ADVERTISEMENT

ഹോളിവുഡിനെ മാസങ്ങളായി വലച്ചുകൊണ്ടിരിക്കുന്ന സിനിമാസമരം അവസാനിക്കുമെന്ന സൂചന വരുമ്പോൾ, ലോകമാകെയുള്ള ചലച്ചിത്രപ്രേമികൾക്ക് അതൊരു ആഹ്ലാദവാർത്തയാണ്.

ഹോളിവുഡ് ചലച്ചിത്രമേഖലയിലെ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയും (ഡബ്ല്യുജിഎ) പ്രധാന ഹോളിവുഡ് സ്റ്റുഡിയോകളുടെ സംഘടനയായ എഎംപിടിപിയും (അലയൻസ് ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ്) തമ്മിൽ പ്രാഥമികധാരണയിലെത്തിയതോടെയാണ് സമരം തീരാൻ അവസരമൊരുങ്ങിയത്. സിനിമ, ടെലിവിഷൻ മേഖലയിലെ 11,500 എഴുത്തുകാരാണു ഡബ്ല്യുജിഎയിലുള്ളത്. ഡിസ്‌നി, നെറ്റ്ഫ്ലിക്സ്, ആമസോ‍ൺ, ആപ്പിൾ, വാർണർ ബ്രോസ് തുടങ്ങിയ വൻ സിനിമ, ടെലിവിഷൻ‌, സ്ട്രീമിങ് സ്റ്റുഡിയോകളാണ് എഎംപിടിപിയിലുള്ളത്.

1.60 ലക്ഷം അഭിനേതാക്കളും ബന്ധപ്പെട്ട പ്രഫഷനലുകളും ഉൾപ്പെട്ട സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് (എസ്എജി) കൂടി ജൂലൈ മുതൽ സമരത്തിൽ പങ്കുചേർന്നതോടെ അര നൂറ്റാണ്ടിനുള്ളിൽ ഹോളിവുഡിൽ ഇരു യൂണിയനുകളും ചേർന്നു നടത്തുന്ന ആദ്യ സമരമായി ഇതു മാറിയിരുന്നു.

മൂലകാരണം AI

സിനിമകളും ടിവി ഷോകളും ഓൺലൈനിൽ പ്രദർശിപ്പിച്ച് നിർമാണക്കമ്പനികളും സ്ട്രീമിങ് സ്ഥാപനങ്ങളും വലിയ ലാഭമുണ്ടാക്കുമ്പോൾ എഴുത്തുകാർക്കും അതിന്റെ പങ്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് മേയ് രണ്ടിനാണു സമരം ആരംഭിച്ചത്. നിർമിത ബുദ്ധി (Artificial Intelligence-AI) സിനിമാമേഖലയിൽ കടന്നുവരുന്നത് നിലനിൽപിനു ഭീഷണിയാകുമെന്നതും തൊഴിൽ ചൂഷണം വർധിപ്പിക്കാൻ ഇടയാക്കുമെന്നതുമാണ് എഴുത്തുകാരെ പ്രകോപിപ്പിച്ചത്. തിരക്കഥകൾ എഐ രചിക്കുകയും അതിന്റെ പോളിഷിങ്ങിനു മാത്രം എഴുത്തുകാരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോൾ വേതനം ഗണ്യമായി കുറയുമെന്നായിരുന്നു അവരുടെ ഭയം.

പഴയ സിനിമകൾ ടിവിയിൽ കാണിക്കുന്നതിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് 1960കളിലും വിഡിയോ കസെറ്റുകൾ വ്യാപകമായപ്പോൾ അതിൽനിന്നുള്ള വരുമാനം ആവശ്യപ്പെട്ട് 1980കളിലും റൈറ്റേഴ്സ് ഗിൽഡ് സമാനസമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലെ പരമ്പരകൾ ഏതാനും എപ്പിസോഡിൽ ഒതുങ്ങുന്നതിനാൽ പ്രതിഫലം ഗണ്യമായി കുറയുന്നതായി അഭിനേതാക്കളും പരാതിപ്പെടുന്നു.

നഷ്ടം 500 കോടി!

ഭൂരിഭാഗം സിനിമകളുടെയും ടിവി പരിപാടികളുടെയും നിർമാണം തടസ്സപ്പെടുത്തി 150 ദിവസത്തിലേറെയായി നടന്നുവന്ന സമരം അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നിരുന്നു. കലിഫോർണിയ, ന്യൂ മെക്സിക്കോ, ജോർജിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് ഹോളിവുഡ് സിനിമ, ടെലിവിഷൻ നിർമാണത്തിൽ ഭൂരിഭാഗവും നടക്കുന്നത്. സമരംമൂലം സിനിമാമേഖലയ്ക്ക് 500 കോടി ഡോളറിന്റെ നഷ്ടമെങ്കിലും ഉണ്ടായെന്നാണു പ്രാഥമിക കണക്ക്. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലയിലുള്ളവരുടെ വരുമാനമാർഗവും മാസങ്ങളായി തടസ്സപ്പെട്ടു.

English Summary:

Hollywood Strike Over Winner Videsha Visesham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com