറോയെൻരാത് ഇപ്പോൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞേനെ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജ്യത്തിന്റെ ഭരണം ആരംഭിച്ചേനേ.

പക്ഷേ, ഇതു തായ്‌ലൻഡാണ്. പട്ടാളത്തിന്റെയും രാജകൊട്ടാരത്തിന്റെയും ശക്തമായ സാന്നിധ്യം ഭരണഘടനയിൽവരെ പിടിമുറുക്കിക്കഴിഞ്ഞപ്പോൾ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഏഴു കോടി ജനസംഖ്യയുള്ള തായ്‌ലൻഡിൽ ജനകീയ സർക്കാർ വന്നിട്ടില്ല. പിറ്റ ഉൾപ്പെടെ പ്രതിപക്ഷകക്ഷി നേതാക്കളെ വിവിധ കേസുകളിൽപ്പെടുത്തി അയോഗ്യരാക്കി ജനവിധി അട്ടിമറിക്കാനുള്ള നീക്കവും അണിയറയിൽ സജീവം.

വിനോദസഞ്ചാരം പ്രധാന വരുമാനമാർഗമായ തായ് സമ്പദ്‌വ്യവസ്ഥ രാഷ്ട്രീയ അനിശ്ചിതത്വത്തെത്തുടർന്ന് തളർച്ചയിലാണ്. 2023–24 സാമ്പത്തികവർഷം തായ് ജിഡിപി 3.9% വളരുമെന്നു ലോക ബാങ്ക് പ്രവചിച്ചെങ്കിലും നിലവിൽ 2.7% മാത്രമാണു ജിഡിപി വളർച്ച.

ഭരണം ഇടയ്ക്കിടെ സേനാനിഴലിൽ

2014ൽ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സേനാമേധാവി പ്രയുത് ചാൻ ഓച സർക്കാർ കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ പരാജിതരാവുകയായിരുന്നു. പിറ്റ ലിംജാറോയെൻരാത്തിന്റെ മൂവ് ഫോർവേഡ് പാർട്ടിയും (എംഎഫ്പി) പതോങ്താങ് ഷിനവത്രയുടെ ഭൊ തായ് പാർട്ടിയും (പിടിപി) ചേർന്നുള്ള പ്രതിപക്ഷസഖ്യമാണു പട്ടാളഭരണത്തിന്റെ തായ്‌വേരറുത്തത്. 500 അംഗ പാർലമെന്റിൽ എംഎഫ്പി 152 സീറ്റും പിടിപി 141 സീറ്റും നേടി. പ്രയുതിന്റെ യുണൈറ്റഡ് തായ് നാഷനൽ പാർട്ടിക്ക് (യുടിഎൻപി) 36 സീറ്റേ ലഭിച്ചുള്ളൂ.

1932ൽ ഭരണഘടനാനുസൃത രാജഭരണം നിലനിൽക്കുന്ന രാഷ്ട്രമായി മാറിയശേഷം നിശ്ചിത ഇടവേളകളിൽ പട്ടാളഭരണം തായ്‌ലൻഡിൽ പതിവാണ്. 75 വർഷത്തിനിടെ 21–ാമത്തെ പട്ടാള അട്ടിമറിയാണ് 2014ൽ യിങ്‌ലക് ഷിനവത്രയെ പുറത്താക്കാനായി പ്രയുത് ചാൻ ഓച നടത്തിയത്. 2006ൽ നടന്ന അട്ടിമറിയിൽ അവരുടെ സഹോദരൻ തക്‌സിൻ ഷിനവാത്ര പുറത്തായി. തക്‌സിന്റെ മകളാണ് ഭൊ തായ് പാർട്ടി മേധാവി പതോങ്താങ് ഷിനവത്ര.

വമ്പൻ ജയം; പക്ഷേ, ഭൂരിപക്ഷമില്ല!

അമേരിക്കയിലെ ഹാർവഡിലും എംഐടിയിലും ഉന്നതപഠനം നടത്തിയിട്ടുള്ള പിറ്റ ലിംജാറോയെൻരാത്തിന് (42) ന്യൂജെൻ നേതാവ് എന്ന നിലയിലെ സ്വീകാര്യതയാണ് പ്രതിപക്ഷ പാർട്ടികളുടെ വമ്പൻ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകം. 750 അംഗ പാർലമെന്റിൽ (ഉപരിസഭ: 250 സീറ്റ്, അധോസഭ: 500 സീറ്റ്) 376 സീറ്റാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്. എംഎഫ്പിയുടെ നേതൃത്വത്തിൽ 8 പാർട്ടികൾ ചേർന്ന് അതിനായുള്ള ശ്രമത്തിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com